ഇനി എന്ത് ചെയ്യും മല്ലയ്യാ; യൂറോ സെമിയിലെത്തിയ സ്പെയ്‌ന് കനത്ത തിരിച്ചടി, രണ്ട് താരങ്ങള്‍ പുറത്തിരിക്കണം
യൂറോയുടെ ആതിഥേയരായ ജർമനിയെ വീഴ്ത്തിയാണ് സ്പെയ്ൻ യൂറോ കപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറിയത്
സ്റ്റുട്ട്ഗാർട്ട്: യൂറോ കപ്പ് 2024ല്‍ ജർമനിയെ വീഴ്ത്തി സെമിയിലേക്ക് മുന്നേറിയ സ്പെയ്‌ന് തിരിച്ചടി. സ്പെയ്‌ന്‍റെ രണ്ട് പ്രധാന താരങ്ങൾക്ക് സെമിയിൽ കളിക്കാനാവില്ല. രണ്ട് മഞ്ഞക്കാർഡ് കണ്ട റോബിൻ ലേ നോർമൻഡിനും ചുവപ്പ് കാർഡ് കണ്ട ഡാനി കാർവഹാലിനുമാണ് സെമിഫൈനൽ നഷ്ടമാവുക. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരങ്ങളിലൊരാളാണ് കാര്‍വഹാല്‍. വിജയഗോളിൽ അമിതമായ ആഹ്ലാദ പ്രകടനം നടത്തിയ സ്‌പാനിഷ് ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകിയെങ്കിലും യുവേഫ ഈ കാർഡ് പിൻവലിച്ചു. ഇതോടെ മൊറാട്ടയ്ക്ക് സെമിയിൽ കളിക്കാനാവും.
സ്‌പാനിഷ് മസാലയില്‍ ജര്‍മന്‍ കണ്ണീര്‍
യൂറോയുടെ ആതിഥേയരായ ജർമനിയെ വീഴ്ത്തിയാണ് സ്പെയ്ൻ യൂറോ കപ്പിന്‍റെ സെമി ഫൈനലിലേക്ക് മുന്നേറിയത്. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ആയിരുന്നു സ്പെയ്‌ന്‍റെ വിജയം. പന്തടക്കത്തിലും പാസിംഗിലും ജർമനിയായിരുന്നു ഒരടി മുന്നിൽ. എന്നാല്‍ ജർമൻ പ്രതിരോധം കീറിമുറിച്ചുള്ള യമാലിന്‍റെ പാസിന് ഡാനി ഓൽമോയുടെ വലങ്കാൽ പൂർണതയിലൂടെ 51-ാം മിനുറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. സ്പെയ്ൻ വിജയാഘോഷത്തിന് തയ്യാറെടുത്ത് നിൽക്കേ ഫ്ലോറിയൻ വിർറ്റ്സിലൂടെ 89-ാം മിനുറ്റില്‍ ജര്‍മനിയുടെ മറുപടിയെത്തി. അധികസമയത്ത് സ്പെയ്‌ന്‍റെ രക്ഷകനായി പകരക്കാരൻ മികേൽ മെറിനോ നൂറ്റിപത്തൊൻപതാം മിനിറ്റിൽ ലക്ഷ്യം കണ്ടതോടെ ജര്‍മനി ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി.
ബൂട്ടഴിച്ച് ടോണി ക്രൂസ്
സ്പെയ്നെതിരായ തോൽവിയോടെ ജർമനിയുടെ എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ടോണി ക്രൂസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടി ക്രൂസ് ക്ലബ് ഫുട്ബോളിൽ നിന്നും നേരത്തെ വിരമിച്ചിരുന്നു. മുപ്പത്തിനാലുകാരനായ ക്രൂസ് 114 കളിയിൽ ജർമനിക്കായി 17 ഗോളുകൾ നേടി. 2014ൽ ജർമനിക്കൊപ്പം ഫിഫ ലോകകപ്പ് നേടിയ ക്രൂസ് ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ് ടീമുകൾക്കൊപ്പം ആറ് തവണ ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി. ക്ലബിനും രാജ്യത്തിനുമൊപ്പം ആകെ 34 കിരീട നേട്ടങ്ങളിൽ പങ്കാളിയായി. പതിനേഴാം വയസിൽ ബയേൺ മ്യൂണിക്കിൽ കരിയർ തുടങ്ങിയ ക്രൂസ് 2014ലെ ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം