കൊവിഡ് 19: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി മാറ്റി
കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കണക്കിലെടുകത്ത് തുർക്കിയെ ബ്രിട്ടൺ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട് ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ സര്‍ക്കാര്‍ അനുവദിക്കില്ല.
ലണ്ടന്‍: ഈ മാസം 29ന് തുർക്കിയിലെ ഇസ്‌താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്‍റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ പോര്‍ട്ടോ ആണ് പുതിയ വേദിയായി പ്രഖ്യാപിച്ചത്. തുര്‍ക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയുമാണ് കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുക.
കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കണക്കിലെടുകത്ത് തുർക്കിയെ ബ്രിട്ടൺ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട് ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ സര്‍ക്കാര്‍ അനുവദിക്കില്ല. ഇസ്താംബൂളില്‍ മത്സരം നടത്തിയാല്‍ മത്സരത്തിനായി യാത്ര ചെയ്യുന്ന താരങ്ങള്‍ തിരികെ വന്നാൽ ക്വാറന്‍റീനിൽ കഴിയേണ്ടതായും വരും.
ഇംഗ്ലീഷ് ആരാധകര്‍ക്ക് മത്സരം കാണാനായി തുര്‍ക്കിയിലേക്ക് പോകാനുമാകില്ല. എന്നാല്‍ പോര്‍ച്ചുഗല്‍ ബ്രിട്ടന്‍റെ ഗ്രീന്‍ ലിസ്റ്റിലാണുള്ളത്. പോര്‍ച്ചുഗലില്‍ ലോക്ക് ഡൗണ്‍ അവസാന ഘട്ടത്തിലാണ്. ഈ മാസം 17നു യാത്രാ നിയന്ത്രണങ്ങളും നീക്കുമെന്നാണ് കരുതുന്നത്.പോര്‍ട്ടോ വേദിയായി തെരഞ്ഞെടുത്തതോടെ ഇംഗ്ലീഷ് ആരാധകര്‍ക്ക് മത്സരം കാണാനായി യാത്ര ചെയ്യാനാവും. ഇരു ടീമിന്‍റെയും ആരാധകര്‍ക്ക് 6000 ടിക്കറ്റുകള്‍ വീതമായിരിക്കും അനുവദിക്കുകയെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിലെ വെംബ്ലിയും ഫൈനല്‍ വേദിയായി യുവേഫ പരിഗണിച്ചിരുന്നു. ഫൈനൽ നടത്താൻ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona