കോപ്പ അമേരിക്ക: സ്വപ്ന ഫൈനലിന് മുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി
കോപ്പ അമേരിക്കയില്‍ ബ്രസീലും അര്‍ജന്‍റീനയും തമ്മിലുള്ള സ്വപ്ന ഫൈനലാണ് ഞായറാഴ്‌ച വിഖ്യാതമായ മാരക്കാന മൈതാനത്ത് നടക്കാന്‍ പോകുന്നത്.
റിയോ: കോപ്പ അമേരിക്കയില്‍ അര്‍ജന്‍റീനക്കെതിരായ കലാശപ്പോരിന് മുമ്പ് ബ്രസീലിന് തിരിച്ചടി. ചുവപ്പ് കാര്‍ഡ് കണ്ട ഫോര്‍വേഡ് ഗബ്രിയേല്‍ ജെസ്യൂസിന് കോപ്പ ഫൈനല്‍ കളിക്കാനാവില്ല. ചിലെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ 48-ാം മിനുറ്റില്‍ മെനയെ അപകടകരമായി ഫൗള്‍ ചെയ്തതതിന് ജെസ്യൂസിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് കോൺമെബോൾ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനൊപ്പം 5000 ഡോളര്‍ പിഴയും താരത്തിന് ചുമത്തിയിട്ടുണ്ട്.
പെറുവിനെതിരായ സെമി ഫൈനലില്‍ ജെസ്യൂസ് പുറത്തിരുന്നിരുന്നു. ജെസ്യൂസിന് പകരം എവര്‍ട്ടനാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടംപിടിച്ചത്. ഇനി മാരക്കാനയില്‍ ഞായറാഴ്‌ച പുലര്‍ച്ചെ ഇന്ത്യന്‍സമയം 5.30ന് നടക്കുന്ന കലാശപ്പോരിലും താരം പുറത്തിരിക്കും. പരിശീലകന്‍ ടിറ്റെയ്‌ക്ക് കീഴില്‍ ചുവപ്പ് കാര്‍ഡ് രണ്ട് തവണ വാങ്ങിയ ഏക താരമാണ് ഗബ്രിയേല്‍ ജെസ്യൂസ്.
കോപ്പ അമേരിക്കയിലെ സ്വപ്ന ഫൈനലാണ് ഞായറാഴ്‌ച വിഖ്യാതമായ മാരക്കാന മൈതാനത്ത് നടക്കുക. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ട് പെറു താരങ്ങളെ കബളിപ്പിച്ചുള്ള നെയ്മറുടെ മുന്നേറ്റത്തിനൊടുവില്‍ 35-ാം മിനുറ്റില്‍ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ടിലൂടെയായിരുന്നു ബ്രസീലിന്‍റെ വിജയം.
രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്(3-2) അര്‍ജന്‍റീന വീഴ്‌ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഗോളി എമിലിയാനോ മാര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ അര്‍ജന്‍റീനക്ക് സ്വപ്ന ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു.
കാത്തിരിപ്പ് വെറുതെയായില്ല; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അര്‍ജന്‍റീന സ്വപ്ന ഫൈനല്‍
വീറില്ലാതെ പെറു; കോപ്പയില്‍ ബ്രസീല്‍ ഫൈനലില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona