അസിസ്റ്റ് കൊണ്ട് കോപ്പയുടെ താരമായി റോഡ്രിഗസ്; ലൗട്ടാരോയ്ക്ക് ഗോള്‍ഡന്‍ ബൂട്ട്, എമിക്ക് ഗോള്‍ഡന്‍ ഗ്ലൗ

ഫൈനലില്‍ ടീം പരാജയപ്പെട്ടപ്പോഴും കൊളംബിയയുടെ നായകന്‍ ജയിംസ് റോഡ്രിഗസ് കോപ്പ അമേരിക്ക 2024ലെ മികച്ച താരം

Copa America 2024 Awards Golden Boot for Lautaro Martinez James Rodriguez Best Player and Emiliano Martinez won Golden Glove

മയാമി: കോപ്പ അമേരിക്ക ഫുട്ബോള്‍ 2024ന്‍റെ ഫൈനലില്‍ കൊളംബിയയെ 1-0ന് തോല്‍പിച്ച് അര്‍ജന്‍റീന കിരീടം ഉയര്‍ത്തിയിരുന്നു. ഫൈനലില്‍ അര്‍ജന്‍റീനയ്‌ക്കായി നേടിയ വിജയഗോളോടെ ലൗട്ടാരോ മാര്‍ട്ടിനസ് ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ടൂര്‍ണമെന്‍റില്‍ മാര്‍ട്ടിനസിന്‍റെ അഞ്ചാം ഗോളായിരുന്നു ഫൈനലില്‍ പിറന്നത്. കലാശപ്പോരില്‍ പകരക്കാരനായി എത്തിയാണ് ലൗട്ടാരോ മാര്‍ട്ടിനസ് അര്‍ജന്‍റീനയ്ക്ക് കിരീടം സമ്മാനിച്ചത്. 

അതേസമയം ഫൈനലില്‍ ടീം പരാജയപ്പെട്ടപ്പോഴും കൊളംബിയയുടെ നായകന്‍ ജയിംസ് റോഡ്രിഗസ് കോപ്പ അമേരിക്ക 2024ലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഗോൾ നേടിയപ്പോൾ ആറ് അസിസ്റ്റുകളാണ് റോഡ്രിഗസിനെ ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആദ്യമായാണ് ഒരു താരം ഒരു കോപ്പ ടൂര്‍ണമെന്‍റില്‍ ഇത്രയേറെ അസിസ്റ്റുകള്‍ നല്‍കുന്നത്. കൊളംബിയയുടെ ഫൈനല്‍ പ്രവേശനത്തില്‍ ജയിംസ് റോഡ്രിഗസിന്‍റെ പ്രകടനം നിര്‍ണായകമായിരുന്നു. അഞ്ച് ക്ലീന്‍ ഷീറ്റുകളോടെ അര്‍ജന്‍റീനന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനസ് ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കി. ഫൈനലിലും എമി തിളങ്ങിയിരുന്നു. ഫൈനലില്‍ ഫിസിക്കല്‍ ഗെയിം പുറത്തെടുത്തെങ്കിലും കൊളംബിയക്കാണ് ഫെയര്‍പ്ലേ പുരസ്‌കാരം. 

കോപ്പയില്‍ കൊളംബിയയെ 1-0ന് തോല്‍പിച്ച് അര്‍ജന്‍റീന 16-ാം കിരീടമാണ് നേടിയത്. അര്‍ജന്‍റീനയുടെ തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം കൂടിയാണിത്. എക്‌സ്‌ട്രാടൈമിലെ 112-ാം മിനുറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് അര്‍ജന്‍റീനക്കായി വിജയഗോള്‍ നേടിയത്. ആദ്യ 90 മിനുറ്റുകളില്‍ ഇരു ടീമിനും ലക്ഷ്യം കാണാനാവാതെ വന്നതോടെയാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. മത്സരത്തിന്‍റെ 66-ാം മിനുറ്റില്‍ അര്‍ജന്‍റീന നായകനും ഇതിഹാസ താരവുമായ ലിയോണല്‍ മെസി കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മൈതാനം വിടുന്ന കണ്ണീര്‍കാഴ്‌ചയ്ക്ക് ഫുട്ബോള്‍ ലോകം സാക്ഷിയായി. മെസിയുടെ കാല്‍ക്കുഴയില്‍ കനത്ത നീര് വീഡിയോകളില്‍ ദൃശ്യമായിരുന്നു.

Read more: ലൗ യൂ മെസി, മരിയ; ലൗട്ടാരോയുടെ ഗോളില്‍ അര്‍ജന്‍റീനയ്‌ക്ക് കോപ്പ അമേരിക്ക കിരീടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios