യൂറോയില്‍ റൊമാനിയന്‍ ആവേശത്തിരമാല, യുക്രെയ്‌നെ മൂന്നടിച്ച് വീഴ്‌ത്തി; കൈകളും കാലുകളും ചോര്‍ന്ന് ലൂനിന്‍
യുക്രെയ്‌ന്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ സ്റ്റാര്‍ ഗോളി ലൂനിന്‍റെ പിഴവില്‍ നിന്നായിരുന്നു
മ്യൂണിക്ക്: യൂറോ കപ്പ് 2024ല്‍ ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ യുക്രെയ്‌നെ അനായാസം തോല്‍പിച്ച് റൊമാനിയ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് റൊമാനിയയുടെ വിജയം. നിക്കോള സ്റ്റാന്‍ഷ്യൂ, റാസ്‌വാന്‍ മരൈന്‍, ഡെന്നിസ് ഡ്രാഗ്യൂഷ് എന്നിവരാണ് റൊമാനിയക്കായി ഗോള്‍ നേടിയത്. മേജര്‍ ടൂര്‍ണമെന്‍റുകളില്‍ (ലോകകപ്പ്, യൂറോ) റൊമാനിയയുടെ ഏറ്റവും വലിയ വിജയമാണിത്. വെറും 28 ശതമാനം ബോള്‍ പൊസഷന്‍ കൈവശം വച്ചാണ് റൊമാനിയയുടെ ജയം. യുക്രെയ്‌ന്‍ വഴങ്ങിയ രണ്ട് ഗോളുകള്‍ സ്റ്റാര്‍ ഗോളി ലൂനിന്‍റെ പിഴവില്‍ നിന്നായിരുന്നു.
ലൂനിന്‍റെ പിഴവ്, റൊമാനിയയുടെ ഗോള്‍
മത്സര ഫുട്ബോളില്‍ ആദ്യമായി മുഖാമുഖം വന്നതിന്‍റെ എല്ലാ വാശിയും യുക്രെയ്‌ന്‍-റൊമാനിയ മത്സരത്തിലുണ്ടായിരുന്നു. തുടക്കത്തില്‍ മുന്‍തൂക്കം യുക്രെയ്‌നായിരുന്നെങ്കിലും 29-ാം മിനുറ്റില്‍ റൊമാനിയ മുന്നിലെത്തി. യുക്രെയ്‌ന്‍റെ റയല്‍ മാഡ്രിഡ് ഗോളി ലൂനിന്‍റെ കാലില്‍ നിന്നുണ്ടായ പിഴവില്‍ നിന്നാണ് റൊമാനിയ 29-ാം മിനുറ്റില്‍ മുന്‍തൂക്കം നേടിയത്. ബാക്ക് പാസ് സ്വീകരിച്ച ശേഷം കണക്കുകൂട്ടലുകള്‍ പാളിപ്പോയ ആൻഡ്രി ലൂനിന്‍റെ ക്ലിയറന്‍സില്‍ വീണുകിട്ടിയ പന്ത് മുതലാക്കി റൊമാനിയ ക്യാപ്റ്റനും മിഡ്‌ഫീല്‍ഡറുമായ നിക്കോള സ്റ്റാന്‍ഷ്യൂ വലയുടെ ഇടതുമൂലയില്‍ ബോള്‍ മഴവില്‍ വളയത്തില്‍ അടിച്ചിറക്കുകയായിരുന്നു. അവിശ്വനീയതയോടെ കണ്ടുനില്‍ക്കാനെ അലയന്‍സ് അരീനയിലെ യുക്രെയ്‌ന്‍ ആരാധകര്‍ക്കായുള്ളൂ.
വീണ്ടും വീണ്ടും റൊമാനിയ
രണ്ടാംപകുതിയുടെ 53-ാം മിനുറ്റില്‍ യുക്രെയ്‌നെ കൂടുതല്‍ പ്രതിസന്ധിയിലാക്കി റൊമാനിയ മിഡ്‌ഫീല്‍ഡര്‍ റാസ്‌വാന്‍ മരൈന്‍റെ ലോങ് റേഞ്ചര്‍ വലയിലെത്തി. മൈതാനത്തിന്‍റെ മധ്യഭാഗത്ത് നിന്നുള്ള റൊമാനിയയുടെ അതിവേഗ നീക്കത്തിനൊടുവില്‍ മരൈന്‍ തൊടുത്ത മിസൈല്‍ ഷോട്ടില്‍ ലൂനിന്‍ കൃത്യമായി ഡൈവ് ചെയ്‌തെങ്കിലും പന്ത് ഗ്ലൗവിന് താഴെയിലൂടെ വലയിലെത്തി. പിന്നാലെ ഇരട്ട ആക്രമണവുമായി യുക്രെയ്‌ന് റൊമാനിയ കൂടുതല്‍ മുന്നറിയിപ്പ് നല്‍കി. ഒട്ടുംവൈകാതെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ മൂന്നാം ഗോളും കുറിച്ച് റൊമാനിയ കളംകീഴടക്കി. 57-ാം മിനുറ്റിലെ കോര്‍ണര്‍ കിക്കില്‍ നിന്ന് യുക്രെയ്‌ന്‍ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ സ്റ്റാന്‍ഷ്യൂവിന്‍റെ ആദ്യ ഷോട്ട് ഡിഫന്‍സ് തടുത്തെങ്കിലും മാന്‍റെ തൊട്ടടുത്ത ഷോട്ട് സ്‌ട്രൈക്കര്‍ ഡെന്നിസ് ഡ്രാഗ്യൂഷിന്‍റെ ഫൈനല്‍ ടച്ചിലൂടെ ഗോളായി മാറുകയായിരുന്നു.
ഇതിന് ശേഷം 77-ാം മിനുറ്റിലാണ് മത്സരത്തില്‍ യുക്രെയ്‌ന്‍റെ ആദ്യ ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പിറക്കുന്നത്. എന്നാല്‍ ഇത് റൊമാനിയ ഗോള്‍കീപ്പര്‍ ഫ്ലോറിന്‍ തടുത്തിടുകയും ചെയ്തു. പല സബ്സ്റ്റിറ്റ്യൂട്ടുകളെയും പരീക്ഷിച്ചെങ്കിലും മറുപടി നല്‍കാന്‍ അവസാന വിസില്‍ വരെ യുക്രെയ്‌ന് സാധിച്ചില്ല. നാല് മിനുറ്റ് ഇഞ്ചുറിടൈമിനിടെ യുക്രെയ്ന്‍റെ ഓരോ ഗോള്‍ശ്രമങ്ങള്‍ ക്രോസ് ബാറിലും ഗോളിയിലും തട്ടി പാഴായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം