അനശ്വരനായി ഫുട്‌ബോള്‍ ഇതിഹാസം; ബ്യൂണസ് അയേഴ്‌സില്‍ മറഡോണയ്ക്ക് അന്ത്യ വിശ്രമം
സ്വകാര്യ ചടങ്ങായി നടത്തിയ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് പങ്കെടുത്തത്.
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സംസ്‌കാരം അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്നു. സ്വകാര്യ ചടങ്ങായി നടത്തിയ സംസ്‌കാരത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ രണ്ട് ഡസനോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. പ്രാദേശിക സമയം നാല് മണിയോടെ ആയിരുന്നു സംസ്‌കാരം. നേരത്തേ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്ന് മൃതദേഹം പുറത്തേക്കെടുത്തപ്പോള്‍ ആയിരക്കണക്കിന് ആരാധകര്‍
കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ മറഡോണയ്ക്ക് യാത്രാമൊഴി നല്‍കാന്‍ തെരുവുകളില്‍ തടിച്ചുകൂടി. അര്‍ജന്റീനയുടെ ദേശീയ പതാകയില്‍ പൊതിഞ്ഞ ശവമഞ്ചത്തില്‍ മറഡോണയുടെ പത്താം നന്പര്‍ ജഴ്‌സിയും പുതപ്പിച്ചിരുന്നു.
മൃതദേഹം കൊണ്ടുപോയ വഴിയിലുടനീളം ഏറെ വൈകാരിക രംഗങ്ങള്‍ക്ക് ബ്യൂണസ് അയേഴ്‌സ് സാക്ഷിയായി. പലയിടത്തും തിരക്ക് നിയന്ത്രിക്കാന്‍ നന്നേ പാടുപെട്ട പൊലീസിന് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിക്കേണ്ടിവന്നു.