നെയ്മര്‍ ഇല്ല, ഡാനിലോയും! എന്നിട്ടും ബ്രസീല്‍; കാസമിറോയാണ് താരം
കാസിമെറോ വെറുമൊരു കളിക്കാരനല്ല. മധ്യനിരയിലെ തന്ത്രങ്ങലുടെ തലച്ചോറാണ് അയാള്‍. വേണ്ടപ്പോള്‍ പിന്‍നിരയിലെ പ്രതിരോധത്തിന് കരുത്തേകും. ആവേശം ഇത്തിരി കുറയുമ്പോള്‍ ആക്രമണങ്ങളുടെ വേഗമേറ്റും. ഇന്നത്തെ കുതിരപ്പവന്‍ കാസിമെറോക്ക്.
ആദ്യപകുതി വിരസമാകുന്ന പതിവ് ഖത്തര്‍ ലോകകപ്പ് മാറ്റിയിരിക്കുന്നു. വെറുതെ മാറ്റിയതല്ല, ഒന്നാന്തരമായി മാറ്റി. കാമറൂണും സെര്‍ബിയയും തമ്മിലുള്ള മത്സരവും ഘാനയും തെക്കന്‍ കൊറിയയും തമ്മിലുള്ള കളിയും നല്ല വീറും വാശിയുമുള്ളതായിരുന്നു. ഗോളുകളും വാശിക്ക് വീണ മത്സരങ്ങള്‍. ആദ്യമത്സരം തോറ്റ സെര്‍ബിയക്കും കാമറൂണിനും പ്രതീക്ഷ നിലനിര്‍ത്താന്‍ പോയിന്റ് പട്ടികയില്‍ ചേര്‍ത്ത ഒരു പോയിന്റ് മാത്രമല്ല വക നല്‍കുന്നത്. ടീമിന്റെ ഉണര്‍ന്നെഴുന്നേറ്റ വീര്യം കൂടിയാണ്. 29ആം മിനിറ്റില്‍ കാമറൂണിന്റെ ചാള്‍സ് കാറ്റെലിറ്റോ ടീമിനെ മുന്നിലെത്തിക്കുന്നു. ഇഞ്ചുറിടൈമില്‍ രണ്ട് മിനിറ്റിനെ മാത്രം ഇടവേളയില്‍ രണ്ട് ഗോളടിച്ച് അതുവരെ വരിഞ്ഞുമുറുക്കിയ കാമറൂണ്‍ പ്രതിരോധത്തിന് സെര്‍ബിയയുടെ മറുപടി. ഗോളടിച്ചത് പാവ്ലോവിക്കും മിലിന്‍കോവിക് സാവിക്കും. ഞെട്ടിയെങ്കിലും തോല്‍ക്കാന്‍ കാമറൂണ്‍ തീരുമാനിച്ചിട്ടില്ലായിരുന്നു. 53ആം മിനിറ്റില്‍ വി അബൂബക്കറിന്റെ ഗോള്‍, പിന്നെ പതിമൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ അബൂബക്കറിന്റെ തന്നെ അസിസ്റ്റില്‍ ചൗപോ-മൊതിങ് വക ഗോള്‍. നല്ല ഉഷാറ് കളി.
ദക്ഷിണകൊറിയയും ഘാനയും തമ്മിലുള്ള മത്സരം നല്ല പൊരിഞ്ഞ കളിയായിരുന്നു. ആക്രമിച്ച് കളിക്കുകയായിരുന്ന ദക്ഷിണകൊറിയയെ ഞെട്ടിച്ചാണ് ഘാന ആദ്യം ഗോളടിച്ചത്. പ്രതിരോധത്തില്‍ വന്ന വീഴ്ച മുതലെടുത്ത് മുഹമ്മദ് സാലിസു ആദ്യ ഗോളടിച്ചു. പത്താം മിനിറ്റിനപ്പുറം രണ്ടാം ഗോള്‍. മുഹമ്മദ് കുഡൂസ് രണ്ടാംപകുതിയില്‍ രണ്ടാം ഗോളുമടിച്ചു. മത്സരം കൈപ്പിടിയില്‍ ആയെന്ന് ഉറപ്പിച്ച ഘാനയെ ഞെട്ടിച്ച തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ ഏഷ്യന്‍ കരുത്തുമായി ദക്ഷിണകൊറിയ നടത്തിയത്. സുങ് ചോ ഗുവെ ഇരട്ട ഗോളടിച്ചു. അതും മൂന്ന് മിനിറ്റിെന ഇടവേളയില്‍. പിന്നെയും തകര്‍ത്ത് കളിച്ച ദക്ഷിണകൊറിയയുടെ പല ഉശിരന്‍ നീക്കങ്ങളും ഘാനയുടെ ഗോളി ലോറന്‍സ് അതി സിഗിയാണ് രക്ഷപ്പെടുത്തിയത്. ഉഷാര്‍ കളിയുടെ മാറ്റ് കുറിക്കുന്ന ഒരു വിവാദവും കളിക്കിടെ ഉണ്ടായി. ത്സരത്തിന്റെ ഇന്‍ജറി ടൈമിന്റെ അവസാന നിമിഷം ദക്ഷിണ കൊറിയയ്ക്കു ലഭിച്ച കോര്‍ണര്‍ കിക്ക് എടുക്കും മുന്‍പേ റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതാണ് വിവാദമായത്. ഇതിനെതിരെ പ്രതികരിച്ച ദക്ഷിണ കൊറിയന്‍ പരിശീലകന്‍ പൗളോ ബെന്റോക്ക് റഫറി ആന്റണി ടെയ് ലര്‍ ചുവപ്പുകാര്‍ഡും നല്‍കി. നീതിനിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും റഫറിയുടെ ശിക്ഷ അനാവശ്യമായിരുന്നുവെന്നും കൊറിയയുടെ ഒഫീഷ്യല്‍സ് പറയുന്നു.
ഫ്രാന്‍സിന് പിന്നാലെ രണ്ട് ടീമുകള്‍ കൂടി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച മത്സരങ്ങളാണ് പിന്നെ നടന്നത്. വിരസമായ ആദ്യപകുതി തിരിച്ചെത്തിയ മത്സരം. ബ്രസീലിന്റെ ശക്തിയും ഓജസ്സും കുറഞ്ഞ മുന്നേറ്റങ്ങള്‍ തടയാന്‍ സ്വിസ് പ്രതിരോധത്തിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഒന്ന് രണ്ട് സുവര്‍ണ അവസരങ്ങള്‍ പാഴാവുകയും ചെയ്തു. മധ്യനിരയില്‍ പറന്നു കളിച്ച് കളി മെനയാല്‍ നെയ്മറുടെ അഭാവം പ്രകടമായിരുന്നു. എന്തായാലും രണ്ടാംപകുതിയില്‍ പക്വെറ്റക്ക് പകരം റോഡ്രറിഗോ വന്നതോടെ കളിക്കൊരു താളം വന്നു. വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ ഓഫ്‌സൈഡ് ആയി വിധിക്കപ്പെട്ടു. റോഡ്രിഗോയുടെ ഫ്രീകിക്ക് പുറത്തേക്ക് പോയിി. 83-ാം മിനിറ്റില്‍ കാസിമെറോയിലൂടെ ഗോള്‍ പിറന്നു. രണ്ടാം ജയത്തോടെ ബ്രസീല്‍ ക്വാര്‍ട്ടറില്‍.
ബ്രൂണോ ഫെര്‍ണാണ്ടസ് തുല്യം ചാര്‍ത്തിയ രണ്ട് ഗോളിന്റെ ബലത്തിലാണ് പോര്‍ച്ചുഗല്‍ അവസാന പതിനാറില്‍ ഇടം ഉറപ്പിച്ചത്. അന്‍പത്തിനാലാം മിനിറ്റിലെ അസ്സല്‍ ഗോള്‍, ഇഞ്ചുറി ടൈമില്‍ പെനാല്‍റ്രി.ഇവിടെയും ആദ്യപകുതി ഗോള്‍രഹിതം. ഉഷാറും കുറവ്. രണ്ടാംപകുതിയില്‍ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ചതോടെയാണ് പോര്‍ച്ചുഗല്‍ ഗോളിലേക്ക് വഴിതുറന്നത്. റാഫേല്‍ ഗുരേരോയുടെ പാസ് കാല്‍പറ്റി ബ്രൂണോ ഫെര്‍ണാണ്ടസ് കോരിയിട്ട ഷോട്ട് പറന്നുചെല്ലുന്നു. കുതിച്ചുയര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പന്ത് ഉറുഗ്വെയുടെ ഗോള്‍കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനെയും മറികടന്ന് വലയില്‍. ആദ്യം ക്രെഡിറ്റ് പോയത് റൊണാള്‍ഡോക്ക്. പിന്നെ പന്ത് ആ തലയില്‍ തൊട്ടില്ലെന്ന് വ്യക്തമായതോടെ ഗോള്‍ ബ്രൂണോക്ക് സ്വന്തം. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടുന്ന താരമെന്ന യൂസേബിയോയുടെ റെക്കോഡിനൊപ്പമെത്തിയെന്ന സന്തോഷത്തിന് റൊണാള്‍ഡോ ഇനിയും കാത്തിരിക്കണം.
ആവേശം നിറഞ്ഞ മത്സരങ്ങള്‍. ഗോളുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന മത്സരങ്ങള്‍. ടീമിനെ ഒപ്പമെത്തിച്ച ഗോളടിക്കുകയും വിജയഗോളിന് വഴിയൊരുക്കുകയും ചെയ്ത ഘാനക്കാരന്‍ അബൂബക്കര്‍. ഇരട്ട ഗോളടിച്ച സുങ് ചോ ഗുവെയും മുഹമ്മദ് കുഡൂസും ബ്രൂണോ ഫെര്‍ണാണ്ടസും. താരം പക്ഷേ ഒരൊറ്റ ഗോളടിച്ച കാസിമെറോ തന്നെ. എവിടെയും എത്താതെ പോകുന്ന കളിയില്‍ മുന്നോട്ടിറങ്ങി കളിക്കാന്‍ തീരുമാനിച്ച്, കിട്ടിയ അവസരം പാഴാക്കാതെ ഒന്നാന്തരം ഗോളടിച്ച കാസിനെറോ. ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാള്‍, ബ്രസീല്‍ ടീമിലെ അദൃശ്യനായ താരമെന്ന് വാഴ്ത്തപ്പെട്ടവന്‍.
മധ്യനിരയിലെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ജയത്തിലേക്ക് വഴിയൊരുക്കുന്ന താരം രണ്ടാംമത്സരത്തില്‍ ആക്രമണങ്ങളുടെ കുന്തമുനയായി. സാക്ഷ്യം വഹിക്കാന്‍ മൈതാനത്ത് മുമ്പ് പാഞ്ഞു കളിച്ച റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, കഫു, കാക്ക തുടങ്ങിയ കേമന്‍മാര്‍. ഞങ്ങളൊരു ടീമാണ്. ഒന്നിച്ച് കളിക്കും, ഒന്നിച്ച് ജയിക്കും, ഒന്നിച്ച് തോല്‍ക്കും.ഞങ്ങളിനിയും ഒറ്റക്കെട്ടായി കളിക്കും. മത്സരശേഷമുള്ള വാക്കുകള്‍. കാസിമെറോ വെറുമൊരു കളിക്കാരനല്ല. മധ്യനിരയിലെ തന്ത്രങ്ങലുടെ തലച്ചോറാണ് അയാള്‍. വേണ്ടപ്പോള്‍ പിന്‍നിരയിലെ പ്രതിരോധത്തിന് കരുത്തേകും. ആവേശം ഇത്തിരി കുറയുമ്പോള്‍ ആക്രമണങ്ങളുടെ വേഗമേറ്റും. ഇന്നത്തെ കുതിരപ്പവന്‍ കാസിമെറോക്ക്.
'ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍'; ബ്രസീലിന്റെ ജയത്തിന് പിന്നാലെ കാസമിറോയെ പ്രശംസിച്ച് നെയ്മര്‍