എൽ ക്ലാസിക്കോ രാത്രി; റയലിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ബാഴ്‌സ, പരിക്കില്‍ വലഞ്ഞ് സാവിപ്പട

സാന്‍റിയാഗോ ബെർണബ്യൂവിൽ നേരിട്ട ഒരു ഗോൾ തോൽവിയുടെ കടവുമായാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ തട്ടകത്തിലേക്കെത്തുന്നത്

Copa del Rey 2023 Barcelona vs Real Madrid Semi Final Leg 2 Preview and How to watch El Clasico in India jje

ക്യാംപ്‌നൗ: കോപ്പ ഡെൽറെയിൽ ഇന്ന് വീണ്ടും എൽ ക്ലാസിക്കോ പോരാട്ടം. രണ്ടാംപാദ സെമിയിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടും. ക്യാംപ്‌നൗവിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരത്തിന് കിക്കോഫാവുക. 

സാന്‍റിയാഗോ ബെർണബ്യൂവിൽ നേരിട്ട ഒരു ഗോൾ തോൽവിയുടെ കടവുമായാണ് റയൽ മാഡ്രിഡ് ബാഴ്‌സലോണയുടെ തട്ടകത്തിലേക്കെത്തുന്നത്. കറ്റാലന്മാരാകട്ടെ തുടരെ മൂന്ന് എൽ ക്ലാസിക്കോയിലും റയലിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലും. ഫൈനലുറപ്പിക്കാൻ സമനില മാത്രം മതി സാവിക്കും സംഘത്തിനും. അവസാന 5 മത്സരങ്ങളും ജയിച്ചാണ് ബാഴ്സലോണ ഇറങ്ങുന്നത്. എന്നാൽ പരിക്കാണ് കോച്ച് സാവിയുടെ ആശങ്ക. പെഡ്രിയും ഫ്രാങ്കി ഡിയോങ്ങും ഇന്നും കളിക്കില്ല. അതിനാല്‍ ലാ ലിഗയിലെ ഗോൾവേട്ടക്കാരൻ റോബർട്ട് ലെവൻഡോവ്സ്‌കിയിൽ തന്നെ പ്രതീക്ഷ. സസ്പെൻഷൻ കഴിഞ്ഞ് റഫീഞ്ഞ തിരിച്ചെത്തും.

ലാ ലിഗയിൽ ബാഴ്‌സലോണ കിരീടം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിൽ റയലിനിത് ജീവന്മരണ പോരാട്ടമാണ്. വയ്യാഡോളിഡിനെ എതിരില്ലാത്ത ആറ് ഗോളിന് തകർത്താണ് റയൽ വരുന്നത്. അവസാന മത്സരത്തിൽ ഹാട്രിക്കുമായി തിളങ്ങിയ കരീം ബെൻസെമയുടെ കാലുകളിലേക്കാണ് റയൽ ഉറ്റുനോക്കുന്നത്. അന്‍റോണിയോ റൂഡിഗർ റയൽ നിരയിൽ മടങ്ങിയെത്തും.

നേർക്കുനേർ പോരിൽ 253 മത്സരങ്ങളിൽ 101 ജയവുമായി റയലാണ് മുന്നിൽ. 100 ജയമുള്ള ബാഴ്‌സയ്ക്ക് ഇന്ന് ജയിച്ചാൽ റയലിന് ഒപ്പമെത്താം. അവസാന 6 എൽ ക്ലാസിക്കോയിൽ അഞ്ചിലും ജയിക്കാൻ ബാഴ്‌സയ്ക്കായിട്ടുണ്ട് എന്നത് ആത്മവിശ്വാസം നല്‍കും. സൂപ്പർ കപ്പിൽ റയലിനെ തോൽപ്പിച്ചാണ് ബാഴ്‌സലോണ സീസണിലെ ആദ്യ കിരീടം നേടിയത്. എന്തായാലും ക്യാംപ്‌നൗവിലെ പോരാട്ടം ഇരു ടീമിന്‍റെയും ആരാധകരെ സംബന്ധിച്ച് ഇന്ന് അഭിമാനപ്പോരാട്ടമാകും. മത്സരം ടെലിവിഷനിലൂടെ ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും ഫാന്‍കോഡ് ആപ്ലിക്കേഷനും വെബ്‌സൈറ്റും വഴി ലൈവ് സ്‌ട്രീമിങ്ങുണ്ട്. 

ഇഞ്ചുറി ടൈമില്‍ ഒന്നൊന്നര ഗോള്‍! എല്‍ ക്ലാസികോയില്‍ റയലിനെ തകര്‍ത്ത ബാഴ്‌സ താരം കെസിയുടെ ഗോള്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios