പ്രായം 39, ലോകത്ത് ഏറ്റവും വരുമാനമുള്ള കായിക താരം ഇപ്പോഴും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസിയുടെ ഇരട്ടി തുക!
ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസക്കാലം 260 മില്യണ്‍ ഡോളറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പാദിച്ചത്
ന്യൂയോര്‍ക്ക്: കരിയറിന്‍റെ അവസാന കാലത്താണെങ്കിലും ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ മുന്നില്‍ എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്. പ്രൊഫഷണല്‍ കരിയറില്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്‌റിനായി ഭീമമായ കരാറില്‍ കളിക്കുന്നതാണ് 39 വയസുകാരനായ റോണോയെ വരുമാനത്തിന്‍റെ കണക്കില്‍ ഇപ്പോഴും തലപ്പത്ത് നിര്‍ത്തുന്നത്.
ഫോബ്‌സിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസക്കാലം 260 മില്യണ്‍ ഡോളറാണ് (21,668,678,720 ഇന്ത്യന്‍ രൂപ) ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പാദിച്ചത്. ഇതില്‍ 200 മില്യണ്‍ ഡോളറും അദേഹത്തിന് ലഭിച്ചത് സൗദി ക്ലബായ അല്‍ നസ്‌റിലെ കരാറില്‍ നിന്നാണ്. 60 മില്യണ്‍ ഡോളര്‍ മൈതാനത്തിന് പുറത്തുള്ള ഇതര വരുമാനങ്ങളില്‍ നിന്ന് ലഭിച്ചു. ഗോള്‍ഫ് താരം ജോണ്‍ റഹം, മേജര്‍ സോക്കര്‍ ക്ലബ് ഇന്‍റര്‍ മിയാമിയുടെ അര്‍ജന്‍റൈന്‍ ഇതിഹാസ ഫുട്ബോളര്‍ ലിയോണല്‍ മെസി എന്നിവരെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാമതുള്ള ജോണിന്‍റെ വരുമാനം 218 മില്യണ്‍ ഡോളറാണ്. ഇതില്‍ 198 മില്യണ്‍ ഡോളറും മത്സരങ്ങള്‍ക്കുള്ള പ്രതിഫലമാണ്. മൂന്നാമനായ മെസിയുടേത് 135 മില്യണ്‍ ഡോളറും. അതേസമയം മൈതാനത്തിന് പുറത്തുനിന്നാണ് മെസിക്ക് പകുതിയിലധികം തുക വരുമാനം ലഭിക്കുന്നത്. ഫുട്ബോള്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ (110 മില്യണ്‍ ഡോളര്‍), നെയ്‌മര്‍ (108 മില്യണ്‍ ഡോളര്‍, കരീം ബെന്‍സേമ (106 മില്യണ്‍ ഡോളര്‍) എന്നിവരും ആദ്യ പത്തിലുണ്ട്.
ഇതാദ്യമായാണ് ആദ്യ 10ലുള്ള എല്ലാവരും 100 മില്യണ്‍ ഡോളറിലധികം കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ സമ്പാദിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 2019ന് ശേഷം ആദ്യമായി ഫോബ്‌സിന്‍റെ ആദ്യ 50 റാങ്കുകളില്‍ ഒരു വനിത പോലുമില്ല.
Read more: എന്‍ഗോളോ കാന്‍റെ തിരിച്ചെത്തി; യൂറോയ്ക്ക് കരുത്തുറ്റ സ്ക്വാഡുമായി ഫ്രാന്‍സ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം