ഗോള്‍ദാഹം തീരാത്ത ബൂട്ടുകള്‍; റോണോ പോയിടത്തെല്ലാം രാജാവ്, റെക്കോര്‍ഡ്
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്, ഇപ്പോഴിതാ ഇറ്റാലിയൻ ക്ലബ് യുവന്റസിലും സൂപ്പർ താരം ടോപ് സ്‌കോറർ.
ടൂറിന്‍: യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗിൽ മൂന്നിലും കളിച്ചിട്ടുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. മൂന്നിടത്തും സ്വന്തം പാദമുദ്ര പതിപ്പിച്ചാണ് താരം ഓരോ
സീസണും കളിച്ചുതീർക്കുന്നത്. ഇത്തവണ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോററാണ് റൊണാൾഡോ. അതും ഒരു ചരിത്രനേട്ടം സ്വന്തമാക്കി. എന്നാല്‍ സെരി എ കിരീടം യുവന്‍റസിന് സമ്മാനിക്കാനായില്ല.
കപ്പലടുക്കും കരയെല്ലാം കീഴടക്കിയ പോർച്ചുഗീസ് നാവികരുടെ പോരാട്ടവീര്യമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്. പറങ്കിപ്പട്ടാളത്തിന് തോക്കും യുദ്ധതന്ത്രവുമായിരുന്നു ബലം. ക്രിസ്റ്റ്യാനോയ്ക്ക് ഫുട്ബോൾ ഇന്റലിജൻസും വിശ്വരൂപം പുൽകുന്ന ബൂട്ടുകളുമാണ് കരുത്ത്. പറങ്കികൾ പടയായ് വന്ന് നാട് കീഴടക്കുമ്പോൾ ക്രിസ്റ്റ്യാനോ ഒറ്റയ്‌ക്ക് വന്ന് മണ്ണും വിണ്ണും മനസ്സും കീഴടക്കും.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്‌പാനിഷ് ക്ലബ് റയൽ മാഡ്രിഡ്, ഇപ്പോഴിതാ ഇറ്റാലിയൻ ക്ലബ് യുവന്റസിലും സൂപ്പർ താരം ടോപ് സ്‌കോറർ. 29 ഗോളുമായി സീസണിലെ ഗോളടി വീരനായി. നേട്ടത്തോടെ, യൂറോപ്പിലെ മൂന്ന് പ്രധാന ലീഗുകളില്‍ ടോപ് സ്‌കോററായ ഏക കാൽപ്പന്തുകാരനായി മാറി ഈ മുപ്പത്തിയാറുകാരന്‍.
ഈ മാസം തന്നെയാണ് ക്രിസ്റ്റ്യാനോ യുവന്റസിന് വേണ്ടി നൂറ് ഗോൾ തികച്ചതും. യുണൈറ്റഡ്, റയൽ മാഡ്രിഡ് ക്ലബുകൾക്ക് പുറമെ ദേശീയ കുപ്പായത്തിലും നൂറ് ഗോള്‍ നേട്ടമുണ്ട് സിആര്‍7ന്.
ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ട് യുവന്റസിൽ റൊണാൾഡോയ്ക്ക്. കരിയർ തുടങ്ങിയ സ്പോട്ടിങ് ലിസ്ബണിലേക്ക് മടങ്ങാന്‍ താരത്തിന് മോഹമുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ക്രിസ്റ്റ്യാനോ മനസ് തുറക്കുംവരെ ഹെഡറിനുളള ചാട്ടം പോലെ കുറച്ചുനേരം എല്ലാം അന്തരീക്ഷത്തിൽ ചുറ്റിപ്പറ്റി നിൽക്കട്ടെ.
'ലെവന്‍'ഡോവ്‌സ്‌കി പുലിയാണ്, ഗോൾഡൺ ഷൂ; ചരിത്രമെഴുതി മെസിയും റോണോയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona