മെസി എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്! യമാലിനെ മെസിയുമായി താരതമ്യം ചെയ്യുന്നതിനെ കുറിച്ച് വിയ്യ
അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ പോലെയാണ് ലമീന്‍ യമാലുമെന്ന് ഇതിനോടകം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയും തുടങ്ങി.
ബാഴ്‌സലോണ: ഫുട്‌ബോള്‍ ലോകത്തെ വിസമയിപ്പിക്കുകയാണ് സ്പാനിഷ് താരം ലാമിന്‍ യമാല്‍. യൂറോ കപ്പിലെ മിന്നും പ്രകടനം യമാലിനെ കൂടുതല്‍ ശ്രദ്ധേയനാക്കി. ലാലിഗയില്‍ ബാഴ്‌സലോണക്കായും യമാലിന്റെ ഗോളടിമേളം ആരാധകര്‍ ആഘോഷിക്കുകയാണ്. സൂപ്പര്‍ താരം ലിയോണല്‍ മെസിയുമായി യമാലിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസിയെ പോലെയാണ് ലമീന്‍ യമാലുമെന്ന് ഇതിനോടകം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയും തുടങ്ങി.
ഇതിനെതിരെ രംഗത്ത് എത്തുകയാണ് മുന്‍ സ്‌പെയിന്‍ താരം ഡേവിഡ് വിയ്യ. മുന്‍ ബാഴ്‌സലോണ താരം കൂടിയായ വിയ്യയുടെ വാക്കുകള്‍... ''യമാല്‍ ഒരു സ്‌പെഷ്യല്‍ താരമാണ്. ഇത്ര ചെറുപ്പത്തില്‍ തന്നെ അസാമാന്യ പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ വളരെ കുറവുമാണ്. പക്ഷേ യമാലിനെ മെസിയുമായി താരതമ്യം ചെയ്യുന്നത് യാഥാര്‍ത്ഥ്യങ്ങളോട് യോജിക്കുന്നതല്ല. യമാല്‍, എര്‍ലിംഗ് ഹാളണ്ട്, കിലിയാന്‍ എംബാപ്പെ എന്നിങ്ങനെ ഏത് താരങ്ങളായാലും മെസി ഇവരില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന പ്രതിഭയാണ്.'' മെസിയുടെ നേട്ടങ്ങളില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഡേവിഡ് വിയ്യ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിക്ക് തിരിച്ചടി
പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക് സീസണിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാവും. ആഴ്‌സണലിന് എതിരായ മത്സരത്തിനിടെയാണ് റോഡ്രിയുടെ കാലിന് പരിക്കേറ്റത്. യൂറോ കപ്പ് ഫൈനലിനിടെ പരിക്കേറ്റ റോഡ്രിക്ക് ഈ സീസണില്‍ ആകെ 66 മിനിറ്റേ കളിക്കാനായിട്ടുള്ളൂ. 2019ല്‍ സിറ്റിയിലെത്തിയ റോഡ്രി ക്ലബിനായി 260 മത്സരങ്ങളില്‍ 26 ഗോളും 30 അസിസ്റ്റും സ്വന്തമാക്കി. സിറ്റിയുടെ തുടര്‍ച്ചയായ നാല് പ്രീമിയര്‍ ലീഗ് കിരീട വിജയത്തിലും ആദ്യ ചാംപ്യന്‍സ് ലീഗ് വിജയത്തിലും റോഡ്രി നിര്‍ണായക പങ്കുവഹിച്ചു.