ഖത്തറിലെ ഫൈനല്‍ അറിയില്ല, പക്ഷേ കോട്ടപ്പടിയിലെ സ്ലപ്ന ഫൈനലില്‍ കീരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍
ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം നടത്തിയ മത്സരമാണ് ആവേശ കൊടുമുടിയില്‍ അവസാനിച്ചത്. ഫൈനല്‍ പോരാട്ടത്തില്‍ കിരീടത്തില്‍ മുത്തമിട്ടത് ബ്രസീലാണ്.
മലപ്പുറം: ഖത്തറില്‍ പന്തുരുളും മുമ്പെ കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് സ്വപ്ന ഫൈനല്‍ പോരാട്ടത്തില്‍ കിരീടത്തില്‍ മുത്തമിട്ട് ബ്രസീല്‍. കാല്‍പന്ത് കളിയില്‍ പേരുകേട്ട മലപ്പുറത്തിന്റെ മണ്ണില്‍ നടന്ന അര്‍ജന്റീന ബ്രസീല്‍ സ്വപ്‌ന ഫൈനല്‍ പൊടിപൊടിച്ചു. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം നടത്തിയ മത്സരമാണ് ആവേശ കൊടുമുടിയില്‍ അവസാനിച്ചത്. ഫൈനല്‍ പോരാട്ടത്തില്‍ കിരീടത്തില്‍ മുത്തമിട്ടത് ബ്രസീലാണ്.
ഫുട്‌ബോള്‍ ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച അര്‍ജന്റീന-ബ്രസീല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറികള്‍ വിജയം സ്വന്തമാക്കിയത്. അര്‍ജന്റീനക്കായി വിദേശതാരം ചാള്‍സ് രണ്ട് ഗോളുകള്‍ നേടി. ബ്രസീലിനായി യൂസുഫ് ഹാട്രികും റിയാസ് ഒരു ഗോളും നേടി. നിറഞ്ഞ് കവിഞ്ഞ ഗ്യാലറിയില്‍ നടന്ന ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാന്‍ ആയിരക്കണക്കിനാളുകളാണ് സ്റ്റേഡിയത്തിലെത്തിയത്. അഞ്ച് മണിക്ക് ആരംഭിച്ച മത്സരം കാണാന്‍ നാല് മണിയോടെ തന്നെ സ്റ്റേഡിയം നിറഞ്ഞു. ആയിരക്കണക്കിന് കാണികളാണ് മത്സരം വീക്ഷിക്കാനെത്തിയത്. ആദ്യാവസാനം ആവേശം അലതല്ലിയ ഗാലറിയെ സാക്ഷിയാക്കി ബ്രസീല്‍ ആരാധകര്‍ കിരീടം ചൂടി.
ഐ എസ്എല്ലിലേയും ഐ ലീഗിലേയും സന്തോഷ് ട്രോഫിയിലേയും താരങ്ങള്‍ ബ്രസീല്‍ ജഴ്‌സിയിലും അര്‍ജന്റീന ജേഴ്‌സിയിലും പോരിനിറങ്ങിയത് ആവേശ കാഴ്ചയായി. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പി. കെ അസ്്‌ലു അധ്യക്ഷനായി. പി ഉബൈദുല്ല എം. എല്‍. എ, ഷൗക്കത്ത് ഉപ്പൂടന്‍ പ്രസംഗിച്ചു. ഖത്തര്‍ ലോകകപ്പ് ആവേശവുമായി മലപ്പുറത്തും കോഴിക്കോടുമായി ആരാധകക്കൂട്ടായ്മകളുടെ സൌഹൃദ പോരാട്ടങ്ങള്‍ പലരീതിയില്‍ നടക്കുന്നതിനിടെയാണ് കോട്ടപ്പടിയില്‍ സ്വപ്ന ഫൈനല്‍ സംഘടിപ്പിച്ചത്. മലബാറിലെ ഫുട്ബോള്‍ ആവേശത്തിന്‍റെ കാഴ്ചകള്‍ ഫിഫ അടക്കം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.