യൂറോ ഇന്നാവേശം; ഇംഗ്ലണ്ടിനെ അടിക്കുമോ സ്വിറ്റ്‌സര്‍ലന്‍ഡ്, നെതർലൻഡ്‌സ്-തുര്‍ക്കി ക്വാര്‍ട്ടറും രാത്രി
കണക്കിലെ കളിയിൽ സ്വിറ്റ്സർലന്‍ഡിനേക്കാൾ മുൻതൂക്കം ഇംഗ്ലണ്ടിനുണ്ട്, എങ്കിലും എന്താകും മത്സരഫലം
മ്യൂണിക്ക്: യൂറോ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ഇന്നറിയാം. ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് രാത്രി 9.30ന് സ്വിറ്റ്സർലൻഡിനെയും നെതർലൻഡ്‌സ് രാത്രി 12.30ന് തുർക്കിയെയും നേരിടും. സ്‌പെയിനും ഫ്രാന്‍സും ഇതിനകം സെമിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് ജയിക്കുന്നവര്‍ തമ്മിലാണ് രണ്ടാം സെമി.
കണക്കിലെ കളിയിൽ സ്വിറ്റ്സർലന്‍ഡിനേക്കാൾ മുൻതൂക്കം ഇംഗ്ലണ്ടിനുണ്ട്. എന്നാൽ ആദ്യ കിരീടം സ്വപ്നം കാണുന്ന ഇംഗ്ലീഷുകാർക്ക് കാര്യങ്ങൾ എളുപ്പമാകില്ല. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിയെ വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡ് വരുന്നത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീക്വാർട്ടറില്‍ സ്വിറ്റ്സർലൻഡിന്‍റെ ജയം. ഇംഗ്ലണ്ട് ആകട്ടെ സ്ലൊവാക്കിയക്കെതിരെ നാടകീയമായി ജയിച്ച് ക്വാര്‍ട്ടറിലേക്ക് കടന്നുകൂടുകയായിരുന്നു. ജൂഡ് ബെല്ലിംഗ്‌ഹാമും ഹാരി കെയ്നും ബുക്കായ സാക്കയും അടങ്ങുന്ന ഇംഗ്ലീഷ് സൂപ്പർതാരനിര പ്രതീക്ഷ കാത്തില്ലെങ്കിൽ സ്വിസ് വിജയഭേരി പ്രതീക്ഷിക്കാം. ആരാധക രോഷം മറികടക്കാൻ പരിശീലകൻ സൗത്ത്‌ഗേറ്റിനും മത്സരം നിർണായകമാണ്. പാറിക്കളിക്കുന്ന സ്വിസ് നിരയുടെ പ്രതിരോധവും ഇംഗ്ലണ്ടിന് കടുകട്ടിയാവും.
യുവതുർക്കികൾക്കെതിരെ അവസാന ക്വാർട്ടറിനിറങ്ങുന്ന നെതർലൻഡ്സിനും വഴികൾ എളുപ്പമാവില്ല. റയൽ മാഡ്രിഡ് താരം ആർദ ഗുലറിനെ പിടിച്ചുകെട്ടുകയാവും ഓറഞ്ച് ആർമിയുടെ പ്രധാന വെല്ലുവിളി. ഗ്രൂപ്പ് ഘട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തിയ ഓസ്ട്രിയയെ മറികടന്നാണ് തുർക്കിയുടെ വരവ്. റൊമാനിയയെ മൂന്ന് ഗോളിന് തകർത്ത നെതർലൻഡ്സ് നിരയിൽ കോഡി ഗാക്പോയും ഡോണെൽ മാലനും അപകടകാരികളാണ്. വിർജിൽ വാൻഡൈക്ക് നയിക്കുന്ന ഓറഞ്ച് പ്രതിരോധവും ശക്തം.
Read more:
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം