പ്രീമിയര്‍ ലീഗിന് ഇന്ന് തുടക്കം! മാഞ്ചസ്റ്റര്‍ സിറ്റിയുടെ ലക്ഷ്യം തുടര്‍ച്ചയായ നാലാം കിരീടം; തടയാന്‍ ആഴ്‌സനല്‍
ഗുണ്ടോഗന്‍ ബാഴ്‌സലോണയിലേക്കും മെഹറസ് സൗദി ക്ലബിലേക്കും ചേക്കേറിയതോടെ ക്രോയേഷ്യന്‍ താരങ്ങളായ മാതിയോ കൊവാസിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍ എന്നിവരെയാണ് സിറ്റി പകരം ടീമിലെത്തിച്ചത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കം. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമത്സരത്തില്‍ ബേണ്‍ലിയെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ബേണ്‍ലിയുടെ മൈതാനത്താണ് മത്സരം. തുടര്‍ച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. സിറ്റിയുടെ മുന്‍നായകന്‍ വിന്‍സന്റ് കോംപനിയുടെ ശിക്ഷണത്തില്‍ ബേണ്‍ലിയും. പുതിയ താരങ്ങളും തന്ത്രങ്ങളുമായി പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. കഴിഞ്ഞ സീസണില്‍ ഹാട്രിക് കിരീടം നേടിയ സിറ്റി നിരയില്‍ നായകന്‍ ഇല്‍കായ് ഗുണ്ടോഗനും വിംഗര്‍ റിയാദ് മെഹറസുമില്ല.
ഗുണ്ടോഗന്‍ ബാഴ്‌സലോണയിലേക്കും മെഹറസ് സൗദി ക്ലബിലേക്കും ചേക്കേറിയതോടെ ക്രോയേഷ്യന്‍ താരങ്ങളായ മാതിയോ കൊവാസിച്ച്, ജോസ്‌കോ ഗ്വാര്‍ഡിയോള്‍ എന്നിവരെയാണ് സിറ്റി പകരം ടീമിലെത്തിച്ചത്. മധ്യനിരയില്‍ കളിമെനയാന്‍ കെവിന്‍ ഡിബ്രൂയിനും ഗോളടിക്കാന്‍ എര്‍ലിംഗ് ഹാലണ്ടുമുള്ളപ്പോള്‍ സിറ്റിക്ക് ആശങ്കകളൊന്നുമില്ല. ജാക് ഗ്രീലിഷ്, ഫില്‍ ഫോഡന്‍ തുടങ്ങിയവര്‍കൂടി ചേരുമ്പോള്‍ പെപ് ഗാര്‍ഡിയോളുടെ സിറ്റി അതിശക്തര്‍.
മാത്രമല്ല, സിറ്റി പുതിയ സീസണില്‍ ഇറങ്ങുന്നത് യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായി. യുവതാരം ഗ്വാര്‍ഡിയോള്‍ കൂടി എത്തിയതോടെ സിറ്റി പ്രതിരോധ നിരയുടെ മൂല്യം അഞ്ഞൂറ് മില്യണ്‍ യൂറോയില്‍ അധികമാണ്. ജര്‍മ്മന്‍ ക്ലബ് ലൈപ്‌സിഷില്‍ നിന്ന് 90 മില്യണ്‍ യൂറോ മുടക്കിയാണ് ഗ്വാര്‍ഡിയോളിനെ സിറ്റി സ്വന്തമാക്കിയത്. യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ ഡിഫന്‍ഡറാണ് ഗ്വാര്‍ഡിയോള്‍. പോര്‍ച്ചുഗല്‍ താരങ്ങളായ റൂബന്‍ ഡിയസ്, യാവോ കാന്‍സലോ, സ്വിസ് താരം മാനുവല്‍ അകാഞ്ചി, ഹോളണ്ട് താരം നഥാന്‍ ആക്കെ, ഇംഗ്ലണ്ട് താരങ്ങളായ ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാക്കര്‍, റിക്കോ ലൂയിസ്, സ്പാനിഷ് താരങ്ങളായ ഐമറിക് ലപോര്‍ട്ട, സെര്‍ജിയോ ഗോമസ് എന്നിവര്‍ കൂടി ചേരുമ്പോള്‍ സിറ്റി പ്രതിരോധം കടുകട്ടി.
ഈഡന്‍ ഗാര്‍ഡന്‍സിലെ തീപ്പിടുത്തം; ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന ആശങ്കകള്‍ക്ക് വിരാമം
സീസണില്‍ സിറ്റിയുടെ പ്രധാന എതിരാളികളായ ആഴ്‌സണല്‍ നാളെ ആദ്യ മത്സരത്തില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ നേരിടും. സിറ്റിയെ തോല്‍പിച്ച് കമ്യൂണിറ്റി ഷീല്‍ഡ് നേടിയ ആത്മവിശ്വാസത്തോടെയാണ് ആഴ്‌സണല്‍ ഇറങ്ങുന്നത്. സീസണിലെ ആദ്യ വമ്പന്‍ പോരാട്ടം ഞായറാഴ്ചയാണ്. ലിവര്‍പൂള്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയെ നേരിടും.