കാത്തിരിപ്പ് വെറുതെയായില്ല; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍

കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്.

Copa America 2021 Argentina face Brazil in Final

ബ്രസീലിയ: ലാറ്റിനമേരിക്കന്‍ ഫുട്ബോളിലെ അര്‍ജന്‍റീന-ബ്രസീല്‍ വൈരത്തിന് എരിതീ കൂട്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. കോപ്പ അമേരിക്കയില്‍ ഇക്കുറി അ‍‍ര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കളമൊരുങ്ങി. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അ‍ര്‍ജന്‍റീന തോല്‍പിച്ചതോടെയാണിത്(3-2). ഗോളി എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ മൂന്ന് തകര്‍പ്പന്‍ സേവുകളാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. നിശ്ചിതസമയത്ത് ഇരു ടീമും 1-1ന് സമനിലയിലായിരുന്നു. ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബ്രസീല്‍ കലാശപ്പോരിന് കഴിഞ്ഞ ദിവസം യോഗ്യത നേടിയത്. 

കളി മാറിയ ഏഴാം മിനുറ്റ്

കിക്കോഫായി ഏഴാം മിനുറ്റില്‍ തന്നെ അര്‍ജന്‍റീന മത്സരത്തില്‍ മുന്നിലെത്തി. ബോക്സിനുള്ളില്‍ മെസി മറിച്ചുനല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്. ഒപ്പമെത്താന്‍ എല്ലാ അടവും പുറത്തെടുക്കുന്ന കൊളംബിയയെ പിന്നീട് കണ്ടു. 36-ാം മിനുറ്റില്‍ റീ-ബൗണ്ടില്‍ നിന്ന് ബോറിയോസ് തൊടുത്ത വോളിയും രണ്ട് മിനുറ്റുകള്‍ക്കുള്ളില്‍ മിനയുടെ തക‍ര്‍പ്പന്‍ ഹെഡറും പോസ്റ്റില്‍ തട്ടിയവസാനിച്ചു. ഇതോടെ അര്‍ജന്‍റീനയുടെ ലീഡോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു. 

തന്ത്രം സമനില

രണ്ടാംപകുതിയിലും കൊളംബിയ പരിക്കന്‍ അടവുകള്‍ പുറത്തെടുത്തതോടെ കളി കാര്യമായി. ലിയോണല്‍ മെസിയായിരുന്നു നിരന്തരം ഇര. അര്‍ജന്‍റീനന്‍ താരങ്ങളും മഞ്ഞക്കാര്‍ഡ് കണ്ടു. ഇതിനിടെ 61-ാം മിനുറ്റില്‍ കൊളംബിയ മത്സരത്തില്‍ ഒപ്പം പിടിച്ചു. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകിക്കില്‍ അര്‍ജന്‍റീനന്‍ താരങ്ങളെ കബളിപ്പിച്ച് ലൂയിസ് ഫെര്‍‍ണാണ്ടോ ഡയസായിരുന്നു തകര്‍പ്പന്‍ ഫിനിഷിംഗിലൂടെ വല ചലിപ്പിച്ചത്. 67-ാം മിനുറ്റില്‍ മറ്റൊരു ഫ്രീകിക്ക് അവസരം തേടിയെത്തിയെങ്കിലും കൊളംബിയന്‍ താരം സാഞ്ചസിന്‍റെ ഷോട്ടിന് ഗോളിയെ കീഴടക്കാന്‍ കരുത്തില്ലായിരുന്നു. 

മരിയ മിന്നലായി, പക്ഷേ

74-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടെ മിന്നല്‍ മുന്നേറ്റത്തിനൊടുവില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് മാര്‍ട്ടിനസ് ഷോട്ടുതിര്‍ത്തെങ്കിലും മിനയുടെ ക്ലാസിക് ബ്ലോക്ക് കൊളംബിയയെ രക്ഷിച്ചു. 77-ാം മിനുറ്റില്‍ ബോക്സിന് പുറത്ത് മെസിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടിവീണു. 82-ാം മിനുറ്റില്‍ മരിയയുടെ പാസില്‍ മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചത് അപ്രതീക്ഷിത കാഴ്ചയായി. പിന്നീട് ഇരു ടീമും ഗോളിന് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂര്‍ണസമയത്ത് സമനിലക്കുരുക്കഴിഞ്ഞില്ല. ആവേശം പരിക്കനാകുന്നത് അവസാന അഞ്ച് മിനുറ്റുകളിലും കണ്ടു. 

നാല് മിനുറ്റിലും മാറ്റമില്ല

മത്സരത്തിന്‍റെ 90-ാം മിനുറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ള മെസിയുടെ കിക്ക് കൊളംബിയ പ്രതിരോധിച്ചപ്പോള്‍ കൗണ്ടറിനുള്ള ശ്രമത്തിനിടെ കൊളംബിയ‍ന്‍ താരം ഡയസിനെ ഫൗള്‍ ചെയ്തതിന് പെസ്സെല്ല മഞ്ഞക്കാര്‍ഡ് കണ്ടു. നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും മുതലാക്കാന്‍ കഴിയാതിരുന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകളുമായി എമിലിയാനോ മാ‍ര്‍ട്ടിനസ് അര്‍ജന്‍റീനയുടെ വിജയശില്‍പിയായി. മാരക്കാനയില്‍ ഞായറാഴ്‌ച(ജൂലൈ 11) ഇന്ത്യന്‍സമയം പുല‍ര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ സ്വപ്ന ഫൈനലിന് കിക്കോഫാവുക. 

Latest Videos
Follow Us:
Download App:
  • android
  • ios