ചാമ്പ്യന്‍സ് ലീഗ്: പിഎസ്‌ജിക്ക് കനത്ത തിരിച്ചടി, സൂപ്പര്‍താരം പരിക്കേറ്റ് പുറത്ത്; സീസണ്‍ മുഴുവന്‍ നഷ്ടമാവും
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മാസം 20ന് നടന്ന ലിലിക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മുൻപ് കാലിൽ പലതവണ പരിക്കേറ്റ ഭാഗത്തുതന്നെയാണ് ഇത്തവണയും നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആദ്യകിരീടം ലക്ഷ്യമിടുന്ന പി എസ് ജിക്ക് കനത്ത തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ സൂപ്പർതാരം നെയ്മർ ജൂനിയറിന് സീസണിലെ ശേഷിച്ച മത്സരങ്ങളിൽ കളിക്കാനാവില്ല. കാലിന് പരിക്കേറ്റ നെയ്മർ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാവും. ദോഹയിലാകും നെയ്മര്‍ ശസ്ത്രക്രിയക്ക് വിധേയനാകുകയെന്ന് പി എസ് ജി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തുടർന്ന് താരത്തിന് നാല് മാസത്തോളം വിശ്രമം വേണ്ടിവരുമെന്ന് പി എസ് ജി അറിയിച്ചു.
ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ മാസം 20ന് നടന്ന ലിലിക്കെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മുൻപ് കാലിൽ പലതവണ പരിക്കേറ്റ ഭാഗത്തുതന്നെയാണ് ഇത്തവണയും നെയ്മറിന് പരിക്കേറ്റിരിക്കുന്നത്. സീസണില്‍ പി എസ് ജിക്കായി 13 ഗോളടിച്ച നെയ്മര്‍ 11 അസിസ്റ്റും നല്‍കി. കഴിഞ്ഞ മാസം ലിലിക്കെതിരായ മത്സരത്തില്‍ പരിക്കേറ്റശേഷം നെയ്മര്‍ പിന്നീടുള്ള മത്സരങ്ങളില്‍ പി എസ് ജിക്കായി കളിച്ചിരുന്നില്ല.
ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള പി എസ് ജിക്ക് രണ്ടാം സ്ഥാനത്തുള്ള ഒളിംപികെ ഡി മാഴ്സെയെക്കാള്‍ എട്ട് പോയന്‍റ് ലീഡുണ്ട്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ നാളെ ബയേൺ മ്യൂണിക്കിനെതിരെയാണ് പി എസ് ജിയുടെ അടുത്ത മത്സരം. ആദ്യപാദ പ്രീക്വാർട്ടറിൽ സ്വന്തം മൈതാനത്ത് പി എസ് ജി ഒറ്റഗോളിന് തോറ്റിരുന്നു. രണ്ടാം പാദത്തില്‍ ബയേണിന്‍റെ മൈതാനത്ത് രണ്ട് ഗോള്‍ വ്യത്യാസത്തിസ്‍ ജയം നേടിയാലെ പി എസ് ജിക്ക് ക്വാര്‍ട്ടറിലെത്താനാവു.
2027വരെ പി എസ് ജിയുമായി കരാറുള്ള നെയ്മറെ വില്‍ക്കാന്‍ ക്ലബ്ബ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പി എസ് ജിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തേ ക്ലബ് വിടുകയുള്ളൂവെന്ന തീരുമാനത്തിലാണ് നെയ്മറെന്ന് അടുത്ത സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. പി എസ് ജിയിലെ സഹതാരവും അടുത്ത സുഹൃത്തുമായ ലിയോണൽ മെസി ഈ സീസണിനൊടുവിൽ പി എസ് ജി വിട്ടാലും ക്ലബിൽ തുടരാനാണ് ബ്രസീല്‍ സൂപ്പര്‍ താരത്തിന്‍റെ തീരുമാനമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.