ക്രിസ്റ്റ്യാനോയുടെ അല്‍ നസറിന് ഫിഫയുടെ വിലക്ക്! പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാനാവില്ല
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എത്തിച്ചിട്ടും കിരീടമൊന്നും ലഭിക്കാത്ത അല്‍ നസര്‍ പുതിയ സീസണില്‍ കൂടുതല്‍ മികച്ച താരങ്ങളെയെത്തിച്ച് ടീം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടി.
സൂറിച്ച്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് വന്‍ തിരിച്ചടി. ക്ലബ്ബിന് പുതിയ താരങ്ങളെ വാങ്ങുന്നതില്‍ നിന്ന് ഫിഫ വിലക്കേര്‍പ്പെടുത്തി. 2018ല്‍ ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ടീമിലെത്തിച്ച നൈജീരിയന്‍ താരം അഹമ്മദ് മൂസയുടെ അധിക തുകയായ നാല് കോടി 15 ലക്ഷം രൂപ നല്‍കാത്തതിനാലാണ് നടപടി. തെറ്റ് തിരുത്തിയില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ കൂടി വിലക്കേര്‍പ്പെടുത്തുമെന്നാണ് ഫിഫ അറിയിച്ചിരിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എത്തിച്ചിട്ടും കിരീടമൊന്നും ലഭിക്കാത്ത അല്‍ നസര്‍ പുതിയ സീസണില്‍ കൂടുതല്‍ മികച്ച താരങ്ങളെയെത്തിച്ച് ടീം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തിരിച്ചടി. ഇന്റര്‍മിലാന്‍ താരം ബ്രോസോവിച്ചിനെ ടീമിലെത്തിച്ച അല്‍ നസര്‍ ചെല്‍സിയുടെ ഹക്കീം സിയെച്ചുമായും ചര്‍ച്ചകള്‍ തുടരുകയാണ്. വമ്പന്‍ താരങ്ങള്‍ സൗദിയിലെ മറ്റ് ക്ലബ്ബുകളിലെത്തുന്ന സാഹചര്യത്തില്‍ നടപടി അല്‍നസറിന് വലിയ തിരിച്ചടിയാണ്.
അടുത്തിടെ സൗദി ഫുട്‌ബോളിനെതിരെ കടുത്ത വിമര്‍ശനവുമായി യുവേഫ രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്ക് അര്‍ഹിച്ചതില്‍ കൂടുതല്‍ പണംനല്‍കുന്നത് സൗദി ക്ലബുകള്‍ക്ക് തിരിച്ചടിയാവുമെന്നും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിന്‍ മുന്നറിയിപ്പ് നല്‍കി. വമ്പന്‍ താരങ്ങളുടെ കൂടുമാറ്റത്തില്‍ യൂറോപ്യന്‍ ക്ലബുകള്‍ക്ക് ആശങ്കവേണ്ടെന്നും പണംവാരിയെറിഞ്ഞതുകൊണ്ട് സൗദി ഫുട്‌ബോളിന് കാര്യമായി നേട്ടങ്ങളുണ്ടാവില്ലെന്നും സെഫറിന്‍ പറയുന്നു.
''കരിയറിന്റെ അവസാന കാലത്തുള്ള കളിക്കാര്‍ക്ക് വലിയ പ്രതിഫലം നല്‍കാനുള്ള സൗദി ക്ലബുകളുടെ തീരുമാനം വൈകാതെ തിരിച്ചടിയായി മാറും. പണംമാത്രം ലക്ഷ്യമിട്ട് എത്തുന്ന കളിക്കാര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാന്‍ കഴിയില്ല. മുന്‍പ് ചൈനീസ് ക്ലബുകള്‍ സമാനരീതി പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. സൗദി ഫുട്‌ബോളിന് ഇതിലൂടെ ഗുണമൊന്നും കിട്ടില്ല. ഫുട്‌ബോള്‍ വളരാനാണ് സൗദി ആഗ്രഹിക്കുന്നതെങ്കില്‍ അക്കാദമികളിലാണ് പണം നിക്ഷേപിക്കേണ്ടത്.'' സെഫറിന്‍ കൂട്ടിചേര്‍ത്തു.