സ്പെയിനിന്‍റെ മൂന്നടിയില്‍ ക്രൊയേഷ്യയുടെ കഥ കഴിഞ്ഞു, മോഡ്രിച്ചിനും സംഘത്തിനും തോല്‍വിത്തുടക്കം
ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ആദ്യ അര മണിക്കൂറില്‍ ഗ്രൗണ്ടില്‍ കണ്ടത്. ക്രൊയേഷ്യക്ക് മധ്യനിരയില്‍ സ്ഥലം അനുവദിക്കാതെ ഇടപെട്ട സ്പാനിഷ് മധ്യനിര മോഡ്രിച്ചിനെ കളം നിറഞ്ഞ് കളിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു.
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍. ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ആല്‍വാരോ മൊറട്ട, ഫാബിയാന്‍ റൂയിസ്, ഡാനി കാര്‍വജാള്‍ എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് സ്പെയിന്‍ ക്രൊയേഷ്യയുടെ കഥ കഴിച്ചത്. പാസിംഗിലും പന്തടക്കത്തിലും വേഗത്തിലും സ്പെയിനിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യക്ക് ഫിനിഷിംഗിലെ പോരായ്മ മൂലം പെനല്‍റ്റി കിക്കില്‍ നിന്ന് ആശ്വാസഗോള്‍ പോലും കണ്ടെത്താനായില്ല.
ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു ആദ്യ അര മണിക്കൂറില്‍ ഗ്രൗണ്ടില്‍ കണ്ടത്. ക്രൊയേഷ്യക്ക് മധ്യനിരയില്‍ സ്ഥലം അനുവദിക്കാതെ ഇടപെട്ട സ്പാനിഷ് മധ്യനിര മോഡ്രിച്ചിനെ കളം നിറഞ്ഞ് കളിക്കാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു. ആദ്യ അരമണിക്കൂര്‍ മധ്യനിരയില്‍ കേന്ദ്രീകരിച്ച കളിയില്‍ അപ്രതീക്ഷിതമായാണ് സ്പെയിന്‍ ലീഡെടുത്തത്. 29-ാം മിനിറ്റില്‍ ക്രൊയേഷന്‍ പ്രതിരോധത്തെ കീറിമുറിച്ച് ഫാബിയാന്‍ റൂയിസ് നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത് മൊറാട്ട തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് ക്രോയേഷ്യയുടെ ഗോള്‍ വലയനക്കി. തൊട്ട് പിന്നാലെ പ്രത്യാക്രമണത്തില്‍ ക്രൊയേഷ്യ നടത്തിയ മുന്നേറ്റം പക്ഷെ സ്പെയിന്‍ ഗോള്‍ കീപ്പര്‍ ഉനായ് സിമോണിന്‍റെ കൈക്കരുത്തില്‍ ഒതുങ്ങി.
യൂറോയില്‍ സ്വിറ്റ്സര്‍ലന്‍ഡിന് ത്രീ സ്റ്റാര്‍ വിജയം; ഹംഗറിയെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളിന്
ഒരു ഗോള്‍ ലീഡിന്‍റെ ആവേശത്തില്‍ ആക്രമിച്ചു കളിച്ച സ്പെയിന്‍ മൂന്ന് മിനിറ്റിനകം ലീഡുയര്‍ത്തി. ലമാലും പെഡ്രിയും ചേന്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ലഭിച്ച പന്ത് ഫാബിയാന്‍ റൂയിസ് ആണ് ക്രോയേഷ്യന്‍ പോസ്റ്റില്‍ നിക്ഷേപിച്ചത്. മൂന്ന് മിനിറ്റനകം വീണ രണ്ട് ഗോളുകള്‍ ക്രോയേഷ്യയെ ഞെട്ടിച്ചു. പിന്നാലെ ബോറോസോവിച്ച് നടത്തിയ മുന്നേറ്റം സിമോണിന്‍റെ രക്ഷപ്പെടുത്തലില്‍ ഗോളാകാതെ പോയത് ക്രോയേഷ്യക്ക് തിരിച്ചടിയായി. രണ്ട് ഗോള്‍ ലീഡിലും നിര്‍ത്തിയില്ല സ്പെയിന്‍. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ലഭിച്ച കോര്‍ണര്‍ കിക്ക് ഷോര്‍ട്ട് കോര്‍ണറായി എടുത്തശേഷം പന്ത് ലഭിച്ച ലമാല്‍ അളന്നു മുറിച്ച് നല്‍കിയ ക്രോസില്‍ അപ്രതീക്ഷിതമായി ചാടി വീണ ഡാനി കാര്‍വജാളിന്‍റെ മാസ്മരിക ഫിനിഷംഗില്‍ ക്രോയേഷ്യ തളര്‍ന്നു.
#EURo2024 #spainvcro #espvcro #soccer #football #itvsport is the goalkeeper not over the line too? pic.twitter.com/GuL4zQceSw
— Duane Greenaway (@DuaneGreenaway) June 15, 2024
രണ്ടാം പകുതിയില്‍ ഗോളിലേക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ക്രോയേഷ്യക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. ഇതിനിടെ 53-ാം മിനിറ്റില്‍ സ്പെയിന്‍ നാലാം ഗോളിന് അടുത്തെത്തിയെങ്കിലും ലിവാകോവിച്ച് രക്ഷകനായി.65ാം മിനിറ്റില്‍ ലൂക്ക മോഡ്രിച്ചിനെ പിന്‍വലിച്ച് മരിയോ പസാലിച്ചിനെ ക്രോയേഷ്യ ഗ്രൗണ്ടിലിറക്കി. ആശ്വാസ ഗോളിനായുള്ള ക്രോയേഷ്യയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ 78-ാം മിനിറ്റില്‍ ബ്രൂണോ പെറ്റ്കോവിച്ചിനെ ബോക്സില്‍ റോഡ്രി ഫൗള്‍ ചെയ്തിന് ക്രൊയേഷ്യക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത പെറ്റ്കോവിച്ചിന് പക്ഷെ ഉനായ് സിമോണിന്‍റെ കൈക്കരുത്തിന് മുന്നില്‍ പിഴച്ചു. 81-ാം മിനിറ്റില്‍ ക്രൊയേഷ്യ സ്പെയിന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വാര്‍ റിവ്യൂവില്‍ ഗോള്‍ നഷ്ടമായി.
ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും അല്‍ബേനിയയും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ സ്പെയിന്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക