വിജയനിമിഷത്തില്‍ കണ്ണീരോടെ മെസിയെ കെട്ടിപ്പിടിച്ച ആ സ്ത്രീ താരത്തിന്‍റെ അമ്മ ആയിരുന്നില്ല!

മെസിയും കണ്ണീരോടെയാണ് തിരികെ സ്ത്രീയെ കെട്ടിപ്പിടിച്ചത്. ഇത് അര്‍ജന്‍റൈന്‍ നായകന്‍റെ അമ്മയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്

emotional lady who hugged lionel messi not his mother

ദോഹ: ഫ്രാന്‍സിനെ കലാശ പോരാട്ടത്തില്‍ തോല്‍പ്പിച്ച് വിജയ കിരീടത്തില്‍ മുത്തമിട്ടതോടെ അര്‍ജന്‍റീന താരങ്ങള്‍ എല്ലാം മറന്ന അവസ്ഥയിലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ചും ആരാധകരെ അഭിവാദ്യം ചെയ്തും ലുസൈല്‍ സ്റ്റേഡിയത്തെ മറ്റൊരു ബ്യൂണസ് ഐറിസ് ആക്കി ലിയോണല്‍ മെസിയും കൂട്ടരും മാറ്റി. ഇതിനിടെ ഗ്രൗണ്ടില്‍ കണ്ണീരോടെ ഒരു സ്ത്രീ മെസിയെ കെട്ടിപ്പിടിച്ച് വിതുമ്പുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

മെസിയും കണ്ണീരോടെയാണ് തിരികെ സ്ത്രീയെ കെട്ടിപ്പിടിച്ചത്. ഇത് അര്‍ജന്‍റൈന്‍ നായകന്‍റെ അമ്മയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇപ്പോള്‍ ആ സ്ത്രീ മെസിയുടെ അമ്മയായിരുന്നില്ല എന്നാണ് പുതിയ വിവരങ്ങള്‍. മോഹ കിരീടം നേടിയ പ്രിയ താരത്തെ കെട്ടിപ്പിടിച്ച് വിതുമ്പിയത് അര്‍ജന്‍റീന ടീമിന്‍റെ പാചകക്കാരിയായ അന്‍റോണിയ ഫരിയാസ് ആണ്. അതേസമയം, ലോക കിരീടവും മെസിയും കൂട്ടരും നാട്ടില്‍ തിരിച്ചെത്തിയതിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീന.

ഇതിനിടെ  ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പും അര്‍ജന്‍റീനന്‍ ഇതിഹാസം പങ്കുവെച്ചിരുന്നു. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന് കുറിച്ചു. ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും കഠിനപ്രയത്നവും പങ്കിട്ടാണ് മെസിയുടെ ഹൃദയകാരിയായ കുറിപ്പും വീഡിയോയും. മെസി അഞ്ചാം വയസില്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ ക്ലബാണ് ഗ്രാന്‍ഡോളി.

'ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങള്‍. ഫുട്ബോള്‍ ഏറെ സന്തോഷവും ചില ദുഖങ്ങളും തന്ന് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാവാന്‍ എന്നും സ്വപ്‌നം കണ്ടു. ആ ലക്ഷ്യം അവസാനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഒരിക്കലും പിന്നോട്ട് വലിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പുകളിലെ നിരാശ മറക്കാനുള്ള കിരീടമാണിത്. ബ്രസീലിലും ഞങ്ങള്‍ കിരീടത്തിന് അര്‍ഹരായിരുന്നു. കഠിനാധ്വാനത്തിന്‍റെ ഫലമാണിത്.

മികച്ച ടീമും ടെക്‌നിക്കല്‍ സംഘവും അര്‍ജന്‍റീനയ്ക്കുണ്ടായി. ആരോരുമറിയാതെ അവര്‍ പകലും രാത്രിയുമില്ലാതെ കഠിനാധ്വാനം ചെയ്തു. പരാജയങ്ങളും ഈ യാത്രയുടെ ഭാഗമാണ്. സ്വര്‍ഗത്തിലിരുന്ന് പ്രചോദിപ്പിക്കുന്ന ഡീഗോ മറഡോണയുടെ വിജയം കൂടിയാണിത്. നിരാശകളില്ലാതെ വിജയം വരുക അസാധ്യമാണ്. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു' എന്നും മെസി കുറിച്ചു. 

ബ്യൂണസ് അയേഴ്സില്‍ തടിച്ചുകൂടി 40 ലക്ഷം പേര്‍! ടീം ബസ് വഴിതിരിച്ചുവിട്ടു, ഒടുവില്‍ രക്ഷക്കെത്തി ഹെലികോപ്റ്റര്‍

Latest Videos
Follow Us:
Download App:
  • android
  • ios