യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍

ചരിത്ര ജയം കുറിക്കാനിറങ്ങിയ മാന്‍ചീനിയുടെ സംഘത്തെ പൂർണസമയത്ത് വിറപ്പിച്ച ഓസ്‍ട്രിയ അധികസമയത്ത് അടിയറവ് പറയുകയായിരുന്നു

Euro 2020 Italy into quarter finals after beat Austria

വെംബ്ലി: യൂറോ കപ്പില്‍ ഓസ്‍ട്രിയയുടെ ശക്തമായ ഭീഷണി മറികടന്ന് ഇറ്റലി ക്വാർട്ടറില്‍. പ്രീ ക്വാർട്ടറില്‍ ചരിത്ര ജയം കുറിക്കാനിറങ്ങിയ മാന്‍ചീനിയുടെ സംഘത്തെ പൂർണസമയത്ത് വിറപ്പിച്ച ഓസ്‍ട്രിയ എക്‌സ്ട്രാ ടൈമില്‍ അടിയറവ് പറയുകയായിരുന്നു. സൂപ്പർസബുമാരുടെ ഗോളുകളില്‍ 2-1നാണ് അസൂറിപ്പടയുടെ ജയം. യൂറോ ചരിത്രത്തിലെ വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് വിഖ്യാത വെംബ്ലി സ്റ്റേഡിയം സാക്ഷിയായത്. 

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ചെത്തിയ ഇറ്റലി വെംബ്ലിയില്‍ ഇമ്മോബൈല്‍, ബെറാര്‍ഡി, ഇന്‍സൈന്‍ എന്നിവരെ മുന്നിലയച്ച് 4-3-3 ശൈലിയില്‍ കളത്തിലിറങ്ങി. അർനോട്ടോവിച്ചിനെ ആക്രമണത്തിന് നിയോഗിച്ച് ഓസ്‍ട്രിയ 4-2-3-1 മാതൃകയിലും അണിനിരന്നു. പിന്നീട് കണ്ടത് തീപാറും മത്സരം. 

ഇറ്റലിയെ തളച്ച ആദ്യപകുതി

ഇമ്മോബൈല്‍-ബെറാര്‍ഡി-ഇന്‍സൈന്‍ ത്രിമൂർത്തികള്‍ ഓസ്‍ട്രിയന്‍ ഗോള്‍മുഖത്ത് തുടക്കത്തിലെ എത്തിയെങ്കിലും പ്രതിരോധത്തില്‍ തട്ടിനിന്നു. 17-ാം മിനുറ്റില്‍ ബരെല്ലായുടെ ഉഗ്രന്‍ ഷോട്ട് ഓസ്ട്രിയന്‍ ഗോളി കാലുകൊണ്ട് തടുത്തു. 31-ാം മിനുറ്റില്‍ ഇമ്മോബൈല്‍ ലോംഗ് റേഞ്ചർ വർഷിച്ചെങ്കിലും പന്ത് ബാറില്‍ത്തട്ടി തെറിച്ചു. ഇഞ്ചുറിടൈമിലെ ഫ്രീകിക്കും ഇറ്റലി കൈവിട്ടു. ആദ്യപകുതിയില്‍ ഇറ്റാലിയന്‍ ആക്രമണങ്ങളെ ബോക്സില്‍ ചെറുക്കുന്നതില്‍ വിജയിച്ചപ്പോള്‍ ഇടയ്ക്കുള്ള കൌണ്ടർ അറ്റാക്കിലായിരുന്നു ഓസ്‍ട്രിയക്ക് കമ്പം. 36-ാം മിനുറ്റില്‍ ലഭിച്ച ഫ്രീകിക്ക് അലാബ മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ കളി മാറിയേനെ.

നെഞ്ചിടിച്ച് ഇറ്റലി, വാർ കാത്തു!

രണ്ടാംപകുതിയിലും ഡിഫന്‍സ് കാത്തിരുന്ന ഇറ്റലിക്ക് മുന്നില്‍ ഓസ്‍ട്രിയ കൂടുതല്‍ അക്രമകാരിയായി. തുടക്കത്തില്‍ തന്നെ അർനോട്ടോവിച്ച് ഒറ്റയാന്‍ കുതിപ്പ് നടത്തിയെങ്കിലും ഫിനിഷിംഗ് പിഴച്ചു. തൊട്ടുപിന്നാലെ ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്കില്‍ അലാബക്ക് പാളി. പിന്നാലെ നായകന്‍ അലാബ തന്നെ ഓസ്ട്രിയയെ മുന്നിലെത്തിക്കാനുള്ള സുവർണാവസരമൊരുക്കിയിരുന്നു. എന്നാല്‍ 65-ാം മിനുറ്റില്‍ അലാബയുടെ ഹെഡർ ക്രോസില്‍ അർനോട്ടോവിച്ച് വല കുലുക്കിയെങ്കിലും വാറില്‍ ഓഫ്‍സൈഡ് പിടികൂടിയത് വഴിത്തിരിവായി. നിശ്ചിത സമയം ഗോള്‍രഹിതമായതോടെ മത്സരം അങ്ങനെ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 

കളിമാറ്റി സൂപ്പർസബുമാർ

ഇറ്റലിയെ മുന്നിലെത്തിക്കാന്‍ 93-ാം മിനുറ്റില്‍ കിയേസക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഓസ്‍ട്രിയന്‍ ഗോളി മതില്‍ക്കെട്ടി. എന്നാല്‍ തൊട്ടുപിന്നാലെ സ്പിനസോളയുടെ പാസില്‍ മാർക് ചെയ്യപ്പെടാതെ നിന്നിരുന്ന സബ്‍സ്റ്റിറ്റ്യൂട്ട് കിസേയ(95) ഇറ്റലിയെ മുന്നിലെത്തിച്ചു(1-0). 105-ാം മിനുറ്റില്‍ ഇന്‍സൈനയുടെ തകർപ്പന്‍ ഫ്രീകിക്ക് ഗോളി അതിലേറെ ഭംഗിയില്‍ ചെറുത്തു. എന്നാല്‍ വൈകാതെ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ തകർപ്പന്‍ ഫിനിഷിംഗുമായി മറ്റൊരു പകരക്കാരന്‍ പെസീന ഇറ്റലിയുടെ ലീഡ് രണ്ടാക്കി(2-0). സുവർണാവസരങ്ങള്‍ ഓസ്‍ട്രിയ കളഞ്ഞുകുളിച്ചതോടെ അവസാന മിനുറ്റുകള്‍ ഇറ്റലിയുടെ കാല്‍ക്കലായി. 

കലാജിച്ച് 114-ാം മിനുറ്റില്‍ പറക്കും ഹെഡറിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും ഓസ്ട്രിയ മുതലാക്കാന്‍ മറന്നു. പിന്നീടങ്ങോട്ട് സമനില പിടിക്കാന്‍ ഓസ്ട്രിയക്ക് വെംബ്ലിയില്‍ സമയം അവശേഷിച്ചിരുന്നില്ല. എങ്കിലും അതിശക്തരായ ഇറ്റലിയെ വിറപ്പിച്ച വീറുമായി അലാബക്കും സംഘത്തിനും തലയുയർത്തി മടങ്ങാം. 

കൂടുതല്‍ യൂറോ വാർത്തകള്‍...

യൂറോ: വെയ്ല്‍സ് നാണംകെട്ടു, ഡൈനമേറ്റ് പോലെ ഡെന്‍മാർക്ക് ക്വാർട്ടറില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios