കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമാറ്റം, മത്സരം നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും
ലിംഗ സമത്വം ഉറപ്പാക്കാനും വനിതാശാക്തീകരണത്തിനുമുള്ള കോണ്‍മിബോളിന്‍റെ ശക്തമായ ചുവടുവെയ്പ്പാണ് ഈ തീരുമാനമെന്ന് സംഘാടകര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക്: അടുത്ത മാസം തുടങ്ങുന്ന കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ മത്സരം നിയന്ത്രിക്കാന്‍ ടൂര്‍ണമെന്‍റെ ചരിത്രത്തിലാദ്യമായി വനിതാ റഫറിമാരും. ജൂണ്‍ 20 മുതല്‍ ജൂലെ 14വരെ അമേരിക്ക ആതിഥേയരാകുന്ന കോപ അമേരിക്ക ടൂര്‍ണമെന്‍റില്‍ എട്ട് വനിതാ റഫറിമാരാണ് മത്സരം നിയന്ത്രിക്കാനായി ഉണ്ടാകുക.
ടൂര്‍ണമെന്‍റിനുള്ള 101 മാച്ച് ഒഫീഷ്യലുകളുടെ പട്ടിക ലാറ്റിനമേരിക്കന്‍ സോക്കര്‍ ഭരണസമിതിയായ കോണ്‍മിബോള്‍ ഇന്ന് പുറത്തുവിട്ടപ്പോഴാണ് എട്ട് വനിതാ റഫറിമാരും ഇതില്‍ ഇടം നേടിയത്. ബ്രസീലില്‍ നിന്നുള്ള എഡിന ആല്‍വ്സ്, അമേരിക്കയില്‍ നിന്നുള്ള മരിയ വിക്ടോറിയ പെന്‍സോ എന്നിവരാണ് മത്സരം നിയന്ത്രിക്കുന്ന മുഖ്യ റഫറിമാരായി ഗ്രൗണ്ടിലിറങ്ങുക. നിക്കാരഗ്വയില്‍ നിന്നുള്ള താത്യാന ഗുസ്മാന്‍(വാര്‍ ഒഫീഷ്യല്‍), ബ്രസീലില്‍ നിന്നുള്ള ന്യൂസ ബാക്ക്, കൊളംബിയയുടെ മേരി ബ്ലാങ്കോ, വെനസ്വേലയുടെ മിഗ്ദാലിയ റോഡ്രിഗസ്, അമേരിക്കക്കാരായ ബ്രൂക്ക് മയോ, കാതറിൻ നെസ്ബിറ്റ് എന്നിവർ അസിസ്റ്റന്‍റ് റഫറിമാരായും ടൂര്‍ണമെന്‍റിനുണ്ടാകും.
ലിംഗ സമത്വം ഉറപ്പാക്കാനും വനിതാശാക്തീകരണത്തിനുമുള്ള കോണ്‍മിബോളിന്‍റെ ശക്തമായ ചുവടുവെയ്പ്പാണ് ഈ തീരുമാനമെന്ന് സംഘാടകര്‍ പറഞ്ഞു.2021ല്‍ ക്ലബ്ബ് ലോകകപ്പ് മത്സരം നിയന്ത്രിച്ചതിലൂടെ എഡിന ആല്‍വ്സ് പുരുഷ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായിരുന്നു. ബ്രസീല്‍ നിന്ന് തന്നെയുള്ള ന്യൂസ ബാക്കും അമേരിക്കയില്‍ നിന്നുള്ള കാതറിൻ നെസ്ബിറ്റും 2022ലെ ഖത്തര്‍ ലോകകപ്പില്‍ ഒഫീഷ്യലുകളായിട്ടുണ്ട്. ന്യൂസ ബാക്ക്, കാതറിൻ നെസ്ബിറ്റ്, മരിയ വിക്ടോറിയ പെന്‍സോ എന്നിവരെ ഒളിംപിക്സ് ഫുട്ബോള്‍ മത്സരങ്ങളുടെ റഫറിമാരായും തെരഞ്ഞെടുത്തിട്ടുണ്ട്.
നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഇത്തവണ കോപയില്‍ മത്സരിക്കുന്നത്. ലോക ചാമ്പ്യന്‍മാരും നിലവിലെ കോപ ചാമ്പ്യന്‍മാരുമായ അര്‍ജന്‍റീന എ ഗ്രൂപ്പിലാണ്. പെറു, ചിലി കാനഡ ടീമുകളാണ് അര്‍ജന്‍റീനക്കൊപ്പമുള്ളത്. ഡി ഗ്രൂപ്പിലുള്ള ബ്രസീലിന് കൊളംബിയ, പരാഗ്വേ, കോസ്റ്റോറിക്ക എന്നിവരാണ് എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക