ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഹൃദയത്തില്‍ തൊട്ട് പെലെയുടെ കമന്‍റ്

പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് റൊണാള്‍ഡോ കുറിച്ചത്

cristiano ronaldo sad instagram post about world cup exit pele comment

ദോഹ:  ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ച പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറുപടി നല്‍കി ബ്രസീലിയന്‍ ഇതിഹാസം പെലെ. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് റൊണാള്‍ഡോ കുറിച്ചത്. ഇതിന് നല്‍കിയ കമന്‍റില്‍ ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ എഴുതിയത്.

രണ്ട് ഇതിഹാസ താരങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനം ഉയര്‍ത്തിക്കാണിക്കുന്നതാണ് ഈ മറുപടിയെന്നാണ് ഫുട്ബോള്‍ ആരാധകര്‍ കമന്‍റുകള്‍ നല്‍കുന്നത്. ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയതില്‍ ക്രിസ്റ്റ്യാനോ എത്രമാത്രം ദുഖം അനുഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നു. ഭാഗ്യവശാൽ, പോർച്ചുഗലിന് വേണ്ടി ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള നിരവധി കിരീടങ്ങൾ നേടാന്‍ സാധിച്ചു.

പക്ഷേ തന്‍റെ രാജ്യത്തിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തില്‍ സ്ഥാപിക്കുക എന്നതായിരുന്നു വലിയ സ്വപ്നം. അതിന് വേണ്ടി പൊരുതി. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനമായി പ്രയത്നിച്ചു. അഞ്ച് തവണയായി ലോകകകപ്പിനെത്തി രാജ്യത്തനായി ഗോള്‍ നേടാന്‍ സാധിച്ചു. എല്ലായ്‌പ്പോഴും മികച്ച കളിക്കാരുടെ ഒപ്പവും ദശലക്ഷക്കണക്കിന് പോർച്ചുഗീസുകാരുടെ പിന്തുണയിലും രാജ്യത്തിനായി എല്ലാം നല്‍കിയെന്നും റൊണാള്‍ഡോ കുറിച്ചു.

ആ വലിയ സ്വപ്നത്തിലേക്കുള്ള പോരാട്ടത്തിന് മുന്നില്‍ ഒരിക്കലും മുഖം തിരിച്ചിട്ടില്ല. ആ സ്വപ്നം ഇന്നലെ അവസാനിച്ചു. ഒരുപാട് പറഞ്ഞിട്ടുണ്ട്, ഒരുപാട് എഴുതിയിട്ടുണ്ട്, ഒരുപാട് ഊഹിക്കപ്പെടുന്നു... പക്ഷേ പോർച്ചുഗലിനോടുള്ള സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്നാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടുന്ന ഒരാളായിരുന്നു താന്‍. സഹകളിക്കാരോടും രാജ്യത്തോടും ഒരിക്കലും പുറംതിരിഞ്ഞുനിൽക്കില്ല.

ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല. പോർച്ചുഗലിന് നന്ദി. നന്ദി ഖത്തർ... സ്വപ്നം നീണ്ടുനിൽക്കുമ്പോൾ അത് മനോഹരമായിരുന്നു... ഇപ്പോൾ, കാലാവസ്ഥ നല്ല ഉപദേശകനായിരിക്കുമെന്നും ഓരോരുത്തരെയും അവരവരുടെ നിഗമനങ്ങളിൽ എത്തിച്ചേരാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ എഴുതി. എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബെഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ് മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. 

അര്‍ജന്‍റീന തെറ്റിച്ചത് സുപ്രധാനമായ രണ്ട് ലോകകപ്പ് നിയമങ്ങള്‍? കടുത്ത നിലപാടുമായി ഫിഫ, നടപടിക്ക് സാധ്യത
 

Latest Videos
Follow Us:
Download App:
  • android
  • ios