വാന്‍ഗാല്‍ മണ്ടത്തരം പറയുന്നു! ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നയിച്ച് നേടിയതെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ്
വാന്‍ഗാലിന്റെ വിവാദ വാദത്തോട് പ്രതികരിക്കുകയാണ് ഫ്രാന്‍സിന്റെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്.
പാരീസ്: ഖത്തര്‍ ലോകകപ്പ് ലിയോണല്‍ മെസിക്ക് കപ്പടിക്കാന്‍ വേണ്ടിയുള്ള തിരക്കഥയാണെന്നുള്ള വാദം മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയി വാന്‍ഗാല്‍ ഉന്നയിച്ചിരുന്നു. ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഗോളടിച്ച രീതിയും ഞങ്ങള്‍ ഗോള്‍ നേടിയ രീതിയും അര്‍ജന്റീന കളിക്കാരോടുള്ള സമീപനവും കണ്ടാല്‍ തന്നെ നിങ്ങള്‍ക്കത് മനസിലാവുമെന്നും വാന്‍ഗാല്‍ ഡച്ച് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പലപ്പോഴും ഗ്രൗണ്ടില്‍ പരിധി വിട്ടിട്ടും അര്‍ജന്റീന താരങ്ങള്‍ക്കുനേരം കണ്ണടക്കുകയും നെതര്‍ലന്‍ഡ്‌സ് താരങ്ങളെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ശിക്ഷിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വാന്‍ഗാലിന്റെ വിവാദ വാദത്തോട് പ്രതികരിക്കുകയാണ് ഫ്രാന്‍സിന്റെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. ദെഷാംപ്‌സ് പറയുന്നതിങ്ങനെ... ''ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന 15 ഗോളുകള്‍ എതിരാളികളുടെ വലയിലെത്തിച്ചു. അതില്‍ നാലെണ്ണം മാത്രമാണ് പെനാല്‍റ്റി ഗോളുകള്‍. പോളണ്ടിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ച ഒരേയൊരു പെനാല്‍റ്റി റഫറിയുടെ പിഴവാണ്.
അത് മാത്രമാണ് വിവാദം. എന്നാല്‍ സൗദി അറേബ്യക്കെതിരെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ മൂന്ന് ഗോളുകള്‍ റദ്ദാക്കി. അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. അര്‍ജന്റീനക്കാര്‍ക്ക് ഖത്തര്‍ ലോകകപ്പില്‍ പ്രത്യക സഹായമുണ്ടെന്ന് ആരാണ് പറയുന്നതെന്നും കണ്ടുപിടിച്ചതെന്നും എനിക്ക് മനസ്സിലാകുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം വാന്‍ഗാലിന്റെ ഇപ്പോഴത്തെ പരാമര്‍ശങ്ങള്‍ അതിശയോക്തി നിറഞ്ഞതാണ്.'' ദെഷാംപ്‌സ് പറഞ്ഞു.
അദ്ദേഹം തുടര്‍ന്നു... ''ലോകകപ്പ് കഴിഞ്ഞു ഇത്രയും നാളായിട്ടും ഞാനോ എന്റെ കളിക്കാരോ പെനാല്‍റ്റിയെക്കുറിച്ച് പരാതിപ്പെട്ടില്ല. അതിലൊന്നും ഒരു അട്ടിമറിയുമില്ല. വാന്‍ഗാലിന്റെ വാദം മണ്ടത്തരമാണ്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലായിരുന്നു ഇത്. ഫ്രാന്‍സിനേയും അര്‍ജന്റീനയേയും അഭിനന്ദിക്കുകയല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനില്ല.'' ദെഷാംപ്‌സ് പറഞ്ഞുനിര്‍ത്തി.