ഐഎസ്എല്‍: റഫറീയിംഗിനെതിരെ വിമര്‍ശനവുമായി ബെംഗളൂരു എഫ് സി ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍
പാര്‍ത്ഥ് ജിന്‍ഡാലിന്‍റെ ട്വീറ്റിന് താഴെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരാണ് മറുപടികളുമായി രംഗത്തെത്തിയിരിക്കുന്നത്. പൊട്ടനെ ചട്ടി ചതിച്ചാൽ ചട്ടിയെ ദൈവം ചതിക്കും എന്നൊക്കയാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.
പനജി: ഐ എസ് എല്ലിലെ റഫറിമാർക്കെതിരെ വിമർശനവുമായി ബെംഗളൂരു എഫ് സി ഉടമ പാർഥ് ജിൻഡാൽ. പ്രധാന മത്സരങ്ങളിൽ റഫറിമാരുടെ തീരുമാനം കളിയെ പ്രതികൂലമായി ബാധിച്ചെന്നും ഐ എസ് എല്ലിൽ വാർ സംവിധാനം നിർബന്ധമായും നടപ്പാക്കണമെന്നും പാർഥ് ജിൻഡാൽ ആവശ്യപ്പെട്ടു.
ഫൈനലിൽ റഫറിയുടെ ചിലതീരുമാനങ്ങൾ ഞെട്ടിക്കുന്നതായിരുന്നുവെന്നും ബെംഗളൂരു ടീം ഉടമ പറഞ്ഞു. ഫൈനലില്‍ എ ടി കെക്ക് അനുകൂലമായി റഫറി വിധിച്ച രണ്ടാമത്തെ പെനല്‍റ്റിക്കെതിരെ ആണ് പാര്‍ത്ഥ് ജിന്‍ഡാലിന്‍റെ വിമര്‍ശനം. നംഗ്യാല്‍ ഭൂട്ടിയയെ ബോക്സില്‍ പാബ്ലോ പെരസ് വീഴ്ത്തിയതിനായിരുന്നു റഫറി എടികെക്ക് അനുകൂലമായി പെനല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത പെട്രറ്റോസ് അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഇതോടെ സമനില പിടിച്ച എ ടി കെ പിന്നീടെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരായി.
പാര്‍ത്ഥ് ജിന്‍ഡാലിന്‍റെ ട്വീറ്റിന് താഴെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരാണ് മറുപടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഐ എസ് എല്‍ പ്ലേ ഓഫിൽ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാടൈമിന്‍റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു.
കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തർക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോയത്.
അതിനുശേഷം സെമി ഫൈനല്‍ മത്സരത്തിനായി മുംബൈയിലെത്തിയ ബെംഗളൂരു ടീമിനെതിരെയും നായകന്‍ സുനില്‍ ഛേത്രിക്കു നേരെയും മുംബൈയിലെ ആരാധകര്‍ മുദ്രാവാക്യം വിളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തതിന് പിന്നാലെ ആരാധകരുടെ മോശം പെരുമാറ്റത്തിനിതിരെ പാര്‍ത്ഥ് ജിന്‍ഡാല്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.