പ്രീ സീസണ്‍: പിഎസ്‌ജിയെ പിടിച്ചുകെട്ടി റൊണാള്‍ഡോയുടെ അൽ നസ്ര്‍
രണ്ട് വമ്പന്‍ തോല്‍വികള്‍ കഴിഞ്ഞെത്തിയ അല്‍ നസ്‌റിന് പിഎസ്‌ജിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്
ഓസക: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയ അൽ നസ്ര്‍- പിഎസ്‌ജി പ്രീ സീസണ്‍ സന്നാഹ മത്സരം ഗോള്‍രഹിതം. 90 മിനുറ്റുകളിലും മൂന്ന് മിനുറ്റ് ഇഞ്ചുറിടൈമിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. സൗദി ക്ലബ് അൽ നസ്‌റിനായി റോണോ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടായിരുന്നു. അതേസമയം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയില്‍ സബ്സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിലുണ്ടായിരുന്നെങ്കിലും നെയ്‌മര്‍ ജൂനിയര്‍ മൈതാനത്തിറങ്ങിയില്ല. ക്ലബുമായി ഇടഞ്ഞ് നിൽക്കുന്ന സൂപ്പർ താരം കിലിയൻ എംബാപ്പെ ഇല്ലാതെ ജപ്പാനിൽ പ്രീ സീസണിന് എത്തിയത് പിഎസ്‌ജിയുടെ പ്രകടനത്തെ ബാധിച്ചു. ഇരു ടീമുകളും ഗോളിനായി ശ്രമിച്ചെങ്കിലും ശക്തമായ നസ്ര്‍ പ്രതിരോധം മത്സരത്തില്‍ നിര്‍ണായകമായി.
ജപ്പാനില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കൂടി പിഎസ്‌ജിക്ക് അവശേഷിക്കുന്നുണ്ട്. രണ്ട് വമ്പന്‍ തോല്‍വികള്‍ കഴിഞ്ഞെത്തിയ അല്‍ നസ്‌റിന് പിഎസ്‌ജിയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്. റൊണാള്‍ഡോയ്‌ക്കും സംഘത്തിനും ഒരു സൗഹൃദ മത്സരം കൂടി പ്രീ സീസണില്‍ അവശേഷിക്കുന്നുണ്ട്.
മാഞ്ചസ്റ്റര്‍ ടീമുകള്‍ കളത്തിലേക്ക്
പ്രീ സീസൺ സന്നാഹ മത്സരത്തിൽ മാഞ്ചസ്റ്റർ ടീമുകൾ നാളെ ഇറങ്ങും. യുണൈറ്റഡിന് വെയിൽസ് ക്ലബ് റെക്‌സ്‌ഹാമാണ് എതിരാളികൾ. ഇന്ത്യന്‍ സമയം ബുധനാഴ്‌ച രാവിലെ 8 മണിക്കാണ് മത്സരം തുടങ്ങുക. പ്രീ സീസണിൽ തുടർച്ചയായ നാലാം ജയമാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്. ലീഡ്‌സ്, ലിയോൺ, ആഴ്‌സനൽ ടീമുകളെ യുണൈറ്റഡ് തോൽപ്പിച്ചിരുന്നു. വമ്പൻ പോരിൽ നാളെ മാഞ്ചസ്റ്റർ സിറ്റി ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് നാല് മണിക്കാണ് മത്സരം തുടങ്ങുക.
തടിതപ്പി ലിവര്‍പൂള്‍
മറ്റൊരു പ്രീ സീസൺ സന്നാഹ മത്സരത്തിൽ ലിവർപൂളിനെ ജർമൻ രണ്ടാം ഡിവിഷൻ ക്ലബ് ഫുർത് വിറപ്പിച്ചു. കളി തീരാൻ ഒരു മിനിറ്റ് അവശേഷിക്കുമ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ നേടിയ ഗോളിന് ലിവർപൂൾ തോൽവി ഒഴിവാക്കി രക്ഷപ്പെടുകയായിരുന്നു. ഇരു ടീമും നാല് ഗോൾ വീതം നേടി. രണ്ട് ഗോൾ നേടിയ ഡാർവിൻ നുനിയസും ഒരു തവണ വലകുലുക്കി ലൂയിസ് ഡിയാസുമാണ് ലിവർപൂളിന്‍റെ മറ്റ് സ്കോറര്‍മാര്‍. ഞായറാഴ്ച ലെസ്റ്റർ സിറ്റിക്കെതിരായാണ് ലിവർപൂളിന്‍റെ അടുത്ത മത്സരം. സന്നാഹ മത്സരത്തിൽ ലിവർപൂൾ ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കുമായും ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം