നീല കാര്‍ഡ് വേണ്ട! പുതിയ പരിഷ്‌കാരത്തിന് നേരെ ചുവപ്പ് കാര്‍ഡുയര്‍ത്തി ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ

നീല കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. ഒരു മത്സരത്തില്‍ രണ്ട് നീല കാര്‍ഡുകള്‍ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും.

blue card idea in football shut down by fifa president infantino

സൂറിച്ച്: ചുവപ്പ്, മഞ്ഞ കാര്‍ഡുകള്‍ക്ക് പുറമെ ഫുട്‌ബോളില്‍ നീലകാര്‍ഡ് നടപ്പാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഫിഫ. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡാണ് നീലക്കാര്‍ഡ് എന്ന ആശയം മുന്നോട്ട് വച്ചത്. ഗുരുതര ഫൗളുകള്‍ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളിക്കളത്തിന് പുറത്ത് നിര്‍ത്താന്‍ റഫറിക്ക് അധികാരം നല്‍കുന്നതായിരുന്നു നീലക്കാര്‍ഡ്. ഇതിനെയാണ് ഫിഫ എതിര്‍ത്തിരിക്കുന്നത്. 

ഫുട്‌ബോളില്‍ നീലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും ഫുട്‌ബോളിന്റെ സത്ത ചോര്‍ത്തുന്ന ഒരുപരിഷ്‌കാരവും നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നീല കാര്‍ഡിന്റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാണ് ഫുട്ബാള്‍ കളിക്കളം സാക്ഷ്യം വഹിക്കുകയെന്നാണ് കരുതപ്പെടുന്നത്. മത്സരത്തില്‍ അനാവശ്യമായി ഫൗളുകള്‍ വരുത്തുകയും മാച്ച് ഓഫീഷ്യല്‍സിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാര്‍ക്കാണ് നീല കാര്‍ഡ് ലഭിക്കുക. 

നീല കാര്‍ഡ് ലഭിച്ചാല്‍ 10 മിനിറ്റ് കളത്തില്‍ നിന്നും മാറി നില്‍ക്കണം. ഒരു മത്സരത്തില്‍ രണ്ട് നീല കാര്‍ഡുകള്‍ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്തും. ഒരു നീലയും ഒരു മഞ്ഞകാര്‍ഡും ലഭിച്ചാലും ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും. ഗോളിലേക്കുള്ള മുന്നേറ്റം തടയാന്‍ നടത്തുന്ന ഫൗളുകള്‍ക്കാകും പ്രധാനമായും നീല കാര്‍ഡ് ലഭിക്കുകയെന്നാണ് സൂചനകള്‍. അഞ്ച് പതിറ്റാണ്ട് മുന്‍പാണ് ഫുട്‌ബോളില്‍ മഞ്ഞയും ചുവപ്പും നിറത്തിലുള്ള കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം കളത്തിലെ അച്ചടക്ക നടപടിക്കുള്ള ഏക ആയുധം ഈ രണ്ട് കാര്‍ഡുകളായിരുന്നു.

ഇവര്‍ക്കൊപ്പം നീലയും ചേരുന്നതോടെ മത്സര നടത്തിപ്പ് കൂടുതല്‍ എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ പരീക്ഷണാടിസ്ഥാത്തില്‍ മാത്രമാകും നീല കാര്‍ഡ് ഉപയോഗിക്കുക. വരുന്ന സമ്മര്‍ സീസണില്‍ പരീക്ഷണം ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് ഇഫാബ് സൂചന നല്‍കി. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ നീല കാര്‍ഡ് ഉടനെത്തില്ല. എഫ്എ കപ്പില്‍ നീലകാര്‍ഡ് പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്. പരീക്ഷണം വിജയകരമാണെങ്കില്‍ ഭാവിയില്‍ പ്രധാന ലീഗുകളിലും നീല കാര്‍ഡ് നടപ്പിലാക്കും.

Latest Videos
Follow Us:
Download App:
  • android
  • ios