യൂറോ പുരസ്കാരങ്ങളിലും സ്പാനിഷ് വസന്തം; റോഡ്രി മികച്ച താരം, യമാല്‍ യങ് പ്ലെയര്‍, ഗോള്‍ഡണ്‍ ബൂട്ട് 6 പേര്‍ക്ക്
യൂറോ 2024ന്റെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ച് സ്പെയിന് ചാമ്പ്യന്മാരായിരുന്നു
ബര്‍ലിന്‍: യൂറോ കപ്പ് 2024ലെ വ്യക്തിഗത പുരസ്കാരങ്ങൾ തൂത്തുവാരി സ്പാനിഷ് താരങ്ങൾ. സ്പെയ്ന്റെ റോഡ്രി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കൗമാര വിസ്മയം ലാമിൻ യമാലാണ് മികച്ച യുവതാരം.
ലാമിൻ യമാല്‍ എന്ന വരുംകാല താരത്തിന്റെ വരവറിയിക്കലായി യൂറോ 2024. ഈ യൂറോയില്‍ നാല് അസിസ്റ്റുകൾക്കൊപ്പം തൊട്ടതെല്ലാം റെക്കോർഡാക്കി മാറ്റിയ സ്പാനിഷ് 17കാരന് യംഗ് പ്ലെയർ അവാർഡിന് എതിരാളികളില്ലായിരുന്നു. മധ്യനിരയിൽ സ്പാനിഷ് കുതിപ്പിന്റെ ഗതിയും വിധിയും നിയന്ത്രിച്ച റോഡ്രിയാണ് ടൂർണമെന്റിന്റെ താരം. ഫൈനലിലെ മികച്ച താരമായി സ്പെയ്നിന്റെ ഇടത് വിങിലെ യുവരക്തം നിക്കോ വില്യംസ് തെരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരില്‍ നിക്കോ വലചലിപ്പിച്ചിരുന്നു. ലാമിൻ യമാല്‍-നിക്കോ വില്യംസ് കൂട്ടുകെട്ടാണ് ടൂര്‍ണമെന്റില്‍ സ്പാനിഷ് കുതിപ്പിന് പ്രധാന ഊര്‍ജമായത്. മൂന്ന് ഗോൾ വീതം നേടിയ ഡാനി ഓൽമോ, ഹാരി കെയ്ൻ, കോഡി ഗാക്പോ, ജമാൽ മുസ്യാല, ഇവാൻ സ്ക്രാൻസ്, ജോർജസ് മികൗറ്റാഡ്സേ എന്നിവർ ടോപ് സ്കോറർക്കുള്ള ഗോൾഡൺ ബൂട്ട് പങ്കിട്ടു.
യൂറോ 2024ന്റെ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോൽപിച്ച് സ്പെയിന് ചാമ്പ്യന്മാരായിരുന്നു. സ്പെയ്നായി നിക്കോ വില്യംസും മികേൽ ഓയർസബാലുമാണ് ഗോളുകള്‍ നേടിയതെങ്കില്‍ കോള്‍ പാല്മറിലൂടെയായിരുന്നു ഇംഗ്ലണ്ടിന്റെ ഏക മറുപടി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ തോൽക്കുന്നത്. നാലാം കിരീടം നേടിയ സ്പെയ്ൻ ഏറ്റവും കൂടുതൽ തവണ യൂറോ കപ്പ് നേടുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി. ഈ ടൂർണമെന്റിലെ എല്ലാ കളിയും ജയിച്ചാണ് സ്പെയന്റെ വിജയേഭേരി.
Read more: ആഹാ അര്‍മാദം, സ്പാനിഷ് അര്‍മാദം! ഇംഗ്ലണ്ടിനെ തീര്‍ത്ത് സ്പെയ്ന്‍; യൂറോപ്പിന്റെ നെറുകയില്‍ ലാ റോജ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം