ബ്രസീല്‍ 'ലോക' തോല്‍വി! ക്വാളിഫയറില്‍ ചരിത്രത്തിലാദ്യമായി ഹോം മൈതാനത്ത് തോറ്റു, റെക്കോര്‍ഡ് തൂക്കി അര്‍ജന്‍റീന
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയപ്പെടുകയായിരുന്നു
മാറക്കാന: ഇത് വെറുമൊരു തോല്‍വിയല്ല, ഈ നാണക്കേട് എവിടെ കഴുകിക്കളയും? ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ബ്രസീല്‍ ടീം ഹോം സ്റ്റേഡിയത്തില്‍ തോല്‍വി നേരിട്ടു. അതും ലാറ്റിനമേരിക്കയിലെ വൈരികളായ അര്‍ജന്‍റീനയോട് ദയനീയ പ്രകടനം കാഴ്‌ചവെച്ച്. നെയ്‌മറും വിനീഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാത്തത് ഒഴിവുകഴിവ് പറഞ്ഞാലും ഈ നാണംകെട്ട റെക്കോര്‍ഡ് ബ്രസീലിയന്‍ ഫുട്ബോളിന്‍റെ ഹൃദയമായ മാറക്കാനയില്‍ കണ്ണീര്‍ക്കളമായി തളംകെട്ടിക്കിടക്കും. ചരിത്ര തോല്‍വിക്ക് വിഖ്യാതമായ മാറക്കാന വേദിയായി എന്നതും ബ്രസീലിയന്‍ ഫുട്ബോളിന് കളങ്കമായി.
ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്‍റീനയോട് ബ്രസീല്‍ പരാജയപ്പെടുകയായിരുന്നു. 63-ാം മിനുറ്റില്‍ ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയ നിക്കോളാസ് ഒട്ടാമെന്‍ഡി അര്‍ജന്‍റീനയ്‌ക്ക് ജയമൊരുക്കുകയായിരുന്നു. ഇതോടെ ചരിത്രത്തിലാദ്യമായി ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോറ്റു. അര്‍ജന്‍റീനയ്‌ക്ക് എതിരെ ഇറങ്ങുമ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 51 ജയവും 13 സമനിലയുമായിരുന്നു ഹോം മൈതാനങ്ങളില്‍ കാനറികളുടെ അക്കൗണ്ടിലുണ്ടായിരുന്നത്. തോല്‍വി മണത്തതോടെ മത്സരത്തിന് അവസാന വിസില്‍ വീഴും മുമ്പേ ബ്രസീലിയന്‍ കാണികള്‍ മൈതാനം വിട്ടുതുടങ്ങിയതും മാറക്കാനയില്‍ അപ്രതീക്ഷിത കാഴ്‌ചയായി.
ഇരു ടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗ്യാലറിയില്‍ കൂട്ടയടിയുണ്ടായതോടെ അര മണിക്കൂറോളം വൈകിയാണ് മാറക്കാനയില്‍ ബ്രസീല്‍-അര്‍ജന്‍റീന പോരാട്ടം ആരംഭിച്ചത്. ആരാധകരെ താരങ്ങള്‍ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫലം കണ്ടില്ല. മത്സരത്തില്‍ മൈതാനവും പരിക്കനായിരുന്നു. ബ്രസീലിന്‍റെ മൂന്ന് താരങ്ങള്‍ ആദ്യപകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ 81-ാം മിനുറ്റില്‍ ജോലിന്‍ടണ്‍ ചുവപ്പ് കണ്ട് പുറത്തായി. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 6 കളികളില്‍ 15 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്‍റീനയാണ് തലപ്പത്ത്. ഇത്രതന്നെ മത്സരങ്ങളില്‍ ഏഴ് പോയിന്‍റ് മാത്രമുള്ള ബ്രസീല്‍ തോല്‍വിയോടെ ആറാം സ്ഥാനത്തായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം