റൊണാള്‍ഡോയുടെ ഭരണം! പോര്‍ച്ചുഗീസ് താരത്തിന് മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി ലിയോണല്‍ മെസിക്ക് നഷ്ടം
ഒരു നേട്ടത്തില്‍ മെസിയെ പിന്നിലാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.
ദുബായ്: ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച രണ്ടുതാരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരില്‍ ആരാണ് കേമനെന്ന തര്‍ക്കം ഇപ്പോഴും തുടരുകയാണ്. ഒന്നരപതിറ്റാണ്ടിലേറെയായി ഫുട്‌ബോള്‍ ലോകം അടക്കി ഭരിക്കുന്ന മെസിയും റൊണാള്‍ഡോയും ഒട്ടുമിക്ക റെക്കോര്‍ഡുകളും പങ്കിട്ടെടുത്തു. കരിയറിന്റെ അവസാന ഘട്ടത്തിലും എതിരാളികളെ വിസ്മയിപ്പിച്ചാണ് ഇരുവരും പന്തുതട്ടുന്നത്.
ഇപ്പോള്‍ ഒരു നേട്ടത്തില്‍ മെസിയെ പിന്നിലാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സാണ് പട്ടിക പുറത്തുവിട്ടത്. 2000 മുതല്‍ റൊണാള്‍ഡോ ആകെ 1204 മത്സരങ്ങള്‍ കളിച്ചിച്ചിട്ടുണ്ട്. 1202 മത്സരങ്ങളുമായി ബ്രസീലിയന്‍ ക്ലബ് ഫ്‌ളുമിനന്‍സ് ഗോള്‍കീപ്പര്‍ ഫാബിയോയാണ് രണ്ടാം സ്ഥാനത്ത്. 1056 മത്സരവുമായി ബ്രസീലിന്റെ മുന്‍താരം ഡാനി ആല്‍വസ് മൂന്നാം സ്ഥാനത്ത്. ലിയോണല്‍ മെസിയാണ് നാലാം സ്ഥാനത്ത്. 1047 മത്സരങ്ങളിലാണ് ഈ നൂറ്റാണ്ടില്‍ മെസി ബൂടുകെട്ടിയത്. 1010 മത്സരങ്ങളുമായി റയല്‍ മാഡ്രിഡിന്റെ ക്രോയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച് അഞ്ചാം സ്ഥാനത്തെത്തി.
54 ഗോളുമായി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡും റൊണാള്‍ഡോ നേരത്തെ സ്വന്തമാക്കിയിരുന്നു. ഇതിനിടെയാണ് റൊണാള്‍ഡോയെ തേടി ഈയൊരു നേട്ടം കൂടിയെത്തിയത്.
അതേസമയം, ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് മെസി. ഈമാസം 19നാണ് മെസിയുടെ ആദ്യമത്സരം. ഇന്റര്‍ മയാമി ജഴ്സിയിലാണ് മെസി പുതുവര്‍ഷത്തില്‍ ആദ്യമായി കളിക്കളത്തില്‍ ഇറങ്ങുക. ഇന്റര്‍ മയാമിയുടെ എതിരാളികള്‍ എല്‍സാല്‍വദോര്‍ ദേശീയ ടീമാണ്. തുടര്‍ന്ന് ലിയോണല്‍ മെസിയും സംഘവും ഏഷ്യന്‍ ടീമുകളുമായുള്ള പോരാട്ടത്തിനെത്തും.
ഡാരില്‍ മിച്ചലും വില്യംസണും അടിച്ചിട്ടു! സൗത്തി എറിഞ്ഞും വീഴ്ത്തി; പാകിസ്ഥാനെതിരെ ആദ്യ ടി20 കിവീസിന്