തോബ് ധരിച്ച്, വാളും കയ്യിലേന്തി ആനന്ദ നൃത്തമാടി ക്രിസ്റ്റ്യാനോ; സൗദിയിലെ സൂപ്പര്‍സ്റ്റാര്‍, വീഡിയോ വൈറല്‍
വാളും കയ്യിലേന്തി നൃത്തം വയ്ക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. അല്‍ നസ്ര്‍ കളിക്കാരും പരിശീലകന്‍ ഗ്രാസിയയും സൗദി വേഷം ധരിച്ചാണ് ഗ്രൗണ്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്.
റിയാദ്: സൗദി സ്ഥാപക ദിനം ആഘോഷമാക്കി അല്‍ നസ്ര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അറബ് പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പകാതയും അണിഞ്ഞാണ് താരം ആഘോഷത്തില്‍ പങ്കാളിയായത്. വാളും കയ്യിലേന്തി നൃത്തം വയ്ക്കുന്ന ക്രിസ്റ്റ്യാനോയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. അല്‍ നസ്ര്‍ കളിക്കാരും പരിശീലകന്‍ ഗ്രാസിയയും സൗദി വേഷം ധരിച്ചാണ് ഗ്രൗണ്ടില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്.
സൗദി പ്രോ ലീഗില്‍ കഴിഞ്ഞ മത്സരത്തിലെ വിജയത്തതോടെ അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. പതിനേഴാം റൗണ്ടില്‍ അല്‍ താവുനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസ്ര്‍ പരാജയപ്പെടുത്തിയത്. റൊണാള്‍ഡോ ഗോള്‍ നേടാതിരുന്ന മത്സരത്തില്‍ അബ്ദുല്‍ റഹ്‌മാന്‍ ഗരീബ്, അബ്ദുള്ള മാഡു എന്നിവരാണ് അല്‍ നസ്‌റിനായി സ്‌കോര്‍ ചെയ്തത്. രണ്ട് ഗോളിനും അസിസ്റ്റ് നല്‍കിയത് റൊണാള്‍ഡോ ആയിരുന്നു. അല്‍വാരോ മെഡ്രാനാണ് അല്‍ താവൂന്റെ ഏകഗോള്‍ നേടിയത്.
17-ാം മിനിറ്റില്‍ ഗരീബിന്റെ ഗോളിലാണ് അല്‍ നസ്ര്‍ മുന്നിലെത്തുന്നത്. പോര്‍ച്ചുഗീസ് ഇതിഹാസം അളന്നുമുറിച്ച് നല്‍കിയ ത്രൂബോളാണ് ഗോളില്‍ അവസാനിച്ചത്. മധ്യവരയ്ക്ക് തൊട്ടുപിന്നില്‍ നിന്ന് ക്രിസ്റ്റ്യാനോ നല്‍കിയ പാസ് ഒരു പ്രതിരോധ താരത്തെ മറികടന്ന് ഗരീബ് മനോഹരമായി വലയിലെത്തിച്ചു. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റുകള്‍ക്കകം അല്‍ താവൂന്‍ തിരിച്ചടിച്ചു.
മുഹമ്മദ് അല്‍ ഗംദിയുടെ പാസില്‍ മെഡ്രാന്റെ ഫിനിഷ്. തൊട്ടടുത്ത നിമിഷം ക്രിസ്റ്റ്യാനോ ഒരു ഓപ്പണ്‍ ചാന്‍സ് നഷ്ടമാക്കുകയും ചെയ്തു. ഗോള്‍ കീപ്പര്‍ വീണുകിടക്കെ മുന്‍ റയല്‍ മാഡ്രിഡ് താരത്തിന് ലഭിച്ച അവസരം മുതലാക്കാനായില്ല. അതിനുള്ള പരിഹാരം 78-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ തന്നെ കണ്ടെത്തി. വിജയമുറപ്പിച്ച മറ്റൊരു അസിസ്റ്റിലൂടെയായിരുന്നു അത്. മാഡു അനായാസം വലകുലുക്കി. 40 പോയിന്റുമായി അല്‍ ഇത്തിഹാദിന് ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയിലാണ് അല്‍ നസ്ര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഏഴാം സ്ഥാത്തുള്ള ദമാക്കുമായിട്ടാണ് അല്‍ നസ്‌റിന്റെ അടുത്ത മത്സരം.