ഈയൊരു കാര്യത്തില്‍ മെസിക്ക് മുന്നിലാണ് ക്രിസ്റ്റ്യാനോ! അര്‍ജന്റൈന്‍ ഇതിഹാസത്തിന് രണ്ടാമനാവേണ്ടി വന്നു
റൊണാള്‍ഡോ സൗദി പ്രോലീഗ് ക്ലബായ അല്‍ നസ്‌റിന്റെയും മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടേയും താരങ്ങളാണിപ്പോള്‍.
റിയാദ്: കളിക്കളത്തില്‍ മാത്രമല്ല പ്രതിഫലക്കാര്യത്തിലും മത്സരിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും. കായികലോകത്ത് ഈവര്‍ഷം ഏറ്റവും കൂടുതല്‍ പ്രതിഫലം സ്വന്തമാക്കിയ താരങ്ങളില്‍ ഒന്നാമനായിരിക്കുകയാണ് റൊണാള്‍ഡോ. മെസിയെ മറികടന്നാണ് പോര്‍ച്ചുഗീസ് താരം ഒന്നാമതെത്തിയത്. 2023ല്‍ 136 ദശലക്ഷം ഡോളറാണ് റൊണാള്‍ഡോയുടെ പ്രതിഫലം. രണ്ടാംസ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 130 ദശലക്ഷം ഡോളറാണ്.
റൊണാള്‍ഡോ സൗദി പ്രോലീഗ് ക്ലബായ അല്‍ നസ്‌റിന്റെയും മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടേയും താരങ്ങളാണിപ്പോള്‍. മെസി പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കി ഇന്റര്‍ മയാമിയിലെത്തിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി തെറ്റിപ്പിരിഞ്ഞാണ് റൊണാള്‍ഡോ അല്‍ നസ്‌റില്‍ എത്തിയത്. ഗ്ലോബല്‍ ഇന്‍ഡക്സാണ് 2023ല്‍ വിവിധ കായിക താരങ്ങള്‍ ശമ്പളയിനത്തില്‍ നേടിയ തുകയുടെ കണക്ക് പുറത്തുവിട്ടത്.
ആദ്യ മൂന്നു സ്ഥാനങ്ങളിലും ഫുട്ബോള്‍ താരങ്ങള്‍. പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ് മൂന്നാമത്. 120 ദശലക്ഷം ഡോളറാണ് എംബാപ്പേയുടെ വരുമാനം. 119.5 ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബ്രോണ്‍ ജെയിംസ് നാലും 110 ദശലക്ഷം ഡോളര്‍ പ്രതിഫലമുള്ള മെക്സിക്കന്‍ പ്രൊഫഷണല്‍ ബോക്സര്‍ കനേലോ അല്‍വാരസ് അഞ്ചും സ്ഥാനങ്ങളില്‍. 95.1 ദശലക്ഷം ഡോളറുമായി റോജര്‍ ഫെഡറര്‍ ഒന്‍പതും 85 ദശലക്ഷം ഡോളറുമായി നെയ്മര്‍ ജൂനിയര്‍ പന്ത്രണ്ടും സ്ഥാനങ്ങളില്‍.
ഇനിയേസ്റ്റ യുഎഇയിലേക്ക്
സ്പാനിഷ് താരം ആന്ദ്രേസ് ഇനിയേസ്റ്റ യുഎഇയിലേക്ക്. വരുന്ന സീസണില്‍ എമിറേറ്റ്‌സ് എഫ് സിയിലാണ് ഇനിയേസ്റ്റ കളിക്കുക. ബാഴ്‌സലോണ ഇതിഹാസമായ ഇനിയേസ്റ്റ ജപ്പാന്‍ ക്ലബ് വിസെല്‍ കോബില്‍ നിന്നാണ് എമിറേറ്റ്‌സില്‍ എത്തുന്നത്. അഞ്ചുവര്‍ഷം വിസെല്‍ കോബില്‍ കളിച്ച ഇനിയേസ്റ്റ ഒരു വര്‍ഷ കരാറാണ് എമിറേറ്റ്‌സുമായി ഒപ്പുവച്ചിരിക്കുന്നത്. ഇരുപത് വര്‍ഷം ബാഴ്‌സലോണയില്‍ കളിച്ച ഇനിയേസ്റ്റ ക്ലബിനൊപ്പം മുപ്പത് കിരീടങ്ങള്‍ നേടി. സ്പാനിഷ് ടീമിനൊപ്പം ലോകകപ്പ്, യൂറോകപ്പ് വിജയങ്ങളിലും പങ്കാളിയായി. മെസിയുടെ ഇന്റര്‍ മയാമി ഉള്‍പ്പടെയുള്ള ക്ലബുകളുടെ ഓഫര്‍ ഉണ്ടായിരുന്നെങ്കിലും ഇനിയേസ്റ്റ ഏഷ്യന്‍ ക്ലബില്‍ തുടരാന്‍ തീരുമാനിക്കുക ആയിരുന്നു.