യൂറോ കപ്പ് ഇലവൻ, 6 സ്പാനിഷ് താരങ്ങള്‍ ടീമില്‍, എംബാപ്പെയ്ക്കും ഹാരി കെയ്നിനും ഇടമില്ല
മധ്യനിരയിൽ സ്പാനിഷ്താരങ്ങളുടെ സമ്പൂർണ ആധിപത്യമാണുള്ളത്. റോഡ്രി, ഡാനി ഓൾമോ, ഫാബിയൻ റൂയിസ് എന്നിവർ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി.
മ്യൂണിക്: യുറോ കപ്പ് ടീം ഓഫ് ദി ടൂർണമെന്‍റിൽ സ്പാനിഷ് ആധിപത്യം. ചാമ്പ്യൻമാരായ സ്പെയിനിന്‍റെ ആറ് താരങ്ങൾ യൂറോ കപ്പ് ടീമിൽ ഇടംപിടിച്ചു. ഓരോ മത്സരത്തിലെയും താരങ്ങളുടെ വ്യക്തിഗത മികവും ഇത് ടീമിലുണ്ടാക്കിയ സ്വാധീനവും വിലയിരുത്തിയാണ് യുവേഫയുടെ പന്ത്രണ്ടംഗ ടെക്നിക്കൽ കമ്മിറ്റി യൂറോ കപ്പ് ഇലവനെ തെരഞ്ഞെടുത്തത്. 4-3-3 ഫോർമേഷനിലുള്ള ടീമിന്റെ ഗോൾകീപ്പർ ഫ്രാൻസിന്‍റെ മൈക് മൈഗ്നൻ. പ്രതിരോധത്തിൽ ഇംഗ്ലണ്ടിന്‍റെ കെയ്ൽ വാക്കർ, ഫ്രാൻസിന്‍റെ വില്യം സാലിബ, സ്വിറ്റ്സർലൻഡിന്‍റെ മാനുവേൽ അകാൻജി, സ്പെയ്നിന്‍റെ മാർക്ക് കുക്കുറേല. മധ്യനിരയിൽ സ്പാനിഷ്താരങ്ങളുടെ സമ്പൂർണ ആധിപത്യമാണുള്ളത്.
റോഡ്രി, ഡാനി ഓൾമോ, ഫാബിയൻ റൂയിസ് എന്നിവർ എതിരാളികളെയെല്ലാം നിഷ്പ്രഭരാക്കി മധ്യനിരയില്‍ ഇടം നേടി. മുന്നേറ്റത്തിൽ ലാമിൻ യമാലും നിക്കോ വില്യംസും വിംഗർമാരായി ഇടംപിടിച്ചപ്പോൾ സെന്‍റർ ഫോർവേഡായി തെരഞ്ഞെടുക്കപ്പെട്ടത് ജർമ്മനിയുടെ ജമാൽ മുസിയാല. കിലിയൻ എംബാപ്പേ, ജൂഡ് ബെല്ലിംഗ്ഹാം, ഹാരി കെയ്ൻ, കോഡി ഗാപ്കോ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടംപിടിക്കാനായില്ല.
ഫാബിയോ കപെല്ലോ, ഡേവിഡ് മോയസ്, റാഫേൽ ബെനീറ്റസ്, അവ്രം ഗ്രാന്റ്, ഫ്രാങ്ക് ഡിബോയർ, ഒലേ ഗണ്ണാർ സോൾഷെയർ തുടങ്ങിയവർ ഉൾപ്പെട്ടതാണ് മികച്ച താരങ്ങളെ കണ്ടെത്തിയ യുവേഫയുടെ പന്ത്രണ്ടംഗ ടെക്നിക്കൽ സമിതി.
യൂറോ ടീം ഓഫ് ദ് ടൂര്‍ണമെന്‍റ്: മൈക്ക് മൈഗ്നാൻ (ഫ്രാൻസ്); കൈൽ വാക്കർ (ഇംഗ്ലണ്ട്), മാനുവൽ അകാൻജി (സ്വിറ്റ്സർലൻഡ്), വില്യം സലിബ (ഫ്രാൻസ്), മാർക്ക് കുക്കുറെല്ല (സ്പെയിൻ); റോഡ്രി (സ്പെയിൻ), ഡാനിയൽ ഓൾമോ (സ്പെയിൻ), ഫാബിയൻ റൂയിസ് (സ്പെയിൻ); ലാമിൻ യമാൽ (സ്പെയിൻ), ജമാൽ മുസിയാല (ജർമ്മനി), നിക്കോ വില്യംസ് (സ്പെയിൻ).
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക