എൻഡ്രിക്കിന് ചരിത്ര നേട്ടം, ഇംഗ്ലണ്ടിനെ വീഴ്ത്തി ബ്രസീൽ, 7-ാം സെക്കന്‍ഡിൽ ഗോളടിച്ച് ഫ്രാന്‍സിനെ മുക്കി ജർമനി
കളി തുടങ്ങി ഏഴാം സെക്കന്‍റില്‍ തന്നെ ഫ്ലോറിയൻ വിർട്‌സ് ആദ്യഗോള്‍ നേടി ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു.
ലണ്ടൻ: സൗഹൃദ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബ്രസീല്‍. പകരക്കാരനായി ഇറങ്ങിയ, പതിനേഴുകാരന്‍ എൻഡ്രിക്ക് എണ്‍പതാം മിനിറ്റില്‍ നേടിയ ഗോളാണ് ബ്രസീലിന് വിജയം നേടിക്കൊടുത്തത്. ഗോള്‍ നേട്ടത്തോടെ, വെംബ്ലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ഗോൾ സ്‌കോററായി എൻഡ്രിക്ക് മാറി. 1994ല്‍ റൊണാള്‍ഡോക്ക് ശേഷം ബ്രസീല്‍ കുപ്പായത്തില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമാണ് എന്‍ഡ്രിക്.
പരിശീലകക്കുപ്പായത്തിൽ ഡോറിവൽ ജൂനിയർ ചുമതലയേറ്റ ശേഷം ബ്രസീല്‍ കളത്തിലിറങ്ങിയ ആദ്യ മത്സരമായിരുന്നു ഇത്. പാൽമേറിയ ഫോര്‍വേര്‍ഡായ 17കാരനായ എന്‍ഡ്രിക് ഈ ജൂലൈയില്‍ റയല്‍ മാഡ്രിഡില്‍ ചേരാനിരിക്കുകയാണ്. എണ്‍പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് തടുത്തിട്ടതിന് പിന്നാലെ ലഭിച്ച റീബൗണ്ടിലാണ് എന്‍ഡ്രിക്കിന്‍റെ ഗോള്‍ വന്നത്.
🚨 ENDRICK HAS SCORED FOR BRAZIL VS ENGLAND!
— TC (@totalcristiano) March 23, 2024
THE STAR IS BORN! pic.twitter.com/zZuaTC5yXp
മറ്റൊരു സൗഹൃദ പോരാട്ടത്തില്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സിനെ, ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തു. ഫ്ലോറിയൻ വിർട്‌സും കെയ് ഹാവെര്‍ട്സുമാണ് വിജയഗോള്‍ സ്വന്തമാക്കിയത്. കളി തുടങ്ങി ഏഴാം സെക്കന്‍റില്‍ തന്നെ ഫ്ലോറിയൻ വിർട്‌സ് ആദ്യഗോള്‍ നേടി ഫ്രാന്‍സിനെ ഞെട്ടിച്ചിരുന്നു. ജർമ്മനിയുടെ അതിവേഗ അന്താരാഷ്ട്ര ഗോൾ എന്ന നേട്ടവും ഇതോടെ ഫ്ലോറിയൻ വിർട്‌സ് സ്വന്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോളെന്ന നേട്ടം ഒരു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഫ്ലോറിയൻ വിർട്‌സിന് നഷ്ടമായി. സ്ലൊവാക്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ഓസ്ട്രിയയുടെ ക്രിസ്റ്റഫ് ബൗംഗാര്‍ട്നര്‍ ആറാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് രാജ്യാന്തര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോള്‍.
1-0 Germany.
— Football Report (@FootballReprt) March 23, 2024
FLORIAN WIRTZ OPENS THE SCORE AWAY VS FRANCE AFTER 7 SECONDS WITH AN INSANE GOAL !!!!!!!!!!!!! WHAT THE ACTUAL F*CK !!!!!!!!!!!!!pic.twitter.com/Xp3m6rE2ai
കിക്കോഫില്‍ നിന്ന് ടോണി ക്രൂസിന്‍റെ പാസ് സ്വീകരിച്ച വിർട്‌സ് ബോക്സിന് പുറത്തു നിന്ന് തൊടുത്ത ലോംഗ് റേഞ്ചറാണ് ഫ്രാന്‍സിന്‍റെ വലയില്‍ കയറിയത്. ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക