'ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ, മെഡലുമായി അഭിമാനമുയർത്താം'; പ്രധാനമന്ത്രിയോട് ഇഗോർ സ്റ്റിമാക്
സ്റ്റിമാക്കും സംഘവും അടുത്തിടെ സാഫ് കപ്പ് ഇന്‍റർ കോണ്ടിനെന്‍റല്‍ കപ്പും സ്വന്തമാക്കിയിരുന്നു
ദില്ലി: കായികമന്ത്രാലയത്തിന്‍റെ മാനദണ്ഡ നൂലാമാലകളില്‍ കുടുങ്ങി ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനില്ല എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കായികമന്ത്രി അനുരാഗ് താക്കൂറിന്‍റെയും സഹായം തേടിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ ഇഗോർ സ്റ്റിമാക്. സ്റ്റിമാക്കും ശിഷ്യന്‍മാരും അടുത്തിടെ സാഫ് കപ്പും ഇന്‍റർ കോണ്ടിനെന്‍റല്‍ കപ്പും സ്വന്തമാക്കിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഫുട്ബോള്‍ ടീമിനെ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കായികമന്ത്രിയോടും അപേക്ഷിക്കുകയാണ് എന്നാണ് ഇഗോർ സ്റ്റിമാക്കിന്‍റെ വാക്കുകള്‍. ഗെയിംസില്‍ പോരാടി ഇന്ത്യയുടെ അഭിമാനവും പതാകയും ഉയർത്തും എന്ന് സ്റ്റിമാക് ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഇഗോർ സ്റ്റിമാക്കിന്‍റെ ആവശ്യത്തോട് കായികമന്ത്രാലയം പ്രതികരിച്ചോ എന്ന് വ്യക്തമല്ല. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടേയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ മുമ്പ് സൂചിപ്പിച്ചിരുന്നു.
ഏഷ്യയിലെ മികച്ച 8 ടീമുകളിലൊന്നാണെങ്കില്‍ മാത്രമേ വിവിധ മത്സരയിനങ്ങളില്‍ ടീമുകളെ ഏഷ്യന്‍ ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്ന് കായികമന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഗെയിംസില്‍ ഫുട്ബോള്‍ ടീമിന്‍റെ പങ്കാളിത്തം അവതാളത്തിലാക്കിയത്. എന്നാല്‍ ഫുട്ബോളിന്‍റെ കാര്യത്തില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയത്തിന് അപ്പീല്‍ നല്‍കുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞിരുന്നു.
2018 ഏഷ്യന്‍ ഗെയിംസിലും ഇതേ കാരണം ചൂണ്ടിക്കാട്ടി കായികമന്ത്രാലയം ഫുട്ബോള്‍ ടീമിനെ അയച്ചിരുന്നില്ല. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ 18-ാം റാങ്കിലാണ് നിലവില്‍ ഇന്ത്യന്‍ ടീം. 2002 മുതല്‍ ഏഷ്യന്‍ ഗെയിംസില്‍ അണ്ടർ 23 ഫുട്ബോള്‍ മത്സരമാണ് നടക്കുന്നത്. എന്നാല്‍ ഇതിനേക്കാള്‍ പ്രായമുള്ള മൂന്ന് താരങ്ങള്‍ക്ക് ടീമില്‍ ഇടം നല്‍കാം. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നുണ്ടെങ്കില്‍ സീനിയർ ടീം പരിശീലകന്‍ ഇഗോർ സ്റ്റിമാക്കിന് തന്നെയാവും കോച്ചിന്‍റെ ചുമതല.
Read more: കിരീടക്കുതിപ്പിനിടയിലും ഇന്ത്യന്‍ ഫുട്ബോള്‍ ടീം ഏഷ്യന്‍ ഗെയിംസിനുണ്ടായേക്കില്ല!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം