രണ്ട് ഗോള്‍ കടം! യുവേഫ ചാംപ്യന്‍സ് ലീഗില്‍ ചെല്‍സി ഇന്ന് റയല്‍ മാഡ്രിഡിനെതിരെ; മിലാനും ഇന്നിറങ്ങും
ടോണി ക്രൂസും വിനിഷ്യസ് ജൂനിയറും പരിക്ക് മാറിയെത്തുന്നതോടെ പൂര്‍ണകരുത്തുമായാണ് റയല്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലിറങ്ങുന്നത്. ബെന്‍സേമ തന്നെയായിരിക്കും ഇന്നും ചെല്‍സിക്ക് ഭീഷണിയാവുക.
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യ സെമിഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാപാദ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ഇന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിയെ നേരിടും. എസി മിലാന്‍ എവേ ഗ്രൗണ്ടില്‍ നാപ്പോളിയെയും നേരിടും. മുന്‍ ചാംപ്യന്‍മാരായ ചെല്‍സി സ്വന്തം തട്ടകത്തില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡിനെ നേരിടുന്നത് രണ്ടുഗോള്‍ കടവുമായി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ കരീം ബെന്‍സേമയുടെയും മാര്‍കോ അസെന്‍സിയോയുടേയും ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
ടോണി ക്രൂസും വിനിഷ്യസ് ജൂനിയറും പരിക്ക് മാറിയെത്തുന്നതോടെ പൂര്‍ണകരുത്തുമായാണ് റയല്‍ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലിറങ്ങുന്നത്. ബെന്‍സേമ തന്നെയായിരിക്കും ഇന്നും ചെല്‍സിക്ക് ഭീഷണിയാവുക. ആദ്യപാദത്തില്‍ രണ്ടോ അതില്‍ കൂടുതലോ ഗോള്‍ നേടിയശേഷം ചാംപ്യന്‍സ് ലീഗിലെ പത്തൊന്‍പത് കളിയില്‍ പതിനെട്ടിലും റയല്‍ തോറ്റിട്ടില്ല. ചെല്‍സിയാവട്ടെ പുതിയ കോച്ച് ഫ്രാങ്ക് ലാപാര്‍ഡിന് കീഴില്‍ ഒറ്റക്കളിയും ജയിക്കാനാവാതെ കിതയ്ക്കുകയാണ്. ആദ്യപാദത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട ബെന്‍ ചില്‍വെല്ലിന്റെ അഭാവവും ചെല്‍സിക്ക് തിരിച്ചടിയാവും.
മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ ഒരുഗോള്‍ ലീഡുമായാണ് നാപ്പോളിയെ നേരിടാനിറങ്ങുന്നത്. ആദ്യപാദത്തില്‍ ഇസ്മായില്‍ ബെന്നസറാണ് സെരി എയിലെ ആദ്യസ്ഥാനക്കാരായ നാപ്പോളിക്കെതിരെ മിലാന്റെ നിര്‍ണായക ഗോള്‍ നേടിയത്. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ടുകളിയും തുടങ്ങുക.
ലിവര്‍പൂളിന് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വന്പന്‍ജയം. ഒന്നിനെതിരെ ആറ് ഗോളിന് ലിവര്‍പൂള്‍ ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. മുഹമ്മദ് സലാ, ഡിയേഗോ ജോട്ട എന്നിവര്‍ ഇരട്ട ഗോള്‍ നേടി. 35-ാം മിനുറ്റില്‍ കോഡി ഗാക്‌പോയാണ് ആദ്യ ഗോള്‍ നേടിയത്. 90ആം മിനുറ്റില്‍ ഡാര്‍വിന്‍ ന്യൂനസ് പട്ടിക പൂര്‍ത്തിയാക്കി. ലൂയിസിന്റെ വകയായിരുന്നു ലീഡ്‌സിന്റെ ആശ്വാസഗോള്‍. ജയിച്ചെങ്കിലും 30 മത്സരങ്ങളില്‍ 47 പോയിന്റുമായി ലിവര്‍പൂള്‍ എട്ടാംസ്ഥാനത്ത് തുടരുകയാണ്.