'പെലെയും, റൊണാൾഡീഞ്ഞോയും നെയ്മറും ചുവരില്‍'; വീട് 'ബ്രസീൽ' ആക്കി ആലപ്പുഴയിലെ കൊച്ചു ആരാധകർ
മണ്ണഞ്ചേരി കുപ്പേഴത്തെ കുട്ടികളാണ് പഴയ കളിക്കാരുടെ ഫോട്ടോയും ബ്രസീൽ പതാകയും ലോഗുമൊക്കെയായി വീട് മുഴുവൻ കളർഫുൾ ആക്കി മാറ്റിയത്.
മണ്ണഞ്ചേരി: ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലും ബുട്ബോള് ആരാധകര്‍ ആവേശത്തിലാണ്. പ്രിയ താരങ്ങളുടെയും ടീമിന്റെയും പടുകൂറ്റന്‍ ഫ്ലക്സുകളും ബാനറുകളുമായി ആരാധകര്‍ കളം നിറയുമ്പോള്‍ ഇഷ്ടപ്പട്ട ടീമിന്റെ നിറം ഒരു വീടീന് പൂശിയിരിക്കുകയാണ് ആലപ്പുഴയിലെ കുട്ടി ആരാധകര്‍. ഫുട്ബാൾ ആവേശത്തിൽ തങ്ങളുടെ വീട് 'ബ്രസീൽ' ആക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
മണ്ണഞ്ചേരി കുപ്പേഴത്തെ കുട്ടികളാണ് വേറിട്ട ആരാധനയുമായി കായിക പ്രേമികളില്‍ ആവേശം തീർത്തത്. കുപ്പേഴത്ത് കുമ്പളത്ത് ഒഴിഞ്ഞുകിടന്ന വീടിന്റെ പുറംഭാഗമാണ് കുട്ടികള്‍ 'ബ്രസീലായി' മാറ്റിയെടുത്തത്. പ്രദേശത്തെ കുട്ടികളെല്ലാം ഇവിടെയിരുന്നാണ് കളികളെപ്പറ്റിയും പ്രിയപ്പെട്ട താരങ്ങളെയും ടീമിനെപ്പറ്റിയുമെല്ലാം ചർച്ച ചെയ്യുന്നത്. ഇവരില്‍ ബ്രസീല്‍ ഫാന്‍സ് ആണ് പെലെയും, റൊണാൾഡീഞ്ഞോയും അടക്കമുള്ള പഴയ കളിക്കാരുടെ ഫോട്ടോയും, ബ്രസീൽ പതാകയും, ലോഗുമൊക്കെയായി വീട് മുഴുവൻ കളർഫുൾ ആക്കി മാറ്റിയത്.
എൻ. ഉനൈസ്, എൻ. ആദിൽ, കെ. അഫ്രീദ്, സഹദ് ജബ്ബാർ, യാസീൻ ആശാൻ, നജാത്ത് ആശാൻ, ജാസിം സെലം, ആർ. റിഫാസ്, ഷാഹുൽ അഷ്റഫ്, കെ. തൗഫീഖ്, അസർ അൻവർ, അക്കു അലി തുടങ്ങിയവരാണ് ഇതിന് പിന്നിൽ. എന്തായാലും ഫുട്ബോള്‍ ആവേശം ചോരാതെ ലോകകപ്പ് കഴിയും വരെ ഇവിടെ ആവേശത്തോടെ കളിയാരവം ഉയര്‍ത്താനാണ് കുട്ടി ആരാധകരുടെ തീരുമാനം. ഇവരുടെ ആവേശത്തിന് പ്രദേശത്തെ ചേട്ടന്മാരുടെ പിന്തുണയുമുണ്ട്.
ഖത്തര്‍ ലോകകപ്പിന് കിക്കോഫ് ആകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. 20 വര്‍ഷത്തിനുശേഷം ഏഷ്യയില്‍ വിരുന്നെത്തുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം 3.30 മുതലാണ് തുടങ്ങുക. 3.30, 6.30, 9.30, 12.30 എന്നീ സമയങ്ങളിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. നാല് മത്സരങ്ങളുള്ള ദിവസങ്ങളിലെ നാലാം മത്സരമാണ് രാത്രി 12.30ന് തുടങ്ങുക. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉറക്കമൊഴിച്ചിരുന്ന് ഇന്ത്യക്കാര്‍ക്ക് കളി കാണേണ്ടിവരില്ല. എന്നാല്‍ 3.30ന് തുടങ്ങുന്ന മത്സരങ്ങള്‍ ജോലി സമയമായതിനാല്‍ പലര്‍ക്കും നഷ്ടമാകുകയും ചെയ്യും.
Read More : വില്ലനായെത്തിയ പരിക്ക്! മാനേ, പോഗബ, കാന്റെ.. നീളുന്ന നിര; ഖത്തര്‍ ലോകകപ്പിലെ നികത്താനാവാത്ത നഷ്ടങ്ങള്‍