യൂറോയിലെ 'ആറാം തമ്പുരാനായി' അപൂർവ റെക്കോര്‍ഡിടാൻ റൊണാള്‍ഡോ; കാരണവരാവാൻ പെപ്പെയും
ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെടും. ഏറ്റവുമധികം യൂറോ കപ്പുകളിൽ കളിച്ച താരമെന്ന റെക്കോര്‍ഡ്.
മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ന് റെഡ് ബുൾ അരീനയിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങുമ്പോള്‍ പോർച്ചുഗൽ താരങ്ങളായ ക്രിസ്റ്റാനോ റൊണാൾഡോയെയും വെറ്ററന്‍ താരം പെപ്പെയും കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്. സമീപകാലത്തൊന്നും ആരും തകർക്കാൻ സാധ്യതയില്ലാത്ത ഒരു റെക്കോർഡ്.
കാലം രണ്ട് പതിറ്റാണ്ട് പിന്നിട്ടു. അന്നത്തെ 19കാരന് ഇന്ന് 39 വയസായി. എന്നാല്‍ അന്നും ഇന്നും അതേ വേഗം, ഒരേ ഊർജം. പറയുന്നത് മറ്റാരെക്കുറിച്ചുമല്ല, ലോക ഫുട്ബോളിലെ അദ്ഭുതമായ ഈ യൂറോയിലും പറങ്കികളുടെ കപ്പിത്താനായ ക്രിസ്റ്റ്യാനോ റോണാൾഡോയെക്കുറിച്ച് തന്നെ. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെടും. ഏറ്റവുമധികം യൂറോ കപ്പുകളിൽ കളിച്ച താരമെന്ന റെക്കോര്‍ഡ്.
ഓസ്ട്രിയക്കെതിരെ സെല്‍ഫ് ഗോളില്‍ രക്ഷപ്പെട്ട് ഫ്രാന്‍സ്, ഇരുട്ടടിയായി എംബാപ്പെയുടെ പരിക്ക്
നിലവില്‍ സ്പെയിനിന്‍റെ ഇതിഹാസ ഗോള്‍കീപ്പറായിരുന്ന ഐക്കർ കസിയസിമുയി അഞ്ച് യൂറോ കപ്പ് എന്ന റെക്കോർഡ് പങ്കിടുകയാണ് പോർച്ചുഗീസ് നായകൻ. ഇന്ന് ചെക്കിനെതിരെ ഇറങ്ങിയാല്‍ അത് റൊണോയുടെ ആറാമത്തെ യൂറോ കപ്പാകും. യൂറോ കപ്പില്‍ സമീപകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ്. യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ. ഒമ്പത് ഗോളുകളുമായി ഫ്രഞ്ച് മുൻ താരം മിഷേൽ പ്ലാറ്റിനിയും ഏഴ് ഗോളുകളുമായി ഫ്രാൻസിന്‍റെ അന്‍റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്‍റെ അലൻ ഷിയററുമാണ് പിന്നിലുള്ളത്.
2004ല്‍ റൊണാള്‍ഡോ ആദ്യ യൂറോക്ക് ഇറങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ ഫൈനലിലെത്തിയിരുന്നു. ഇത്തവണ യൂറോയില്‍ രണ്ടാം കിരീട നേട്ടവുമായി റോണോ യൂറോ യാത്ര അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്രിസ്റ്റ്യാനോയുടെ സഹതാരം പെപ്പെയും അപൂർവമായ ഒരു നേട്ടത്തിനരികിലാണ്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇന്ന് ഇറങ്ങിയാൽ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമാകും പെപ്പെ. കഴിഞ്ഞ യൂറോയിൽ കളിച്ച ഹംഗറി ഗോള്‍ കീപ്പര്‍ ഗാബോർ കിറാലെയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 40 വയസും 86 ദിവസവുമായിരുന്നു അന്ന് കിറാലിയുടെ പ്രായം. 41 വയസും 113 ദിവസവും പിന്നിട്ടു പെപ്പെ ഇപ്പോൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക