'തന്‍റെ തെറ്റ് ആവർത്തിച്ചില്ല, സഹൽ അബ്ദുള്‍ സമദ് എടുത്തത് നല്ല തീരുമാനം'; പിന്തുണച്ച് സി കെ വിനീത്
മറ്റ് ക്ലബുകളുടെ ഓഫറുകൾ സ്വീകരിക്കാതെ ബ്ലാസ്റ്റേഴ്സിൽ തുടർന്നത് തനിക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട് എന്ന് വിനീത്
കൊച്ചി: ഐഎസ്എല്ലില്‍ മോഹൻ ബഗാന്‍ സൂപ്പർ ജയന്‍റിലേക്കുള്ള സഹൽ അബ്ദുള്‍ സമദിന്‍റെ മാറ്റത്തെ പിന്തുണച്ച് കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സി കെ വിനീത്. സാമ്പത്തികമായും കരിയറിലും ഈ മാറ്റം ഗുണം ചെയ്യും. മറ്റ് ക്ലബുകളുടെ ഓഫറുകൾ സ്വീകരിക്കാതെ ബ്ലാസ്റ്റേഴ്സിൽ തുടർന്നത് തനിക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. തന്‍റെ തെറ്റ് സഹൽ ആവർത്തിക്കാതിരുന്നതിൽ സന്തോഷമുണ്ടെന്നും സി കെ വിനീത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹല്‍ വരും മുമ്പേ കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി ഐക്കണ്‍ താരങ്ങളില്‍ ഒരാളായിരുന്നു സി കെ വിനീത്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച പ്രതിഭയാണ് സഹൽ അബ്ദുൾ സമദ്. അഞ്ച് വർഷ കരാറിലാണ് മലയാളി താരം മോഹൻ ബഗാൻ സൂപ്പർ ജയന്‍റിലേക്ക് പോകുന്നത്. 2017 മുതൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്ന ഇന്ത്യൻ സൂപ്പർ താരത്തെ രണ്ടരക്കോടി പ്രതിഫലം വാഗ്ദാനം ചെയ്താണ് മോഹൻ ബഗാൻ സൂപ്പർ ജയന്‍റ് ടീമിലെത്തിച്ചത്. സഹലിന് പകരം കേരള ബ്ലാസ്റ്റേഴ്സിന് പ്രീതം കോട്ടാലിനെ നൽകിയാണ് കരാർ. 90 ലക്ഷം രൂപയാണ് ട്രാൻസ്ഫർ ഫീസായി ബ്ലാസ്റ്റേഴ്സിന് ലഭിക്കുക. കെബിഎഫ്സിക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്‍റെ റെക്കോര്‍ഡ്(97) സഹലിന്‍റെ പേരിലാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി 10 ഗോളുകളും 9 അസിസ്റ്റുകളുമാണ് നേട്ടം. ഇന്ത്യന്‍ കുപ്പായത്തില്‍ 30 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളും സഹൽ അബ്ദുൾ സമദ് സ്വന്തമാക്കിയിട്ടുണ്ട്.
പ്രീതം കോട്ടാലിനൊപ്പം മുംബൈ സിറ്റി എഫ്സി താരമായിരുന്ന നാവോച്ച സിംഗിനെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പ്രതിരോധ താരമായ നാവോച്ചയുടെ വരവും ബ്ലാസ്റ്റേഴ്സ് കോട്ട ശക്തിപ്പെടുത്തുമെന്നാണ് ക്ലബിന്‍റെ പ്രതീക്ഷ. വായ്പാടിസ്ഥാനത്തിലാണ് നാവോച്ച സിംഗ് മുംബൈ സിറ്റിയില്‍ നിന്ന് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. സഹലിന് പുറമെ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലും ഇത്തവണ ബ്ലാസ്റ്റേഴ്സ് വിട്ട് കൊല്‍ക്കത്തയിലേക്ക് പോയിരുന്നു. ഈസ്റ്റ് ബംഗാള്‍ എഫ്സിയിലേക്കാണ് പ്രഭ്സുഖന്‍ ഗില്‍ പോയത്.
Read more: 'യുവതാരമായി വന്നു, ബ്ലാസ്റ്റേഴ്സ് ഐക്കണായി പോകുന്നു'; സഹല്‍ അബ്ദുള്‍ സമദിനെ വാഴ്ത്തി ഐഎസ്എല്‍
തന്‍റെ തെറ്റ് സഹൽ ആവർത്തിക്കാതിരുന്നതിൽ സന്തോഷമുണ്ടെന്ന് സി കെ വിനീത്