യൂറോ കപ്പില്‍ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യക്ക് ഇന്ന് ജിവന്‍മരണ പോരാട്ടം; തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം
മരണ ഗ്രൂപ്പിൽ തോക്കിൻമുനയിലാണ് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ. സ്പെയിനോട് മൂന്ന് ഗോളിന് അടിയറവ് പറഞ്ഞതോടെ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ക്രൊയേഷ്യയിപ്പോള്‍.
മ്യൂണിക്ക്: യൂറോ കപ്പിൽ ക്രൊയേഷ്യക്ക് ഇന്ന് നിലനിൽപിന്‍റെ പോരാട്ടം. വൈകിട്ട് 6.30ന് തുടങ്ങുന്ന കളിയിൽ അൽബേനിയയാണ് എതിരാളികൾ. പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ജർമ്മനി രാത്രി ഒൻപതരയ്ക്ക് ഹംഗറിയുമായി ഏറ്റുമുട്ടും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റൊരു കളിയിൽ സ്വിറ്റ്സർലൻഡ്, സ്കോട്‍ലൻഡുമായി ഏറ്റുമുട്ടും.
മരണ ഗ്രൂപ്പിൽ തോക്കിൻമുനയിലാണ് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ. സ്പെയിനോട് മൂന്ന് ഗോളിന് അടിയറവ് പറഞ്ഞതോടെ ഗ്രൂപ്പ് ബിയിൽ അവസാന സ്ഥാനത്താണ് ക്രൊയേഷ്യയിപ്പോള്‍. ഇറ്റലിയോട് തോറ്റ അൽബേനിയയും തുല്യ ദുഖിതരാണ്. പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയിക്കാതെ രക്ഷയില്ല. ഇന്ന് തോൽക്കുന്നവർക്ക് നാട്ടിലേക്ക് ടിക്കറ്റുറപ്പിക്കാം.
'ആ ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോഴേ ഭയം തോന്നുന്നു', മെസിയുടെ വിരമിക്കലിനെക്കുറിച്ച് ഡി പോള്‍
ലൂക്ക മോഡ്രിച്ചിന്‍റെ കാലുകളിലേക്ക് തന്നെയാണ് ക്രൊയേഷ്യ ഇന്നും ഉറ്റു നോക്കുന്നത്. ജീവൻമരണ പോരാട്ടമായതിനാൽ മുന്നേറ്റത്തിലും മധ്യനിരയിലും ടീമിൽ മാറ്റത്തിന് സാധ്യതയുണ്ട്. ഇരു ടീമും ഇതാദ്യമായാണ് നേര്‍ക്കുനേര്‍ വരുന്നത്. സ്പെയിനിനെതിരെ ക്രൊയേഷ്യ അടപടലം തോറ്റെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിക്കെതിരെ വീറുറ്റ പോരാട്ടമാണ് അല്‍ബേനിയ നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ബേനിയ തോറ്റത്.
ഗ്രൂപ്പ് എയിൽ നിന്ന് ആതിഥേയരായ ജർമ്മനി പ്രീ ക്വാർട്ടർ ലക്ഷ്യമിടുമ്പോൾ കറുത്ത കുതിരകൾ ആവുമെന്ന് പ്രതീക്ഷിച്ച ഹംഗറിക്ക് നിലനിൽപിന്‍റെ പോരാട്ടമാണ്. സ്കോട്‍ലൻഡിനെ 5-1ന് തകർത്തെറിഞ്ഞാണ് ജർമ്മൻ ടാങ്കുകള്‍ വരുന്നത്. എന്തിനും പോന്ന താരനിരയാണ് ജർമ്മനിയുടെ കരുത്ത്.
സ്വിറ്റ്സർലൻഡിനോട് തോറ്റ ഹംഗറിയെ ജയത്തിൽ കുറഞ്ഞതൊന്നും രക്ഷിക്കില്ല. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റൊരു കളിയിൽ സ്വിറ്റ്സർലൻഡ്, സ്കോട്‍ലൻഡുമായി ഏറ്റുമുട്ടും. ആദ്യകളി ജയിച്ച സ്വിറ്റ്സർലൻഡിനാണ് മേൽക്കൈ. നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്താൻ സ്കോട്‍ലൻഡിനും ജയം അനിവാര്യമാണ്. ജര്‍മനിക്കെതിരെ ചുവപ്പു കാര്‍ഡ് ലഭിച്ച റിയാന്‍ പോര്‍ട്യുസ് ഇന്ന് സ്കോട്‌ലന്‍ഡ് നിരയിലുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക