ഡി ലിറ്റിന് ചുവപ്പ് കാര്‍ഡ്, ബുഡാപെസ്റ്റില്‍ ഓറഞ്ച് കണ്ണീര്‍; ചെക് റിപ്പബ്ലിക്ക് യൂറോ ക്വാര്‍ട്ടറില്‍

ചെക് താരം 68-ാം മിറ്റില്‍ ആദ്യമായി തോമസ് ഹോള്‍സ് ഡച്ച് വല കുലുക്കിയപ്പോള്‍ 80-ാം മിനിറ്റില്‍ പാട്രിക് ഷിക്ക് അവസാന ആണിയുമടിച്ചു. ക്വാര്‍ട്ടര്‍ കാണാതെ നെതര്‍ലന്‍ഡ്‌സ് പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയാണ് ചെക് റിപ്പബ്ലിക്ക് നേരിടുക.

Czech Republic into the last Eight of Euro Cup

ബുഡാപെസ്റ്റ്: ചെക് റിപ്പബ്ലിക്കിന്റെ ഗോള്‍ മുഖത്ത് കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നെതര്‍ലന്‍ഡ്‌സ് താരം ഡോണ്യല്‍ മലേന്‍ സുവര്‍ണാവസരം നഷ്ടമാക്കുന്നു. തൊട്ടുപിന്നാലെ അവരുടെ പ്രതിരോധതാരം മത്യാസ് ഡി ലിറ്റ് ചുവപ്പ് കാര്‍ഡുമായി പുറത്തേക്ക്. നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ വന്നപ്പോള്‍ ബുഡാപെസ്റ്റ് നഗരത്തില്‍ ഒത്തുകൂടിയ അനേകായിരം നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ക്ക് കണ്ണീരോടെ യൂറോ കപ്പിനോട് വിടപറയേണ്ടി വന്നു. ചെക് താരം 68-ാം മിറ്റില്‍ ആദ്യമായി തോമസ് ഹോള്‍സ് ഡച്ച് വല കുലുക്കിയപ്പോള്‍ 80-ാം മിനിറ്റില്‍ പാട്രിക് ഷിക്ക് അവസാന ആണിയുമടിച്ചു. ക്വാര്‍ട്ടര്‍ കാണാതെ നെതര്‍ലന്‍ഡ്‌സ് പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയാണ് ചെക് റിപ്പബ്ലിക്ക് നേരിടുക. 

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. നെതര്‍ലന്‍ഡ്‌സ് ആക്രമണത്തെ പൂര്‍ണമായും പിടിച്ചുനിര്‍ത്താന്‍ ചെക് പ്രതിരോധത്തിനായി. ആദ്യപാതിയില്‍ വാസ്തവത്തില്‍ ചെക് ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്താന്‍ പോലും ഡച്ച് മുന്നേറ്റത്തിയില്ല. ഇതിനിടെ 22-ാം മിനിറ്റില്‍ ചെക് ഗോള്‍ നേടുന്നതിന് അടുത്തെത്തുകയും ചെയ്തു. പീറ്റര്‍ സെവിസിക്കിന്റെ വലിത് വിംഗില്‍ നിന്നുള്ള ക്രോസില്‍ തോമസ് സൂസെക് പെനാല്‍റ്റി ബോക്‌സില്‍ വച്ച് തലകൊണ്ട് ചെത്തിയിടാന്‍ ശ്രമം നടത്തി. എന്നാല്‍ ഫാര്‍ പോസ്റ്റിന് അധികം ദൂരത്തിലൂടല്ലാതെ പന്ത് പുറത്തേക്ക് പോയി. 38-ാം മിനിറ്റില്‍ അന്റോനിന്‍ ബരാക്കിന്റെ ഗോള്‍ശ്രമം ഡി ലിറ്റ് മനോഹരമായി പ്രതിരോധിച്ചു. നെതര്‍ലന്‍ഡ്‌സ് വിറച്ചുപോയ ആദ്യ പകുതിക്ക് അങ്ങനെ അവസാനം. 

52-ാം മിനിറ്റിലാണ് മലേന്‍ മത്സരത്തിലെ ഏറ്റവും വലിയ അവസരം പാഴാക്കുന്നത്. മെംഫിസ് ഡിപെയില്‍ നിന്നും വാങ്ങിയ പന്തുമായി മലേന്‍ ചെക് ബോക്‌സിലെത്തുമ്പോള്‍ കീഴ്‌പ്പെടുത്താന്‍ ഗോള്‍ കീപ്പര്‍ മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ തോമസ് വാക്ലിക്കിനെ കബളിപ്പിക്കാന്‍ മലേനായില്ല. പന്തിലേക്ക് ചാടിവീണ കീപ്പര്‍ ഗോള്‍ നിഷേധിച്ചു. അവസരനഷ്ടം ഡി ലൈറ്റിന്റെ ചുവപ്പ് കാര്‍ഡിലാണ് അവസാനിച്ചത്. കൗണ്ടര്‍ അറ്റാക്കില്‍ ഷിക്കിനെ പ്രതിരോധിക്കുന്നതിനിടെ ഡി ലിറ്റിന് നിയന്ത്രണം നഷ്ടമായി. അദ്ദേഹം പന്ത് കൈ കൊണ്ട് തട്ടിയിടാനും ശ്രമം നടത്തി. റഫറി വാറിലേക്ക് പോയപ്പോള്‍ ഡി ലിറ്റിന് ചുവപ്പുകാര്‍ഡ്. 

പത്തുപേരുമായി ചുരുങ്ങിയ ഓറഞ്ച് പടയ്‌ക്കെതിരെ 68-ാം മിനിറ്റില്‍ ചെക് ലീഡ് നേടി. കോര്‍ണര്‍ കിക്കില്‍ തോമസ് കലാസ് ഹെഡ് ചെയ്തു നല്‍കിയ പന്ത് ഹോള്‍സ് ഗോള്‍വര കടത്തി. നെതര്‍ലന്‍ഡ്‌സ് തിരിച്ചടിക്കാനുള്ള എല്ലാ ശ്രമവും നടത്തി. ഇതിനിടെ രണ്ടാം ഗോളും വീണു. പന്തുമായി മുന്നേറിയ ഹോള്‍സ് പെനാല്‍റ്റി ഏരിയയില്‍വച്ച് പന്ത് ഷിക്കിന് കൈമാറി. പ്രതിരോധത്തെ കാഴ്ച്ചകാരാക്കി ഷിക്ക് വിജയമുറപ്പിച്ച ഗോള്‍ നേടി.

Latest Videos
Follow Us:
Download App:
  • android
  • ios