ചാമ്പ്യന്‍സ് ലീഗ്: റോഡ്രിഗോ ഡബിളില്‍ ചെല്‍സിയെ വീഴ്ത്തി റയല്‍ സെമിയില്‍, ഇന്ന് ബയേണ്‍-സിറ്റി സൂപ്പര്‍ പോരാട്ടം
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 58, 80 മിനിറ്റുകളിലായിരുന്നു റോഡ്രിഗോ ചെല്‍സി വല കുലുക്കിയത്. ആദ്യപാദ മത്സരത്തിലും ഇതേ സ്കോറിന് റയൽ ജയിച്ചിരുന്നു.
ലണ്ടന്‍: യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡും എസി മിലാനും സെമിയിൽ കടന്നു. രണ്ടാംപാദ ക്വാർട്ടറിലും റയൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. ഇരട്ടഗോൾ നേടിയ റോഡ്രിഗോയുടെ മികവിലാണ് റയലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 58, 80 മിനിറ്റുകളിലായിരുന്നു റോഡ്രിഗോ ചെല്‍സി വല കുലുക്കിയത്. ആദ്യപാദ മത്സരത്തിലും ഇതേ സ്കോറിന് റയൽ ജയിച്ചിരുന്നു.
ഇറ്റാലിയൻ പോരിൽ എ സി മിലാനും നാപ്പോളിയും സമനില പാലിച്ചെങ്കിലും ആദ്യപാദത്തിലെ ഗോളിന്‍റെ മികവിൽ മിലാൻ സെമിയിലേക്ക് മുന്നേറി. ഒളിവർ ജിറൂദ് ആണ് എസി മിലാനായി ഗോൾ നേടിയത്. 93-ാം മിനുറ്റിൽ വിക്ടർ ഒസിമൻ നാപ്പോളിക്ക് സമനില നൽകി. ആദ്യപാദത്തില്‍ മിലാൻ ഒരുഗോളിന് ജയിച്ചിരുന്നു. 16 വർഷത്തിന് ശേഷമാണ് എസി മിലാൻ ചാംപ്യൻസ് ലീഗിന്‍റെ സെമിയിലെത്തുന്നത്.
ഇന്ന് സിറ്റി-ബയേണ്‍ സൂപ്പര്‍ പോര്
ചാംപ്യൻസ് ലീഗ് ക്വാർട്ടറിൽ ഇന്ന് നടക്കുന്ന മറ്റൊരു രണ്ടാം പാദ ക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റർ സിറ്റി, ബയേൺമ്യൂണിക്കിനെ നേരിടും. ഇന്‍റർമിലാന് ബെൻഫിക്കയാണ് രണ്ടാംപാദക്വാർട്ടറിൽ എതിരാളികൾ. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് മത്സരങ്ങളും തുടങ്ങുക. ഇത്തിഹാദിൽ നേടിയ മൂന്ന് ഗോൾ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് അലൈൻസ് അരീനയിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്. ഗോൾവേട്ട തുടരുന്ന ഏർളിങ് ഹാളണ്ടിന്‍റെ കാലുകളിൽ തന്നെയാണ് സിറ്റിയുടെ പ്രതീക്ഷ.
ചാംപ്യൻസ് ലീഗിൽ സീസണിൽ 7 കളിയിൽ 11 ഗോളുകളാണ് നോർവേ താരത്തിനുള്ളത്.
കെവിൻ ഡിബ്രുയിൻ,ജാക്ക് ഗ്രീലിഷ്, റിയാദ് മെഹ്റസ് എന്നിവരും ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കർ.അവസാന 14 കളിയിൽ തോൽവിയറിയാതെയാണ് സിറ്റി വരുന്നതെന്നതും ശ്രദ്ധേയം. എന്നാൽ ബയേൺ മ്യൂണിക്കിനെ വിലകുറച്ചുകാണരുതെന്നാണ് പെപ് ഗ്വാർഡിയോള താരങ്ങൾക്ക് നൽകുന്ന ഉപദേശം. ജർമ്മൻ ടീമുകൾക്കെതിരെ ചാംപ്യൻസ് ലീഗിൽ മുൻതൂക്കം എന്നും സിറ്റിക്കുണ്ട്. നോക്കൗട്ട് പോരാട്ടങ്ങളിൽ ഒരു ജർമ്മൻ ടീമിനും ഇതുവരെ സിറ്റിയെ തോൽപ്പിക്കാനായിട്ടില്ല. ഒമ്പതിൽ എട്ടിലും സിറ്റി ജയിച്ചു.
ജർമ്മൻ ടീമുകൾക്കെതിരെ അവസാന 20 മത്സരങ്ങളിൽ തോൽവി ഒരു തവണ മാത്രം. ആദ്യപാദത്തിൽ മൂന്നോ അധികമോ ഗോൾ വഴങ്ങിയ ശേഷം തിരിച്ചുവന്ന ചരിത്രം ഇതിന് മുൻപ് നാല് തവണമാത്രമാണുണ്ടായത്. മറുവശത്ത് ബയേണിനാകട്ടെ നല്ല സമയമല്ല. ടീമിലെ പടലപ്പിണക്കങ്ങളാണ് പ്രധാനപ്രശ്നം. ജർമ്മൻ ലീഗിൽ മുന്നിലെത്തിയെങ്കിലും അവസാനമത്സരത്തിലും സമനില വഴങ്ങിയതോടെ ഒന്നാംസ്ഥാനം ഭീഷണിയിലാണ്. പ്രീമിയർ ലീഗിൽ ചെൽസി പരിശീലകനായിരിക്കെ പെപ്പിന്‍റെ സിറ്റിയുമായി ഏറ്റുമുട്ടിയ പരിചയം തോമസ് ടുഷേലിലും ഗുണമാകും. ബെൻഫിക്കയ്ക്കെതിരെ സമനില മാത്രം മതി ഇന്‍റർമിലാനും സെമി ഉറപ്പിക്കാൻ. എവേ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്‍ററിന്‍റെ ജയം.