വെറും 132 സെക്കന്‍റ് മാത്രം; ദേ വന്നൂ, ദാ പോയി! റൊണാള്‍ഡോയെ അസ്വസ്ഥപ്പെടുത്തി ചോദ്യങ്ങള്‍
ചരിത്രം കുറിച്ച ഗോൾ നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാര്‍ത്താസമ്മേളനം നീണ്ടു നിന്നത് 132 സെക്കന്‍റ് മാത്രമാണ്. ഘാനക്കെതിരായ മത്സരത്തലേന്ന് റൊണാൾഡോ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു.
ദോഹ: ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഘാനയെ പരാജയപ്പെടുത്തിയെങ്കിലും മത്സരശേഷമുള്ള വാര്‍ത്താസമ്മേളനം അതിവേഗം മതിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ദേ വന്നൂ, ദാ പോയി! ചരിത്രം കുറിച്ച ഗോൾ നേട്ടത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാര്‍ത്താസമ്മേളനം നീണ്ടു നിന്നത് 132 സെക്കന്‍റ് മാത്രമാണ്. ഘാനക്കെതിരായ മത്സരത്തലേന്ന് റൊണാൾഡോ മാധ്യമങ്ങളെ ഒഴിവാക്കിയിരുന്നു.
എന്നാല്‍, മത്സരത്തിന് ശേഷം മാന്‍ ഓഫ് ദ് മാച്ച് ബഹുമതി കിട്ടിയതോടെ വാര്‍ത്താ സമ്മേളനത്തിന് വരേണ്ടിവന്നു. എന്നാൽ, മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ സൂപ്പര്‍ താരം അസ്വസ്ഥനായി. ഇതോടെ കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനിൽക്കാതെ റൊണാൾഡോ മടങ്ങുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടഞ്ഞ അധ്യായമാണെന്ന് പോര്‍ച്ചുഗീസ് താരം പറഞ്ഞു.
വിവാദക്കൊടുങ്കാറ്റ് വീശിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‍സിന് നാടകീയ അന്ത്യമാണ് ഉണ്ടായത്. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ താരം ക്ലബില്‍ സന്തുഷ്ടനായില്ല. കോച്ച് എറിക് ടെന്‍ ഹാഗും ക്രിസ്റ്റ്യാനോയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് നാളുകളായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്ലബ് വിടാന്‍ സിആർ7 നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോച്ചും ക്ലബും ഇതിന് അനുവദിച്ചിരുന്നില്ല.
എന്നാല്‍ സീസണിലെ ഏറെ മത്സരങ്ങളില്‍ ബഞ്ചിലിരുന്ന താരം അടുത്തിടെ മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്.
എന്നാല്‍, ക്ലബ്ബിന്‍റെ മേല്‍വിലാസങ്ങളൊന്നും ഇല്ലാതെ ലോകകപ്പിലെ ആദ്യ മത്സരത്തിലിറങ്ങിയ താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയാണ് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളം വിട്ടത്. തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ആണ് സിആര്‍ 7 സ്വന്തമാക്കിയത്.
ഒരു ക്ലബ്ബിന്‍റെയും മേല്‍വിലാസമില്ല; പക്ഷേ, ഇത് സിആര്‍ 7 അല്ലേ, ആ പെനാല്‍റ്റി ചരിത്രത്തിലേക്ക്