സൗദി പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്ക്, 30000 സൗദി റിയാല്‍ പിഴ
മത്സരത്തിനിടെ മെസി മെസി എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം
റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് സസ്‌പെന്‍ഷന്‍. ഒരു കളിയിലാണ് ലീഗില്‍ അല്‍ നസ്‌ര്‍ ക്ലബിന്‍റെ താരമായ റോണോയ്‌ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാല്‍ പിഴയും ക്രിസ്റ്റ്യാനോയ്‌ക്ക് എതിരെ ചുമത്തിയിട്ടുണ്ട് എന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു. നടപടിയിന്‍മേല്‍ ക്രിസ്റ്റ്യാനോയ്‌ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ച അല്‍ നസ്ര്- അല്‍ ഷബാബ് മത്സരത്തില്‍ 'മെസി...മെസി' എന്ന് ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അശ്ലീല ആംഗ്യം. മത്സരം കഴിഞ്ഞ് ഗ്രൗണ്ടില്‍ നിന്ന് മടങ്ങും മുമ്പായിരുന്നു ഇത്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ മോശം ആംഗ്യം മൈതാനത്തെ ടെലിവിഷന്‍ ക്യാമറകളില്‍ കാണിച്ചില്ലെങ്കിലും ഗ്യാലറിയിലെ ചില ആരാധകര്‍ പകര്‍ത്തിയ വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ സംഭവത്തില്‍ സിആര്‍7നെതിരെ നടപടി ഉറപ്പായിരുന്നു. സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മോശം പെരുമാറ്റത്തില്‍ വിവാദത്തിലാവുന്നത് ഇതാദ്യമല്ല. 2023 ഏപ്രിലില്‍ അല്‍ ഹിലാലിനെതിരായ മത്സരത്തിന് ശേഷം ഡഗൗട്ടിലേക്ക് മടങ്ങവേ ക്രിസ്റ്റ്യാനോ കാട്ടിയ ആംഗ്യവും വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
സൗദി പ്രോ ലീഗില്‍ നിലവില്‍ രണ്ടാംസ്ഥാനക്കാരായ അല്‍ നസ്‌റിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് തിരിച്ചടിയാവും. ഞായറാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തില്‍ അല്‍ നസ്ര്, അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. പെനാല്‍റ്റി ഗോളാക്കി റൊണാള്‍ഡോ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിരുന്നു. ടലിസ്കയാണ് നസ്‌റിന്‍റെ മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം