റൊണാള്‍ഡോ തിരിച്ചെത്തി, എന്നിട്ടും രക്ഷയില്ല! സൗദിയില്‍ അല്‍ നസ്‌റിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി
കരീം ബെന്‍സേമയുടെ അല്‍ ഇത്തിഹാദ് മത്സരം ജയിച്ചിരുന്നു. ബെന്‍സേമ ഗോളൊന്നും നേടിയില്ലെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇത്തിഹാദ് ജയിച്ചത്. ഇഗോര്‍ കൊറൊണാഡോ രണ്ട് ഗോള്‍ നേടി.
റിയാദ്: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്‌റിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. അല്‍ താവൂന്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസ്‌റിനെ തോല്‍പിച്ചത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയിട്ടും അല്‍ നസ്‌റിന് രക്ഷയുണ്ടായില്ല. ഇരുപതാം മിനിറ്റില്‍ തവാംബയും ഇഞ്ചുറിടൈമില്‍ ബഹുസ്യാനുമാണ് താവൂന്റെ ഗോളുകള്‍ നേടിയത്. സാദിയോ മാനേ ഒരുഗോള്‍ മടക്കിയെങ്കിലും ഓഫ് സൈഡ് വിധിച്ചു. റൊണാള്‍ഡോയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ആദ്യ രണ്ട് കളിയും തോറ്റതോടെ ലീഗില്‍ പതിഞ്ചാം സ്ഥാനത്താണിപ്പോള്‍ അല്‍ നസ്ര്‍.
അതേസമയം, കരീം ബെന്‍സേമയുടെ അല്‍ ഇത്തിഹാദ് മത്സരം ജയിച്ചിരുന്നു. ബെന്‍സേമ ഗോളൊന്നും നേടിയില്ലെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇത്തിഹാദ് ജയിച്ചത്. ഇഗോര്‍ കൊറൊണാഡോ രണ്ട് ഗോള്‍ നേടി. അബ്ദേര്‍റസാഖ് ഹംദല്ലായുടെ വകയായിരുന്നു മറ്റൊരു ഗോള്‍. നെയ്മറിനെ സ്വന്തമാക്കിയ അല്‍ ഹിലാലും ആദ്യമ്ത്സരം ജയിച്ചിരുന്നു. നെയ്മര്‍ അരങ്ങേറിയിട്ടില്ല. ഇന്ന് അല്‍ ഹിലാലിന് രണ്ടാം മത്സരമുണ്ട്. എന്നാല്‍ ബ്രസീലിയന്‍ താരം കളിക്കാന്‍ സാധ്യതയില്ല.
കഴിഞ്ഞ ദിവസം യൂറോപ്യന്‍ ക്ലബ്ബുകള്‍ മാത്രം മത്സരിക്കുന്ന യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രോ ലീഗ് ജേതാക്കള്‍ക്കും കളിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി യുവേഫയെ സമീപിച്ചിരുന്നു സൗദി പ്രൊ ലീഗ് അധികൃതര്‍. 2024-2025 സീസണ്‍ മുതല്‍ സൗദി ജേതാക്കള്‍ക്കും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കണമെന്നാണ് ആവശ്യം. ഇറ്റാലിയന്‍ മാധ്യമമായ കൊറൈറെ ഡെല്ലെ സ്‌പോര്‍ട്ടിനെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ചാമ്പ്യന്‍സ് ലീഗിന്റെ പരമ്പരാഗത രീതി പൊളിച്ചെഴുതണമെന്നും പ്രൊ ലീഗ് അധികൃതര്‍ യുവേഫയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓരോ ടീമിനും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ എട്ട് മത്സരങ്ങള്‍ കളിക്കാന്‍ കഴിയുന്ന രീതിയില്‍ മത്സരങ്ങള്‍ ക്രമീകരിക്കണം. ഇതുവഴി കൂടുതല്‍ വരുമാനവും ഉറപ്പുവരുത്താനാവുമെന്നും പ്രൊ ലീഗ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കടപ്പാട് അവരോട്! അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20 വിജയത്തിന് പിന്നാലെ മനസ് തുറന്ന് ജസ്പ്രിത് ബുമ്ര