ക്രിസ്റ്റിയാനോ രണ്ടും കല്‍പ്പിച്ച് തന്നെ; ദേശീയഗാനത്തിനിടെ വികാരാധീനനായി പോര്‍ച്ചുഗീസ് താരം
മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോള്‍ തന്നെ താരം വികാധീനനായിരുന്നു. അഭിമാനത്തോടെ ദേശീയഗാനം ഏറ്റുപാടുമ്പോഴെല്ലാം താരത്തിന്റെ കണ്ണ് നിറയുണ്ടായിരുന്നു.
ദോഹ: ഫിഫ ലോകകപ്പില്‍ എച്ച് ഗ്രൂപ്പില്‍ ഘാനയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 65ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. 37കാരനായ റൊണാള്‍ഡോയുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എല്ലാം മറന്ന് പോരാടാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം.
മത്സരം തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം ആലപിക്കുമ്പോള്‍ തന്നെ താരം വികാധീനനായിരുന്നു. അഭിമാനത്തോടെ ദേശീയഗാനം ഏറ്റുപാടുമ്പോഴെല്ലാം താരത്തിന്റെ കണ്ണ് നിറയുണ്ടായിരുന്നു. ചിത്രങ്ങള്‍ കാണാം..
ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ഗോളടിക്ക് തുടക്കമിട്ടപ്പോള്‍ ജാവോ ഫെലിക്‌സ്, റാഫേല്‍ ലിയോ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ആന്ദ്രേ അയൂ, ഒസ്മാന്‍ ബുകാരി എന്നിവരാണ് ഘാനയുടെ ഗോളുകള്‍ നേടിയത്.
മത്സരത്തില്‍ ആദ്യപകുതിയില്‍ പോര്‍ച്ചുഗലിന് തന്നെയായിരുന്നു ആധിപത്യം. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ ലക്ഷ്യത്തില്‍ നിന്ന് മാത്രം അകന്നുനിന്നു. 10-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന് ഗോളിനുള്ള അവസരം ലഭിക്കുന്നത്. ബെര്‍ണാഡോ സില്‍വയുടെ ത്രൂബോള്‍ റൊണാള്‍ഡോ സ്വീകരിച്ച് ഗോളിന് ശ്രമിച്ചെങ്കിലും ഘാന ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി. 13-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡ്ഡര്‍ ശ്രമവും പരാജയപ്പെട്ടു.
28-ാം മിനിറ്റില്‍ ജാവോ ഫിലിക്‌സിന്റെ ഷോട്ട് ലക്ഷ്യത്തില്‍ നിന്നകന്നുപോയി. 31-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഗോള്‍ നേടിയെങ്കിലും റഫറി ഫൗള്‍ വിളിച്ചിരുന്നു. ഘാന അമിതമായി പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് അവര്‍ക്ക് വിനയായത്. ബോക്‌സില്‍ റൊണാള്‍ഡോയെ പ്രതിരോധതാരം സലിസു വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് കൈ നീട്ടിയത്. ക്രിസ്റ്റിയാനോയുടെ ബുള്ളറ്റ് ഷോട്ടിന് ഘാന ഗോള്‍കീപ്പര്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല. 65-ാം മിനിറ്റിലായിരുന്നു ഗോള്‍.
എന്നാല്‍ എട്ട് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷത്തിന് ആയുസ്. കുഡുസിന്റെ നിലംപറ്റെയുള്ള ക്രോസില്‍ കാലുവച്ചാണ് അയൂ വലകുലുക്കിയത്. സ്‌കോര്‍ 1-1. എന്നാല്‍ 78-ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ഫെലിക്‌സ് അനായാസം ഗോല്‍ കീപ്പറെ കീഴടക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം മൂന്നാം ഗോള്‍. ഇത്തവണയും ഗോളിന് പിന്നിസല്‍ പ്രവര്‍ത്തിച്ചത് ബ്രൂണോയായിരുന്നു. പകരക്കാരനായി ഇറങ്ങിയ ലിയാവോയുടെ ക്ലിനിക്കല്‍ ഫിനിഷ്. തിരിച്ചടിക്ക് കിണഞ്ഞ് ശ്രമിച്ച ഘാനയ്ക്ക് ഒരു ഗോള്‍കൂടി മടക്കാനായി. ബുകാരിയുടെ ഹെഡ്ഡറാണ് ഗോളില്‍ അവസാനിച്ചത്.