കള്ളം പ്രചരിപ്പിച്ച് അപമാനിക്കരുത്! തനിക്കെതിരെ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളെന്ന് മോറീഞ്ഞോ
ക്ലബുകളില്‍ തനിക്ക് കീഴില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പതിനൊന്ന് പേരെ മുന്‍താരം ജോണ്‍ ഒബി മികേലുമായി സംസാരിക്കവേ മോറീഞ്ഞോതെരഞ്ഞെടുത്തു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍
റോം: തനിക്ക് കീഴില്‍ കളിച്ച താരങ്ങളില്‍ നിന്ന് സ്വപ്ന ടീമിനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വിഖ്യാത പരിശീലകന്‍ ഹൊസെ മോറീഞ്ഞോ. ഇത്തരമൊരു ടീമിനെ താനൊരിക്കലും തെരഞ്ഞെടുക്കില്ലെന്നും മോറീഞ്ഞോ പറഞ്ഞു. റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ഇന്റര്‍ മിലാന്‍, ചെല്‍സി, പോര്‍ട്ടോ തുടങ്ങിയ യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്‍ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഹൊസെ മോറീഞ്ഞോ.
നിലവില്‍ ഇറ്റാലിയന്‍ ക്ലബ് റോമയുടെ പരിശീലകന്‍. ഈ ക്ലബുകളില്‍ തനിക്ക് കീഴില്‍ കളിച്ച താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പതിനൊന്ന് പേരെ മുന്‍താരം ജോണ്‍ ഒബി മികേലുമായി സംസാരിക്കവേ മോറീഞ്ഞോതെരഞ്ഞെടുത്തു എന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. പീറ്റര്‍ ചെക്ക്, വില്യം ഗാലസ്, റിക്കാര്‍ഡോ കാര്‍വാലോ, ജോണ്‍ ടെറി, ഹവിയര്‍ സനേറ്റി, ക്ലോഡ് മക്കലെലെ, ഫ്രാങ്ക് ലാംപാര്‍ഡ്, മെസൂറ്റ് ഓസില്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ദിദിയര്‍ ദ്രോഗ്ബ, ഈഡന്‍ ഹസാര്‍ഡ് എന്നിവരാണ് ഈ പതിനൊന്നുപേര്‍.
എന്നാല്‍ താന്‍ ഇത്തരമൊരു ടീം തെരഞ്ഞെടുത്തിട്ടില്ലെന്നും, ഇങ്ങനെയൊരു ടീമിനെ തെരഞ്ഞെടുക്കാന്‍ തനിക്ക കഴിയില്ലെന്നും മോറീഞ്ഞോ. ലോകത്തിലെ നിരവധി മികച്ച താരങ്ങള്‍ തനിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. കളിക്കളത്തില്‍ ആത്മാവും ചോരയും തനിക്കായി സമപ്പിച്ചവരാണ് എല്ലാവരും. ഇവരില്‍ നിന്ന് പതിനൊന്നു പേരെ മാത്രം തെരഞ്ഞെടുത്താന്‍ കഴിയില്ല. തനിക്ക് കീഴില്‍ കളിച്ചവരെയെല്ലാം ബഹുമാനിക്കുന്നു. അവരെല്ലാവരും തന്റെ സ്വപ്ന ഇലവനില്‍ ഉണ്ടാവും.
തെറ്റായ വാര്‍ത്തകള്‍ നല്‍കി തന്നെയും തനിക്ക് കീഴില്‍ കളിച്ചവരേയും അപമാനിക്കരുതെന്നും മോറീഞ്ഞോ പറയുന്നു. മോറീഞ്ഞോയ്ക്ക് കീഴില്‍ റോമ മികച്ച ഫോമിലാണ്. 15 മത്സരങ്ങളില്‍ 25 പോയിന്റുള്ള അവര്‍ നാലാം സ്ഥാനത്താണ്. ഇന്റര്‍ മിലാനാണ് ഒന്നാമത്.