മെസിക്കായി ക്യാംപ്‌നൗവിന്‍റെ വാതിലുകൾ എന്നും തുറന്നിട്ടിരിക്കുന്നു; ആരാധകരുടെ പ്രതീക്ഷ കൂട്ടി സാവി
ലോകത്തിലെ ഏറ്റവും മികച്ച സംഘമായി ബാഴ്‌സലോണ മാറിയത് മെസി, സാവി, ഇനിയേസ്റ്റ ത്രയത്തിന്‍റെ കാലത്താണ്
ബാഴ്‌സലോണ: ലിയോണൽ മെസിക്കായി എന്നും ബാഴ്‌സലോണയുടെ വാതിൽ തുറന്നിട്ടിട്ടുണ്ടെന്ന് ബാഴ്‌സ പരിശീലകൻ സാവി. എക്കാലത്തെയും മികച്ച താരമാണ് മെസിയെന്നും സാവി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച സംഘമായി ബാഴ്‌സലോണ മാറിയത് മെസി, സാവി, ഇനിയേസ്റ്റ ത്രയത്തിന്‍റെ കാലത്താണ്. പെപ് ഗ്വാർഡിയോളയുടെ ശിക്ഷണത്തിൽ ഫുട്ബോൾ ടിക്കി ടാക്കയിൽ ഒതുക്കിയ സംഘം. അന്ന് കിരീടങ്ങൾ വാരിക്കൂട്ടി, റെക്കോർഡുകൾ തകർത്ത് മുന്നേറിയ ബാഴ്‌സയ്ക്ക് മെസി കൂടി പോയതോടെ പഴയ പ്രതാപമില്ല. സാവിയുടെ ശിക്ഷണത്തിൽ തിരിച്ചുവരവിനൊരുങ്ങുന്ന കറ്റാലൻ സംഘത്തിലേക്ക് ഒരിക്കൽക്കൂടി ലിയോണല്‍ മെസി എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പിഎസ്‌ജിയുമായുള്ള ലിയോണല്‍ മെസിയുടെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കും. കരാർ പുതുക്കുന്ന ചർച്ചകളിൽ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. മെസി യൂറോപ്പിൽ തുടരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് സൂപ്പർ താരത്തെ സ്വാഗതം ചെയ്ത് പഴയ സഹതാരവും നിലവിലെ ബാഴ്‌സലോണ പരിശീലകനുമായ സാവി രംഗത്തെത്തിയത്. 'മെസി എക്കാലത്തെയും മികച്ച താരമാണ്. ബാഴ്‌സലോണ അദേഹത്തിന്‍റെ സ്വന്തം വീടും. അതിനാൽ ക്യാംപ്‌നൗവിന്‍റെ വാതിലുകൾ മെസിക്കായി എന്നും തുറന്നിട്ടിട്ടുണ്ടെന്നും' മെസിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും സാവി പറഞ്ഞു.
21 വർഷത്തെ ബന്ധമുപേക്ഷിച്ച് 2021ലാണ് മെസി പിഎസ്‌ജിയിലെത്തിയത്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് അന്ന് കരാർ റദ്ദായത്. പിഎസ്‌ജിയിലാകട്ടെ വലിയ നേട്ടത്തിലെത്താൻ മെസിക്ക് സാധിച്ചില്ല. ബാഴ്സലോണ സീസണിൽ യൂറോപ്പ ലീഗിലേക്ക് വീണെങ്കിലും ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ്. റയലിനെ വീഴ്ത്തി സ്‌പാനിഷ് സൂപ്പർ കപ്പ് ഇത്തവണ ബാഴ്സ സ്വന്തമാക്കിയിരുന്നു.
ലിയോണല്‍ മെസിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്ലബ് പ്രസിഡന്‍റ് ലാപോര്‍ട്ടയും മെസിയുടെ അച്ഛന്‍ ജോര്‍ജെ മെസിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മെസിയും പിഎസ്‌ജിയും തമ്മില്‍ നടത്തുന്ന കരാര്‍ ചര്‍ച്ചകള്‍ എവിടെയും എത്താത്ത സാഹചര്യത്തില്‍ അദേഹവുമായി നടത്തിയ ചര്‍ച്ച വളരെ പ്രതീക്ഷയോടെയാണ് ബാഴ്‌സ ആരാധകര്‍ നിരീക്ഷിക്കുന്നത്.
ലിയോണല്‍ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും! ലാപോര്‍ട്ട മെസിയുടെ അച്ഛനുമായി ചര്‍ച്ച നടത്തി