'അത് ഫൗളല്ല', തന്നെ വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനൽറ്റി വേണ്ടെന്ന് പറഞ്ഞ് ഞെട്ടിച്ച് റൊണാൾഡോ-വീഡിയോ

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണറപ്പുകളായിട്ടുള്ള ഇറാനിയന്‍ ക്ലബ്ബ് പെര്‍സെപോളിസിനെതിരായ മത്സരത്തിലായിരുന്നു ആരാധകരുടെ കൈയടി വാങ്ങിയ റൊണാള്‍ഡോയുടെ നടപടി.

Cristiano Ronaldo Asks Referee To Reverse Own Penalty Decision against Persepolis

റിയാദ്: പെന‍ല്‍റ്റി ബോക്സിലെ ഫൗളുകള്‍ക്ക് റഫറിമാര്‍ പെനല്‍റ്റി കിക്ക് വിധിക്കുക സ്വാഭാവികമാണ്. പെനല്‍റ്റി കിട്ടാനായി കളിക്കാര്‍ പലപ്പോഴും അഭിനയിക്കുന്നതും നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ബോക്സില്‍ തന്നെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി കിക്ക് വേണ്ടെന്ന് വെച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയായിരുന്നു തന്‍റെ ടീമിന് അനുകൂലമായി വിധിച്ച പെനല്‍റ്റി കിക്ക് അത് ഫൗളല്ലെന്ന് റഫറിയെ ബോധ്യപ്പെടുത്തി റൊണാള്‍ഡോ തിരുത്തിച്ചത്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് തവണ റണ്ണറപ്പുകളായിട്ടുള്ള ഇറാനിയന്‍ ക്ലബ്ബ് പെര്‍സെപോളിസിനെതിരായ മത്സരത്തിലായിരുന്നു ആരാധകരുടെ കൈയടി വാങ്ങിയ റൊണാള്‍ഡോയുടെ നടപടി. പെര്‍സെപോളിസ് ഡിഫന്‍ഡറുടെ കാലില്‍ തട്ടി റൊണാള്‍ഡോ പെനല്‍റ്റി ബോക്സില്‍ വീണതിന് പിന്നാലെ ഓടിയെത്തിയ അല്‍ നസ്ര്‍ താരങ്ങള്‍ കൂട്ടത്തോടെ പെനല്‍റ്റിക്കായി റഫറിയോട് വാദിച്ചു. റഫറി സ്പോട്ട് കിക്കിനായി വിരല്‍ ചൂണ്ടുകയും ചെയ്തു.

ഐഎസ്എൽ: ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ് ഒന്നാമത്, വിജയഗോളടിച്ചത് മിലോസ് ഡ്രിൻസിച്ച്

എന്നാല്‍ അത് ഫൗളല്ലെന്നും ഡിഫന്‍ഡറുടെ കാലില്‍ തട്ടി താന്‍ വീഴുകയായിരുന്നുവെന്നും പെനല്‍റ്റി വിധിച്ച തീരുമാനം പിന്‍വലിക്കണമെന്നും റൊണാള്‍ഡോ റഫറിക്ക് അടുത്തെത്തി ബോധ്യപ്പെടുത്തി. തുടര്‍ന്ന് റഫറി വാര്‍ പരിശോധന നടത്തിയശേഷം അല്‍ നസ്റിന് അനുകൂലമായി വിധിച്ച പെനല്‍റ്റി റദ്ദാക്കുകയും ചെയ്തു.  മത്സരത്തിന്‍റെ തുടക്കത്തില്‍ പെര്‍സെപോളിസ് അടിച്ച ഗോള്‍ റഫറി അനുവദിച്ചിരുന്നില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിയുകയും ചെയ്തു. രണ്ടാം പകുതിയില്‍ കഴുത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് റൊണാള്‍ഡോയെ 77-ാം മിനിറ്റില്‍ അല്‍ നസ്ര്‍ പിന്‍വവലിച്ചു.

മത്സരം ഗോള്‍രഹിത സമനിലയായെങ്കിലും അല്‍ നസ്ര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് ഇയിലെ മറ്റെല്ലാ മത്സരങ്ങളും ജയിച്ച അല്‍ നസ്റിന് ഒരു പോയന്‍റ് മാത്രമായിരുന്നു പ്രീ ക്വാര്‍ട്ടറിലെത്താന്‍ വേണ്ടിയിരുന്നത്. സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച അല്‍ ഹിലാലിനെതിരെ ആണ് അല്‍ നസ്‌റിന്‍റെ അടുത്ത മത്സരം. ജയിച്ചാല്‍ അല്‍ നസ്റിന് പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios