പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി; ചെല്‍സിക്കും പോരാട്ടം
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടും.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി. യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേര്‍ക്കുനേര്‍ എത്തും. ഇന്ത്യന്‍സമയം രാത്രി 11 മണിക്ക് യുണൈറ്റഡ് മൈതാനത്താണ് മത്സരം. ഇരുടീമും സീസണിലെ 11-ാം റൗണ്ട് മത്സരത്തിനാണ് ഇറങ്ങുന്നത്. 10 കളിയിൽ യുണൈറ്റഡിന് 19 ഉം സിറ്റിക്ക് 18 ഉം പോയിന്‍റാണുള്ളത്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടും. മിഡ്ഫീല്‍ഡര്‍ ഫ്രെഡ്, യുണൈറ്റഡ് നിരയിലേക്ക് തിരിച്ചെത്തിയേക്കും. ചാമ്പ്യന്‍സ് ലീഗിൽ വിശ്രമം നൽകിയ കവാനിയും മാര്‍ഷ്യാലും കളിക്കുമോയെന്ന് വ്യക്തമല്ല. പരിക്ക് ഭേദമായ സെര്‍ജിയോ അഗ്യൂറോ ചാമ്പ്യന്‍സ് ലീഗില്‍ പകരക്കാരനായി ഇറങ്ങി ഗോളടിച്ചെങ്കിലും ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകില്ലെന്ന് സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി.
തലപ്പത്ത് തിരിച്ചെത്താന്‍ ചെല്‍സി
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ ചെൽസി ഇന്നിറങ്ങും. എവേര്‍ട്ടനാണ് എതിരാളികള്‍. ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. 11 കളിയിൽ 22 പോയിന്‍റുള്ള ചെൽസി നിലവില്‍ മൂന്നാം സ്ഥാനത്താണ്. 24 പോയിന്‍റുള്ള ടോട്ടനവും ലിവര്‍പൂളുമാണ് ചെൽസിക്ക് മുന്നിലുളളത്. ഒക്‌ടോബറിന് ശേഷം മികച്ച ഫോമിലുള്ള ചെൽസി കഴിഞ്ഞ 14 മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല.
ആദ്യ ഇലവനിലെത്തിയ കഴിഞ്ഞ ആറ് മത്സരത്തിലും ഗോള്‍ നേടിയ ഒലിവര്‍ ജിറൂഡിലാണ് ചെൽസിയുടെ പ്രതീക്ഷ. 17 പോയിന്‍റുള്ള എവേര്‍ട്ടൺ ഒന്‍പതാം സ്ഥാനത്താണ്. 2009 മുതൽ 2011 വരെ ചെൽസി കോച്ചായിരുന്ന കാര്‍ലോ ആഞ്ചലോട്ടിയാണ് നിലവില്‍ എവേര്‍ട്ടനെ പരിശീലിപ്പിക്കുന്നത്. വൂള്‍വ്സ്-ആസ്റ്റണ്‍വില്ല, ന്യൂകാസിൽ-വെസ്റ്റ് ബ്രോം മത്സരങ്ങളും ഇന്ന് നടക്കും.
എ ടി കെയെ വിറപ്പിച്ച ഇന്ത്യയുടെ യുവവീര്യം, ലിസ്റ്റണ്‍ കൊളാക്കോ കളിയിലെ താരം