'പൊലീസ് ജോലി ഭംഗിയായി ചെയ്‌തു'; അര്‍ജന്‍റീന ആരാധകരെ തല്ലിച്ചതച്ചതിനെ ന്യായീകരിച്ച് ബ്രസീല്‍ കോണ്‍ഫെഡറേഷന്‍
മാറക്കാനയിലെ ബ്രസീൽ-അര്‍ജന്‍റീന മത്സരത്തിന്‍റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്
റിയോ ഡി ജനീറോ: ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തിനിടെ മാറക്കാന സ്റ്റേഡിയത്തില്‍ അര്‍ജന്‍റൈൻ ആരാധകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ ന്യായീകരിച്ച് ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ. പൊലീസ് അവരുടെ ജോലി കാര്യക്ഷമമായി ചെയ്തെന്ന് കോണ്‍ഫഡറേഷൻ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
മാറക്കാനയിലെ ബ്രസീൽ-അര്‍ജന്‍റീന മത്സരത്തിന്‍റെ കിക്കോഫിന് തൊട്ടുമുമ്പാണ് ഗ്യാലറിയിൽ ആരാധകര്‍ ഏറ്റുമുട്ടിയത്. ദേശീയഗാന സമയത്ത് ബ്രസീൽ ആരാധകര്‍ കൂക്കിവിളിച്ചെന്നും എവേ ടീം ഫാൻസിന് അനുവദിച്ച സ്ഥലം കൂടി കയ്യേറാൻ ശ്രമിച്ചെന്നും അര്‍ജന്‍റീനക്കാര്‍ ആരോപിക്കുന്നു. ഇരു ആരാധകക്കൂട്ടവും തമ്മില്‍ തര്‍ക്കമായതോടെ തൊട്ടുപിന്നാലെ പൊലീസ് എത്തി ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരാധകരെ തല്ലുന്നത് കണ്ട അര്‍ജന്‍റൈൻ ടീം പൊലീസുമായി വാക്കുതര്‍ക്കത്തിലായി. പിന്നാലെ ലിയോണല്‍ മെസിയും സംഘവും ഗ്രൗണ്ടിൽ നിന്ന് ഡ്രെസിംഗ് റൂമിലേക്ക് മടങ്ങി. ഗ്യാലറിയിലെ അനിഷ്‌ടസംഭവങ്ങളെ തുടര്‍ന്ന് അരമണിക്കൂറോളം താമസിച്ചാണ് മത്സരം തുടങ്ങിയത്. കളിക്ക് ശേഷം രൂക്ഷവിമര്‍ശനമാണ് ബ്രസീൽ പൊലീസിനെതിരെ മെസി നടത്തിയത്. പൊലീസ് ആരാധകരെ മര്‍ദിക്കുന്നത് വ്യക്തമായി കണ്ടെന്നും കളിയേക്കാൾ ശ്രദ്ധ അവര്‍ക്ക് അതിലെന്നുമായിരുന്നു മെസിയുടെ വിമര്‍ശനം.
അതേസമയം ഗ്യാലറിയിലെ സംഭവങ്ങളില്‍ പൊലീസിനെ ന്യായീകരിച്ച് ബ്രസീൽ ഫുട്ബോൾ കോണ്‍ഫെഡറേഷൻ രംഗത്തെത്തി. സംഘാടനവും സുരക്ഷയൊരുക്കലും ഫലപ്രദമായിരുന്നെന്നും റിയോ ഡി ജനീറോ പൊലീസ് അവരുടെ ജോലി കൃത്യമായി ചെയ്തെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മാറക്കാന വേദിയായ സംഭവബഹുലമായ യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയം സമ്മതിച്ചിരുന്നു. 63-ാം മിനുറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയ നിക്കോളാസ് ഒട്ടാമെന്‍ഡി അര്‍ജന്‍റീനയ്‌ക്ക് ജയമൊരുക്കുകയായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോറ്റു. 81-ാം മിനുറ്റില്‍ ബ്രസീലിന്‍റെ ജോലിന്‍ടണ്‍ ചുവപ്പ് കണ്ട് പുറത്തായി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമുള്ള ബ്രസീല്‍ തോല്‍വിയോടെ ആറാം സ്ഥാനത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം